15 December Sunday

കേന്ദ്രബജറ്റ‌ിനെതിരെ ആഗ‌സ‌്ത‌് 6ന‌് എൽഡിഎഫ‌് മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019


സ്വന്തം ലേഖകൻ
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധവും കേരള വിരുദ്ധവുമായ നിലപാടുകൾക്കെതിരെ ആഗസ്ത‌് ആറിന് രാജ് ഭവനിലേക്കും  ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും ബഹുജനമാർച്ച് നടത്താൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. കേന്ദ്ര അവഗണനയ്ക്കെതിരായ തുടർച്ചയായുള്ള സമരപരിപാടികളിൽ ആദ്യത്തേത് എന്ന നിലയ്ക്കായിരിക്കും  മാർച്ചെന്ന‌്  കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതിയ കേന്ദ്ര ബജറ്റ് കേരളത്തിന്റെ പൊതുവായുള്ള മുന്നേറ്റത്തിനും പൊതുതാൽപ്പര്യത്തിനും ഒട്ടും സഹായകരമല്ല.  സംസ്ഥാനത്തിന്റെ  വികസനമുന്നേറ്റത്തെ പിറകോട്ടടിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്. പൊതുമേഖലാസ്ഥാപനങ്ങളും വിമാനത്താവളങ്ങളുമുൾപ്പെടെ സ്വകാര്യവൽക്കരിക്കുകയാണ്.  പെട്രോളിയം വിലവർധനയും ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. കാർഷിക, ഗ്രാമീണ മേഖലകൾക്കുള്ള പരിഗണന കുറഞ്ഞു. തൊഴിലുറപ്പ്, ഐസിഡിഎസ് പദ്ധതികൾക്കുള്ള നീക്കിയിരിപ്പ് കുറഞ്ഞു. കേന്ദ്ര നികുതിവരവിന് ആനുപാതികമായ വിഹിതം സംസ്ഥാനങ്ങൾക്ക് നീക്കിവയ്ക്കുന്നില്ല.  ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലെ കേരള മുന്നേറ്റത്തെയും ദുർബലപ്പെടുത്തുന്ന നിർദേശങ്ങളാണ് ബജറ്റിലേത്.

കേരളത്തെ പരിപൂർണമായി ദുർബലപ്പെടുത്തുന്ന സമീപനമായിട്ടും നിർഭാഗ്യവശാൽ ഇവിടത്തെ കോൺഗ്രസ് പാർട്ടി മോഡിയുടെ വിശ്വസ്ത അനുയായികളായാണ് പ്രവർത്തിക്കുന്നത്. അവരുടെ പ്രതിഷേധമെല്ലാം കേരളസർക്കാരിനെതിരെയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗവും പ്രഭാഷണവുമായാണ് അവർ നടക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ ശരിയായ നിലപാട് സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. തിരുത്താൻ എസ്എഫ്ഐയും തയ്യാറായിട്ടുണ്ട്. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പലതും അസത്യങ്ങളോ അർധസത്യങ്ങളോ ആണ്. സത്യമായ കാര്യങ്ങളിലേ സർക്കാരിന് നടപടിയെടുക്കാനാകൂ. നെടുങ്കണ്ടം കസ്റ്റഡിക്കൊലക്കേസിൽ ഇടതുമുന്നണിയുടെ നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. എൽഡിഎഫ‌് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top