തിരുവനന്തപുരം > ചെന്നൈ അപ്പോളോ ആശുപത്രിയിലെ അവസാന നിമിഷങ്ങളിലും ലെനിൻ രാജേന്ദ്രന്റെ സംസാരത്തിൽ നിറഞ്ഞുനിന്നത് സിനിമ മാത്രം. പുതിയ സിനിമ, കാണാൻ ആഗ്രഹിച്ച ചലച്ചിത്രങ്ങൾ, ചലച്ചിത്ര വികസന കോർപറേഷന്റെ സ്വപ്നപദ്ധതികൾ..വേദനയുടെ ഇടവേളയിൽ ലെനിൻ പങ്കുവച്ചു. സംസാരിക്കരുതെന്ന ഡോക്ടർമാരുടെ വിലക്കുകൾ സിനിമയോടുള്ള അഗാധസ്നേഹത്തിനുമുന്നിൽ ലെനിൻ മറന്നു.
‘‘കരൾ മാറ്റിവയ്ക്കാനായി ഓപ്പറേഷൻ തിയറ്ററിലേക്ക് കയറ്റുമ്പോഴും സിനിമയെക്കുറിച്ചായിരുന്നു സാർ സംസാരിച്ചിരുന്നത്.
സർജറി കഴിഞ്ഞ് മടങ്ങിയെത്തി ചെയ്യേണ്ട കാര്യങ്ങൾ ഒന്നൊന്നായി പറഞ്ഞു. സിനിമയായിരുന്നു സാറിനെല്ലാം’’ ലെനിൻ രാജേന്ദ്രന്റെ അവസാന നിമിഷങ്ങളിൽ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന നയന സൂര്യൻ പറഞ്ഞു. ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴും കാണാൻ കഴിയാതെ പോയ കുറെ നല്ല ചിത്രങ്ങളുടെ പട്ടിക അദ്ദേഹം നിരത്തി. സിനിമ കാണണമെന്നും പാട്ട് കേൾക്കണമെന്നും പറഞ്ഞു. ശ്രീവത്സൻ ജെ മേനോന്റേതുൾപ്പെടെ നിരവധി ക്ലാസിക്കൽ പാട്ടുകൾ അദ്ദേഹത്തെ കേൾപ്പിച്ചു. മിസ്സായ സിനിമകളെല്ലാം ശേഖരിക്കാമെന്നും അസുഖം മാറിയശേഷം എല്ലാം കാണിക്കാമെന്നും ഉറപ്പ് നൽകി.
കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹം നന്നായി സംസാരിച്ചതും ഭക്ഷണം കഴിച്ചതും. ഭക്ഷണം കഴിച്ചശേഷം ഛർദിച്ചിരുന്നു. പിന്നീടാണ് അണുബാധയുണ്ടാകുന്നത്. പിന്നീട് ട്യൂബ് വഴിയായിരുന്നു ഭക്ഷണം. ഒപ്പം പനിയും വന്നത് ആരോഗ്യനില വഷളാക്കി. തീരെ വയ്യാതായി കിടക്കുമ്പോഴും മനസ്സിൽ ചെയ്തുതീർക്കാനുള്ള നൂറുനൂറുകാര്യങ്ങളാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. ഓപ്പറേഷൻ തിയറ്ററിലേക്ക് കയറ്റുന്നതിന് തൊട്ടുമുമ്പ് ഫോണിൽ വിളിച്ചപ്പോൾ അര മണിക്കൂറോളം സംസാരിച്ചത് തിരിച്ചുവന്നിട്ട് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചായിരുന്നുവെന്ന് ചലച്ചിത്രനിരൂപകൻ വി കെ ജോസഫ് പറഞ്ഞു. സിനിമയെ മാറ്റിനിർത്തി മറ്റൊരു ജീവിതം അദ്ദേഹത്തിന് സങ്കൽപ്പിക്കാനാകുമായിരുന്നില്ല. ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരുന്ന വിവിധ പദ്ധതികളുടെ പൂർത്തീകരണമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.