18 June Friday
ബിജെപി അക്കൗണ്ട്‌ പൂട്ടി; മത്സരിച്ച രണ്ട്‌ സീറ്റിലും സുരേന്ദ്രൻ തോറ്റു

തുടർക്കാറ്റ്‌ ; എൽഡിഎഫ്‌ സർക്കാർ രണ്ടാം ദൗത്യത്തിലേക്ക്‌

കെ ശ്രീകണ്‌ഠൻUpdated: Sunday May 2, 2021

എൽഡിഎഫ് വിജയം വീട്ടുമുറ്റത്ത് ആഘോഷിക്കുന്ന തിരുവനന്തപുരം 
രാജാജി നഗർ സ്വദേശിനി ചെല്ലമ്മ ഫോട്ടോ: ജി പ്രമോദ്


  • കുമ്മനവും സുരേഷ്‌ഗോപിയും ശോഭ സുരേന്ദ്രനും തോറ്റമ്പി
  • നേമത്തിറങ്ങിയ കെ മുരളീധരൻ മൂന്നാംസ്ഥാനത്ത്‌
  • കെ എം ഷാജിയും ഇബ്രാഹിം കുഞ്ഞിന്റെ മകനും തോറ്റു
  • മത്സരിച്ച മന്ത്രിമാരിൽ മേഴ്‌സിക്കുട്ടിഅമ്മ ഒഴികെ എല്ലാവരും ജയിച്ചു


തിരുവനന്തപുരം
കേരളമാകെ ആഞ്ഞുവീശിയ ചുവപ്പുതരംഗത്തിൽ, ഇതാ കേരളം വീണ്ടും രാജ്യത്തിന്‌ വഴികാട്ടുന്നു. യുഡിഎഫ്‌ കോട്ടകളെ കടപുഴക്കി എൽഡിഎഫ്‌ സർക്കാർ ചരിത്രത്തിലാദ്യമായി 140ൽ 99 സീറ്റോടെ രണ്ടാം ദൗത്യത്തിലേക്ക്‌. കഴിഞ്ഞ തവണ നേമത്ത്‌ തുറന്ന ബിജെപിയുടെ അക്കൗണ്ട്‌ പൂട്ടിക്കെട്ടിയാണ്‌ കേരളം മഹത്തായ മതനിരപേക്ഷ മാതൃക ഉയർത്തിയത്‌. 11  ജില്ലയിൽ എൽഡിഎഫ്‌ വ്യക്തമായ ആധിപത്യം നേടി.  മലപ്പുറത്ത്‌ കഴിഞ്ഞ തവണത്തെ സീറ്റുകൾ ഇത്തവണയും എൽഡിഎഫ്‌ നിലനിർത്തി.  യുഡിഎഫ്‌ 41 സീറ്റിലൊതുങ്ങി.

47 സീറ്റുണ്ടായിരുന്ന യുഡിഎഫിന്റെ ആറെണ്ണം എൽഡിഎഫ്‌ പിടിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ കെ ശൈലജ, എം എം മണി, ടി പി രാമകൃഷ്‌ണൻ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ, ഡെപ്യൂട്ടി സ്‌പീക്കർ വി ശശി, ചീഫ്‌ വിപ്പ്‌ കെ രാജൻ, അടുത്തിടെ രാജിവച്ച കെ ടി ജലീൽ എന്നിവർ വീണ്ടും വിജയിച്ചു. മന്ത്രിമാരിൽ ജെ മേഴ്‌സിക്കുട്ടി അമ്മ മാത്രമാണ്‌ പരാജയപ്പെട്ടത്‌.

മഞ്ചേശ്വരത്തും കോന്നിയിലും ഇരട്ടമത്സരത്തിനിറങ്ങിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ രണ്ടിടത്തും തോറ്റു. നേമത്ത്‌ ഒ രാജഗോപാലിന്‌ പകരം സ്ഥാനാർഥിയായ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, പി കെ കൃഷ്‌ണദാസ്‌, എം ടി രമേശ്‌, സുരേഷ്‌ ഗോപി എംപി, ഇ ശ്രീധരൻ തുടങ്ങിയവരും തോറ്റു.

നേമം പിടിക്കാനിറങ്ങിയ വടകര എംപി കെ മുരളീധരൻ മൂന്നാം സ്ഥാനത്തായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ  എൽഡിഎഫ്‌ വലിയ മുന്നേറ്റം കാഴ്‌ചവച്ചു. കോട്ടയം ജില്ലയിൽ കഴിഞ്ഞ തവണത്തെക്കാൾ നിലമെച്ചപ്പെടുത്തി.  എറണാകുളം, മലപ്പുറം, വയനാട്‌ ജില്ലകളിൽ മാത്രമാണ്‌ യുഡിഎഫ്‌ അൽപ്പമെങ്കിലും പിടിച്ചുനിന്നത്‌.

തലസ്ഥാന ജില്ലയിലെ 14 സീറ്റിൽ 13ഉം എൽഡിഎഫിനാണ്‌.  കോൺഗ്രസ്‌ ഒരു സീറ്റിൽ ഒതുങ്ങി.  മുസ്ലിംലീഗിലെ കെ എം ഷാജി വിജയിച്ച അഴീക്കോടും വി കെ ഇബ്രാഹിംകുഞ്ഞ്‌ ജയിച്ച കളമശ്ശേരിയും എൽഡിഎഫ്‌ പിടിച്ചെടുത്തു. സിപിഐ എമ്മിലെ പി രാജീവ്‌ ആണ്‌ കളമശ്ശേരിയിൽ വിജയിച്ചത്‌.  ബിജെപിക്ക്‌ പുറമെ ആർഎസ്‌പി, സിഎംപി തുടങ്ങിയ കക്ഷികളും ഒരു സീറ്റിലും  ജയിക്കാതെ സംപൂജ്യരായി.

ബിജെപിയുടെ അക്കൗണ്ട്‌ പൂട്ടി
ഒളിഞ്ഞും തെളിഞ്ഞും വർഗീയത കുത്തിയിളക്കി മതനിരപേക്ഷ മനസ്‌ തകർക്കാൻ ശ്രമിച്ചവരുടെ അക്കൗണ്ട്‌   കേരളം പൂട്ടി. അർഹമായ കേന്ദ്രസഹായങ്ങൾ പോലും മുടക്കി സംസ്ഥാനത്തെ ശ്വാസംമുട്ടിച്ച ബിജെപിയെ സംപ്യൂജ്യരാക്കിയാണ്‌ ജനം വിധിയെഴുതിയത്‌.  2016ൽ വിജയിച്ച നേമം അവരെ കൈവിട്ടു. പാലക്കാട്ടും തൃശൂരിലും ബിജെപി അടിപതറി വീണു.  ബിജെപിഅക്കൗണ്ട്‌ പൂട്ടിക്കുമെന്ന പിണറായി വിജയന്റെ വാക്കുകൾ അക്ഷരംപ്രതി നേമം ഏറ്റെടുത്തു. തനിക്ക്‌ കിട്ടിയ വ്യക്തിപരമായ വോട്ട്‌ കുമ്മനം രാജശേഖരന്‌ കിട്ടില്ലെന്ന്‌ രാജഗോപാൽ  മുമ്പേതന്നെ പച്ചയ്‌ക്ക്‌ പറഞ്ഞിരുന്നു.

മെട്രോമാനെ ഇറക്കി പാലക്കാട്ട്‌ നിഷ്‌പക്ഷ വോട്ട്‌ തട്ടാമെന്ന മോഹവും വെറുതെയായി. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച്‌  പ്രത്യേക ഹെലികോപ്‌റ്റർ ഏർപ്പാടാക്കി കറങ്ങിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ കോന്നിയിൽ മൂന്നാം സ്ഥാനത്തായി. ശബരിമലയുൾപ്പെടുന്ന പത്തനംതിട്ട എൽഡിഎഫ്‌ തൂത്തുവാരി. മഞ്ചേശ്വരത്തും ബിജെപി നിലംതൊട്ടില്ല. തൃശൂരിൽ താരപ്രഭാവമൊന്നും ഫലിക്കാതെ സുരേഷ്‌ ഗോപി വീണു. കഴക്കൂട്ടത്ത്‌ സീറ്റ്‌ പിടിച്ചുവാങ്ങിയെത്തിയ ശോഭ സുരേന്ദ്രൻ കടകംപള്ളിക്കു മുന്നിൽ അടിയറവ്‌ പറഞ്ഞു. തൃപ്പൂണിത്തുറയിലും പാലായിലുമടക്കം പല മണ്ഡലത്തിലും ബിജെപിക്കുണ്ടായിരുന്ന വോട്ടുകൾ എവിടെ പോയെന്ന ചർച്ച വരുംദിവസങ്ങളിൽ ശക്തമാകും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top