16 February Saturday

തോട്ടങ്ങൾക്ക്‌ പുതുജീവൻ ; നികുതി ഒഴിവാക്കും; തൊഴിലാളികൾക്ക്‌ വീട്‌

സ്വന്തം ലേഖകൻUpdated: Friday Jun 22, 2018


തിരുവനന്തപുരം
നികുതി ഒഴിവാക്കിയും തൊഴിലാളികൾക്ക‌്  ലയങ്ങൾക്ക‌് പകരം വീട‌് നിർമിച്ചും തോട്ടം മേഖലയെ സംരക്ഷിക്കാൻ എൽഡിഎഫ‌് സർക്കാർ ഒമ്പതിന പരിപാടി പ്രഖ്യാപിച്ചു. നിലവിൽ  കേരളത്തിൽമാത്രമുള്ള തോട്ടം നികുതി പൂർണമായും ഒഴിവാക്കും. ഈ മേഖലയിൽനിന്ന‌് കാർഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കും. എല്ലാ ലയങ്ങളെയും കെട്ടിടനികുതിയിൽനിന്ന് ഒഴിവാക്കാൻ  തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി‌.

ലയങ്ങൾ വാസയോഗ്യമാക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിന്റെ മാർഗരേഖകൾക്കുവിധേയമായി  വീടുകൾ നിർമിക്കും. ഇതിന്റെ ചെലവ‌് 50 ശതമാനം സർക്കാരും 50 ശതമാനം തോട്ടം ഉടമകളും വഹിക്കും.

ഉടമകളിൽനിന്ന് ഏഴ് വാർഷികഗഡുക്കളായി തുക ഈടാക്കും. ഈ തുകയ‌്ക്ക‌് പലിശ ഒഴിവാക്കും. പദ്ധതിക്കാവശ്യമായ സ്ഥലം എസ്റ്റേറ്റുടമകൾ സൗജന്യമായി സർക്കാരിന് ലഭ്യമാക്കണം.  ഇതിന‌് തോട്ടം  ഉടമകളുമായി  കരാറുണ്ടാക്കും.

ഉപേക്ഷിക്കപ്പെട്ടതോ പ്രവർത്തനരഹിതമായി കിടക്കുന്നതോ ആയ തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് നടത്താൻ നിയമനിർമാണം നടത്തും.  തൊഴിലാളികളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച് സർക്കാർ ധനസഹായം നൽകി പ്രവർത്തിപ്പിക്കുകയോ തോട്ടത്തിന്റെ സ്വഭാവത്തിൽ മാറ്റംവരുത്തരുതെന്ന വ്യവസ്ഥയിൽ സ്വകാര്യ കമ്പനികൾക്ക് പ്രവർത്തനാധികാരം നൽകുകയോ ആണ‌്  നിയമനിർമാണത്തിലൂടെ ഉദ്ദേശിക്കുന്നത‌്. റവന്യൂവകുപ്പ് നിലവിൽ തയാറാക്കിയിരിക്കുന്ന ലാൻഡ‌് ലീസ് ആക്ടിന്റെ പരിധിയിൽ ഇതുംകൂടി പരിഗണിക്കും. റബർമരം മുറിക്കുമ്പോൾ സീനിയറേജായി സർക്കാരിന‌് ലഭിക്കുന്ന 2500 രൂപ വേണ്ടെന്നുവച്ചു.
ഒരു റബർമരം മുറിച്ചുവിൽക്കുമ്പോൾ ലഭിക്കുന്ന ശരാശരി തുക  5000 രൂപയാണ്. റബറിന്റെ വില വളരെ താഴ്ന്നിരിക്കുന്ന സാഹചര്യത്തിലാണ‌് സീനിയറേജ് തുക  ഒഴിവാക്കുന്നത‌്.

തോട്ടം തൊഴിലാളികൾക്ക് ഇഎസ്ഐ പദ്ധതി തൊഴിൽവകുപ്പ് പരിഗണിക്കും. തോട്ടങ്ങളുടെ പാട്ടക്കാലാവധി  പുതുക്കിനൽകാനുള്ള കാലതാമസം ഒഴിവാക്കും. ഇക്കാര്യത്തിൽ തടസ്സം നിൽക്കുന്ന ചട്ടങ്ങൾ നിയമവകുപ്പ് സെക്രട്ടറി പരിശോധിച്ച്   ശുപാർശ സമർപ്പിക്കും.

തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കും.   പ്ലാന്റേഷൻ നയം തയാറാക്കും. തൊഴിൽവകുപ്പാണ‌് നയരൂപീകരണത്തിന‌് നേതൃത്വം നൽകുക.
തോട്ടംമേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയ റിട്ട. ജസ്റ്റിസ് കൃഷ്ണൻനായർ കമീഷൻ 2016 ആഗസ്‌തിൽ റിപ്പോർട്ട‌് നൽകി.
കമീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനും നികുതി, ധനകാര്യം, വനം, റവന്യൂ, കൃഷി, തൊഴിൽ, നിയമ വകുപ്പ് സെക്രട്ടറിമാരും അംഗങ്ങളായി കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞവർഷം സെപ‌്തംബറിൽ കമ്മിറ്റി സർക്കാരിന് ശുപാർശ സമർപ്പിച്ചു. ഇത‌് പരിഗണിച്ചാണ‌്ബുധനാഴ‌്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത‌്.

നൂറ്റാണ്ടുകളുടെ മനുഷ്യാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും നാടിന്റെ താൽപ്പര്യത്തിന്റെയും ഭരണസംവിധാനങ്ങളുടെ ഇടപെടലിന്റെയും ഫലമായി രൂപംകൊണ്ട തോട്ടംമേഖലയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് പുതിയ നടപടികൾ സ്വീകരിക്കുന്നതെന്ന‌് മുഖ്യമന്ത്രി  നിയമസഭയിൽ പറഞ്ഞു.
 

വനനിയമ പരിധിയിലല്ല
സ്വന്തം ലേഖകൻ 
തിരുവനന്തപുരം
തോട്ടംമേഖല സംരക്ഷിക്കാൻ സർക്കാർ സ്വീകരിച്ച നടപടിയെ, കേരള  വനനിയമ പരിധിയിൽനിന്ന് തോട്ടങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ചെന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത‌് തെറ്റിദ്ധാരണാജനകമാണെന്ന‌് മുഖ്യമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു.

2003ലെ കേരള ഫോറസ്റ്റ് (വെസ്റ്റിങ‌് ആൻഡ‌് മാനേജ്മെന്റ‌് ഓഫ് ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡ‌്) ആക്ടിന്റെ സെക‌്ഷൻ 2 (സി) പ്രകാരം തേയില, കാപ്പി, റബർ, കുരുമുളക്, ഏലം, നാളികേരം, അടയ‌്ക്ക, കശുവണ്ടി തുടങ്ങിയ ദീർഘകാല വിളകൾ കൃഷിചെയ്യുന്ന സ്ഥലങ്ങൾ പരിസ്ഥിതിലോല പ്രദേശങ്ങൾ എന്ന നിർവചനത്തിൽനിന്ന് പുറത്താണ‌്. അതുകൊണ്ട് പുതുതായി നിയമത്തിൽ മാറ്റംവരുത്തേണ്ട ആവശ്യമില്ല.

ഈ നിയമവ്യവസ്ഥ നിലനിൽക്കെതന്നെ നിയമം ദുർവ്യാഖ്യാനംചെയ്ത് വനംവകുപ്പ് തോട്ടങ്ങൾ പിടിച്ചെടുക്കുകയോ പ്രവർത്തനം നിർത്തിവയ‌്പിക്കുകയോ ചെയ്യുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഈ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് എൻ കൃഷ്ണൻനായർ കമീഷൻ ഈ പ്രശ്നവും പരിശോധിച്ചു. തോട്ടങ്ങൾക്ക് നിയമസംരക്ഷണം ലഭിക്കാനാവശ്യമായ നടപടികൾ വേണമെന്ന ശുപാർശയും കമീഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്നാണ‌് കമീഷൻ നിർദേശം.

കമീഷനെ നിയോഗിച്ചത് 2015 നവംബർ 27ന് മുൻ സർക്കാരിന്റെ കാലത്താണ്. റിപ്പോർട്ട് സമർപ്പിച്ചത് 2016 ആഗസ‌്ത‌് 18നും.  കമീഷൻ റിപ്പോർട്ടിന്റെയും  ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല കമ്മിറ്റി തയ്യാറാക്കിയ ശുപാർശകളുടെയും അടിസ്ഥാനത്തിൽ  ബുധനാഴ‌്ച  ചേർന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങൾ മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയായിരുന്നു.  ആക്ടിന്റെ പരിധിയിൽനിന്ന് തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന വസ്തുത തീരുമാനങ്ങളോടൊപ്പം ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ പുതുതായി ഒരു തീരുമാനവും എടുത്തിട്ടില്ല.

പരിസ്ഥിതിലോല പ്രദേശം എന്ന വിഭാഗത്തിൽപെടുത്തി തോട്ടങ്ങൾ പിടിച്ചെടുക്കുന്ന വനംവകുപ്പിന്റെ നടപടി അവസാനിപ്പിക്കണമെന്ന‌് റിപ്പോർട്ടിൽ കമീഷൻ  ശുപാർശ ചെയ‌്തിരുന്നു. ഈ നിയമം കേരളത്തിൽ നടപ്പാക്കുന്നതിനുമുമ്പ് തോട്ടങ്ങൾമൂലം പരിസ്ഥിതിക്ക് ഹാനികരമായതൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട‌്. 2003ലെ ഈ ആക്ട‌്  അനുസരിച്ച് കേരളത്തിൽ തോട്ടങ്ങൾ വനംവകുപ്പ് ഏറ്റെടുക്കുന്നുവെന്നും എന്നാൽ പ്ലാന്റേഷൻ സ്റ്റഡി കമ്മിറ്റി റിപ്പോർട്ട് 2009 ‐10 പ്രകാരം പരിസ്ഥിതിലോല പ്രദേശം എന്ന വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥലങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ പ്രദേശങ്ങളിൽ ഉൾപ്പെട്ടതായി കാണിച്ച് അവിടങ്ങളിൽ ഒരു പ്ലാന്റേഷന്റെയും പ്രവർത്തനം നിർത്തിവച്ചിട്ടില്ലെന്നും  ജസ്റ്റിസ് എൻ കൃഷ്ണൻനായർ കമീഷൻ  വ്യക്തമാക്കിയിട്ടുണ്ട‌്.

അയൽ സംസ്ഥാനങ്ങളിൽ തോട്ടങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന കാര്യവും ജസ്റ്റിസ് കൃഷ്ണൻനായർ കമീഷൻ പരിശോധിച്ചിരുന്നു. ഒരിടത്തും നാണ്യവിള കൃഷിചെയ്യുന്ന തോട്ടങ്ങളെ പാരിസ്ഥിതിക ദുർബല പ്രദേശമായി കണക്കാക്കിയിട്ടില്ല. കേരളത്തിലും 2003ലെ നിയമപ്രകാരം തോട്ടങ്ങൾ ഇതിൽനിന്ന് പുറത്താണ‌്.
ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ജോലിയെടുക്കുകയും കേരളത്തിന്റെ സമ്പദ‌്‌വ്യവസ്ഥയ‌്ക്ക‌് വലിയ സംഭാവനകൾ നൽകുകയും ചെയ്യുന്ന തോട്ടംമേഖല ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ഏതാനും തോട്ടങ്ങൾ ഇതിനകം പൂട്ടി. രണ്ടായിരത്തിലേറെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.

പ്രവർത്തിക്കുന്ന തോട്ടങ്ങളിൽ തൊഴിലാളികൾക്ക് ഭാഗികമായേ തൊഴിൽ ലഭിക്കുന്നുള്ളൂ. ഈ പ്രശ്നത്തിന് പരിഹാരം കാണാനാണ് സർക്കാർ തീരുമാനങ്ങളെടുത്തത്. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങളാണ് നിരന്തര പരിശ്രമത്തിലൂടെ പരിഹരിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയുടെ  ഓഫീസ‌് അറിയിച്ചു.

പ്രധാന വാർത്തകൾ
 Top