21 February Friday

ആവേശമായി തരിഗാമി; മനുഷ്യ കോട്ടകെട്ടി മലപ്പുറം

ജോബിൻസ്‌ ഐസക്‌Updated: Sunday Jan 26, 2020

മലപ്പുറം > വെള്ളക്കാരന്റെ വിഭജന തന്ത്രങ്ങളെയും നിറതോക്കുകളെയും കൂസാത്ത മലപ്പുറത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ സമരപൈതൃകം  അതേ ബ്രിട്ടീഷുകാരന്റെ പാദസേവകർക്കും കീഴടങ്ങില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചു. കോഴിക്കോട്‌–- പാലക്കാട്‌ ദേശീയപാതയിൽ ഐക്കരപ്പടി മുതൽ പട്ടാമ്പി റോഡിൽ പുലാമന്തോൾ വരെ 67 കിലോ മീറ്റർ അഞ്ചുലക്ഷത്തോളം മനുഷ്യർ ഭിന്നിപ്പിന്റെ ശക്തികൾക്കെതിരെ ചേർന്നു നിന്നു. അവരുടെ പത്തുലക്ഷം കൈകകൾ കൊരുത്ത കോട്ടയിൽ അതിജീവനത്തിന്റെ, ഐക്യത്തിന്റെ പുതിയ സമരഗാഥ. മതത്തിന്റെ പേരിൽ പൗരത്വം നിഷേധിച്ച്‌ ആട്ടിയോടിക്കാൻ ശ്രമിക്കുന്നവരോട്‌ അവർ വിളിച്ചു പറഞ്ഞു. ‘ഭയപ്പെടില്ല, നാടുവിടില്ല’. ഇന്ത്യയെയും അതിന്റ ജീവനായ ഭരണഘടനയെയെയും ഒരുമിച്ചുനിന്ന്‌ കാക്കുമെന്നും അവർ പ്രഖ്യാപിച്ചു.

മലബാർ സമരനായകൻ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി രക്തസാക്ഷിയായ കോട്ടക്കുന്നിന് അഭിമുഖമായി പുതുതലമുറ കൈകോർത്ത്‌  പ്രതിജ്ഞ പുതുക്കി. ഒരേ ഹൃദയതാളത്തോടെ. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ചൊല്ലിക്കൊടുക്കുമ്പോൾ സാക്ഷിയായി കാശ്‌മീരിന്റെ ജനകീയ സമരനായകനും പേരാളിയുമായ മുഹമ്മദ് യൂസുഫ്‌  തരിഗാമി. അരികെ  മന്ത്രി ഡോ കെ ടി ജലീലും.  ‘മനുസ്‌മൃതികൊണ്ട്‌ ഭരണഘടനയേയും ചാതുർവർണ്യം കൊണ്ട്‌ ജനാധിപത്യക്രമത്തേയും മതാധിഷ്‌ഠിത ഭരണം കൊണ്ട്‌ മതനിരപേക്ഷതയേയും പകരംവയ്‌ക്കാനുള്ള കുടിലനീക്കങ്ങളെ ജീവൻ നൽകിയും ചെറുക്കുമെന്ന പ്രഖ്യാപനം ഗർജനമായി അവസാനിക്കുമ്പോൾ കാണാനെത്തിയവരും ഏറ്റുവിളിക്കയായിരുന്നു. വാഹനങ്ങൾ നിർത്തിയിട്ട്‌ ആദരം.  വിചാരിച്ചതിലും ആളുകൾ ഒഴുകിയെത്തിയതോടെ രണ്ടും മൂന്നുവരിയായി മനുഷ്യമഹാശൃംഖല.

സിവിൽ സ്‌റ്റേഷൻ പരിസരത്ത ചേർന്ന പൊതുയോഗം മുഹമ്മദ്‌ യുസഫ്‌ തരിഗാമി ഉദ്‌ഘാടനം ചെയ്‌തു.   ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ പ്രാഫ. എ പി അബ്ദുൽ വഹാബ്‌ പ്രസംഗം പരിഭാഷപ്പെടുത്തി. മന്ത്രി ഡോ കെ ടി ജലീൽ അധ്യക്ഷനായി.  പി കെ ശ്രീമതി, ആലങ്കോട് ലീലാകൃഷ്‌ണൻ, ഫാ സെബാസ്‌റ്റ്യൻ ചെമ്പുകണ്ടത്തിൽ, ഡോ. അബ്ദുൾ മജീദ്‌ സ്വലാഹി, സുജാത വർമ്മ, എൽഡിഎഫ്‌ ജില്ല കൺവീനർ പി പി സുനീർ, സിപിഐ എം ജില്ല സെക്രട്ടറി ഇ എൻ മോഹൻദാസ്‌ തുടങ്ങിയവർ സംസാരിച്ചു.

ഐക്കരപ്പടിയിൽ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി ആദ്യ കണ്ണിയും പി പി വാസുദേവൻ പുലാമന്തോളിൽ ജില്ലയിലെ അവസാന കണ്ണിയുമായി.  വി അബ്ദു റഹ്‌മാൻ എംഎൽഎ, പി പി സുനീർ, ഇ എൻ മോഹൻദാസ്‌, പികെ കൃഷ്‌ണദാസ്‌, ബാബു കാർത്തികേയൻ, അഡ്വ. സഫറുള്ള, ടി എൻ ശിവശങ്കരൻ, കവറൊടി മുഹമ്മദ്‌,  മുസ്‌തഫ, ഡോ . അബ്ദുൾ മജീദ്‌ സ്വലാഹി, ഇ പി അഷ്‌റഫ്‌ ബാഖവി, മരുത അബ്ദുൽ അസീസ്‌ മൗലവി, ഫാ. കെ എസ്‌ ജോസഫ്‌, സെന്റ്‌ തോമസ്‌ ചർച്ച്‌ വികാരി ഫാ. സെബാസ്‌റ്റ്യൻ ചെമ്പുകണ്ടത്തിൽ, ഫാ ലിന്റോ, നിലമ്പൂർ ആയിഷ, എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്‌ണൻ, മണമ്പൂർ രാജൻബാബു, ഗിരിജ പാതേക്കര, സിഡ്‌കോ ചെയർമാൻ നിയാസ്‌ പുളിക്കലകത്ത്‌ തുടങ്ങിയവരും കണ്ണിയായി.


പ്രധാന വാർത്തകൾ
 Top