തിരുവനന്തപുരം
സംസ്ഥാനത്തിന്റെ അഭിമാനപദ്ധതികളെ തകർക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സമരകേരളം തെരുവിലിറങ്ങി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിന്റെ വികസനപദ്ധതികളെ തകർക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ പ്രതിരോധം വികസനനേട്ടങ്ങളെ ഹൃദയത്തിലേറ്റിയ ജനതയുടെ ആത്മാവിഷ്കാരമായി. സംസ്ഥാനത്തെ ഇരുപത്തയ്യായിരത്തിലധികം ബൂത്ത് കേന്ദ്രത്തിലായി കാൽക്കോടിയിലേറെ ജനങ്ങളാണ് ഒത്തുചേർന്നത്. കേരളത്തിന്റെ വികസനനേട്ടങ്ങളെ തുരങ്കംവയ്ക്കാൻ പരസ്പരം കൈകോർത്ത കോൺഗ്രസിനും ബിജെപിക്കുമെതിരായ നാടിന്റെ വികാരമാണ് ഓരോ കേന്ദ്രത്തിലും പ്രകടമായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രക്ഷോഭ പരിപാടി.
തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനും രാജാജി നഗറിൽ പന്ന്യൻ രവീന്ദ്രനും വെട്ടുക്കാട് എം വി ഗോവിന്ദനും പേരൂർക്കടയിൽ ആനാവൂർ നാഗപ്പനും ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് കെ എൻ ബാലഗോപാൽ, ബിനോയ് വിശ്വം എംപി, പി കെ ഗുരുദാസൻ എന്നിവർ പങ്കെടുത്തു.
എറണാകുളത്ത് പി രാജീവ് പാലാരിവട്ടത്തും സി എൻ മോഹനൻ മേനക ജങ്ഷനിലും ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ ആർ നാസർ നഗരസഭപാലസ് വാർഡിലും ടി ജെ ആഞ്ചലോസ് മുല്ലയ്ക്കൽ ജങ്ഷനിലും പങ്കെടുത്തു.
പത്തനംതിട്ടയിൽ കെ ജെ തോമസും കോട്ടയത്ത് കാനം രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി പങ്കെടുത്തു. പാലക്കാട് സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
തൃശൂരിൽ ബേബി ജോൺ സി എൻ ജയദേവൻ എന്നിവർ ഉദ്ഘാടനം ചെയ്്തു.മലപ്പുറത്ത് 2000 കേന്ദ്രങ്ങളിൽ ജനകീയ പ്രതിരോധം നടത്തി. പി കെ സൈനബ എടക്കരയിലും പി നന്ദകുമാർ നടുവട്ടത്തും ഉദ്ഘാടനംചെയ്തു. കോഴിക്കോട് എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു.
കണ്ണൂരിൽ എം വി ജയരാജൻ ഇരിട്ടിയിലും പി സന്തോഷ് കുമാർ കണ്ണൂർ തെക്കീബസാറിലും കാസിം ഇരിക്കൂർ മട്ടന്നൂരിലും ഉദ്ഘാടനംചെയ്തു. കാസർകോട്നീലേശ്വരം കരുവാച്ചേരിയിൽപി കരുണാകരൻ ഉദ്ഘാടനംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..