21 February Friday

കണ്ണിയിൽ കുരുങ്ങി യുഡിഎഫ്‌; കോൺഗ്രസ്‌, ലീഗ്‌ അണികൾ കൂട്ടത്തോടെ ശൃംഖലയിൽ പങ്കെടുത്തു

പ്രത്യേക ലേഖകൻUpdated: Wednesday Jan 29, 2020

തിരുവനന്തപുരം > പൗരത്വ ഭേദഗതി നിയമത്തിനെതിരായ മനുഷ്യ മഹാശൃംഖലയിൽ കോൺഗ്രസിലെയും മുസ്ലിംലീഗിലെയും അണികൾ കൂട്ടത്തോടെ പങ്കെടുത്തതോടെ യുഡിഎഫ്‌ കടുത്ത അങ്കലാപ്പിൽ. പുനഃസംഘടനാ വിവാദത്തിൽ കുരുക്കിലുള്ള കോൺഗ്രസിൽ ചേരിതിരിഞ്ഞുള്ള വാഗ്വാദവും മുറുകി. ശൃംഖലയിൽ കണ്ണിയായ മണ്ഡലം വൈസ്‌ പ്രസിഡന്റിനെ പുറത്താക്കിയത്‌ മുസ്ലിംലീഗിലും ആശയക്കുഴപ്പം രൂക്ഷമാക്കി. കോൺഗ്രസുകാരാരും മനുഷ്യശൃംഖലയിൽ പങ്കെടുത്തില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുമ്പോഴും പ്രാദേശിക തലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ മറിച്ചാണ്‌.

കോൺഗ്രസ്‌, ലീഗ്‌ അനുഭാവികളും സർവീസ്‌ സംഘടനകളിൽപ്പെട്ടതുമായ നൂറുകണക്കിന്‌ പേർ ശൃംഖലയിൽ കണ്ണിചേർന്നു. വടക്കൻ ജില്ലകളിൽ യുഡിഎഫ്‌ അണികൾ കൂട്ടത്തോടെ ഒഴുകിയെത്തി. മനുഷ്യ മഹാശൃംഖലയിൽ യുഡിഎഫ്‌ പ്രവർത്തകർ പങ്കെടുത്തത്‌ വലിയ വിവാദമാക്കേണ്ടതില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്‌ തള്ളി ലീഗ്‌ സംസ്ഥാന സെക്രട്ടറി കെപിഎ മജീദും നിയമസഭാ കക്ഷി നേതാവ്‌ എം കെ മുനീറും രംഗത്തുവന്നു. രാഷ്‌ട്രീയവ്യത്യാസം മറന്ന്‌ ഒറ്റക്കെട്ടായ പ്രക്ഷോഭം വേണമെന്ന വാദഗതി മുസ്ലിംലീഗിനെ അസ്വസ്ഥമാക്കിയിരുന്നു. ഇത്‌ ഒരു പടികൂടി മൂർച്ഛിച്ചിരിക്കുകയാണ്‌ ഇപ്പോൾ.
മനുഷ്യശൃംഖലയിൽ പങ്കെടുത്ത ലീഗുകാർക്കെതിരെ നടപടി ഉണ്ടാകില്ലെന്നാണ്‌ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്‌. ഇത്‌ തള്ളിയാണ്‌ ബേപ്പൂർ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ കെ എം ബഷീറിനെതിരെ നടപടി എടുക്കാൻ കെപിഎ മജീദ്‌ നിർദേശിച്ചത്‌.

ആകെ ആശയക്കുഴപ്പത്തിൽപ്പെട്ടിരിക്കുന്നത്‌ കോൺഗ്രസ്‌ നേതൃത്വമാണ്‌. മനുഷ്യശൃംഖലയിൽ ആരും പങ്കെടുത്തില്ലെന്ന്‌ പറയുമ്പോഴും കൃത്യമായ വിശദീകരണം നൽകാൻ കഴിയുന്നില്ല. പൗരത്വ വിഷയത്തിൽ എൽഡിഎഫ്‌–-യുഡിഎഫ്‌ എന്ന വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി പൊരുതണമെന്നാണ്‌ എ കെ ആന്റണി നിർദേശിച്ചത്‌. കോൺഗ്രസ്‌ പ്രക്ഷോഭം ദുർബലമായതും എൽഡിഎഫ്‌ പ്രതിഷേധത്തിലേക്ക്‌ അണികൾ പങ്കെടുക്കുന്നതും കണക്കിലെടുത്താണ്‌ ആന്റണിയുടെ മുന്നറിയിപ്പ്‌.
മനുഷ്യശൃംഖലയിൽ കോൺഗ്രസിന്‌ വോട്ട്‌ ചെയ്‌തവർ പങ്കെടുത്തെന്ന്‌ പരസ്യമായി പറഞ്ഞത്‌ കെ മുരളീധരൻ മാത്രമാണ്‌. എന്നാൽ, പുനഃസംഘടനയെ കുറിച്ച്‌ നടത്തിയ അഭിപ്രായ പ്രകടനത്തിൽ മുരളിക്കെതിരെ രൂക്ഷവിമർശനമാണ്‌ കെപിസിസിയിൽ ഉയർന്നത്‌. പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന്‌ മുരളീധരൻ ആവർത്തിച്ചു. ജനവികാരം മനസ്സിലാക്കി പുനർചിന്തനം നടത്തണമെന്ന നിലപാടിലാണ്‌ എ കെ ആന്റണി. ഇതെല്ലാം പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുകയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top