19 January Tuesday

ഒപ്പമുണ്ട്‌ നാടൊന്നാകെ

അമൽ ഷൈജുUpdated: Wednesday Dec 2, 2020

ജില്ലാ പഞ്ചായത്ത് കോട്ടുവള്ളി ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി എം ബി സ്യമന്തഭദ്രൻ ചെറിയപ്പള്ളിയിൽ എത്തിയപ്പോൾ മുദ്രാവാക്യം വിളിയോടെ സ്വീകരിക്കുന്ന ആശിഷ്‌കൊച്ചി
"ഇങ്കുലാബ് സിന്ദാബാദ്‌'... ആറുവയസ്സുകാരൻ ആശിഷ്‌ മുദ്രാവാക്യം വിളിയോടെയാണ് ജില്ലാപഞ്ചായത്ത്‌ കോട്ടുവള്ളി ഡിവിഷൻ എൽഡിഎഫ്‌ സാരഥി എം ബി സ്യമന്തഭദ്രനെ വരവേറ്റത്. കോട്ടുവള്ളി പഞ്ചായത്തിലെ ചെറിയപ്പിള്ളി വാരമംഗലത്ത് തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർഥിക്കാൻ എത്തിയതാണ് സ്ഥാനാർഥി. കൈയിൽ അരിവാളുമായി നിന്ന ലക്ഷ്മി ചേച്ചിയും പറഞ്ഞു... എന്നും അരിവാളിനൊപ്പമാണ്.. ഇനിയും അങ്ങനെതന്നെ.

കോട്ടുവള്ളി പഞ്ചായത്തിലെ വിവിധ വാർഡുകളിലാണ്‌ ചൊവ്വാഴ്ച വോട്ടുതേടിയിറങ്ങിയത്‌. നാലാം അങ്കത്തിനായി ഇറങ്ങുമ്പോൾ കഴിഞ്ഞ മൂന്നുതവണത്തേയും പോലെതന്നെ ഇത്തവണയും കൂടെയുണ്ടാകുമെന്നാണ്‌ വോട്ടർമാരുടെ പ്രതികരണം.

ഇനിയും ഇടതിനൊപ്പം
"വോട്ടുള്ള കാലംമുതൽ ഇടതുപക്ഷത്തിനൊപ്പമാണ് മോനെ.. ഇനിയും അങ്ങനെതന്നെ'... വോട്ട്‌ തേടിയെത്തിയ ജില്ലാപഞ്ചായത്ത്‌ കടുങ്ങല്ലൂർ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. യേശുദാസ് പറപ്പിള്ളിയെ സ്നേഹത്തോടെയാണ്‌ ശാരദ കൊച്ചുകുറുമ്പൻ സ്വീകരിച്ചത്‌. സരോജിനിയും ഒപ്പംകൂടി. സർക്കാരുതരുന്ന പെൻഷനും അരിയും എല്ലാം കിട്ടുന്നുണ്ട്‌, അപ്പോപ്പിന്നേ വേറെ ആർക്ക്‌ വോട്ട് ചെയ്യാനാണെന്ന്‌ ശാരദ. ചൊവ്വാഴ്ച കടുങ്ങല്ലൂർ മൂന്നാം വാർഡ്‌ കടയപ്പിള്ളിയിലാണ്‌ പ്രചാരണം ആരംഭിച്ചത്‌. കണിയാംകുന്ന്‌, ചാമപറമ്പ്, കാഞ്ഞിരം, കപ്പൂരി, കടങ്ങല്ലൂരിന്റെ വിവിധ പ്രദേശങ്ങളിലും വോട്ടുതേടിയിറങ്ങി.

തിരിച്ചുപിടിക്കാനുറച്ച്‌
പൊതുപ്രവർത്തനരംഗത്ത്‌ ദീർഘനാളത്തെ പരിചയസമ്പത്തുമായാണ്‌ ജില്ലാപഞ്ചായത്ത്‌ നെടുമ്പാശേരി ഡിവിഷനിൽ അഡ്വ. കെ കെ നാസർ വോട്ടുതേടിയിറങ്ങിയത്‌. നെടുമ്പാശേരി പഞ്ചായത്തിലായിരുന്നു ചൊവ്വാഴ്ച പര്യടനം. ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥാനാർഥി ടി വി പ്രദീഷും പഞ്ചായത്ത് സ്ഥാനാർഥി അമ്മിണി ടീച്ചറും ഒപ്പംകൂടി. നെടുമ്പാശേരി പഞ്ചായത്തിലെ മേയ്‌ക്കാട്‌ മനയ്ക്കപ്പടിയിലെ തയ്യൽ കേന്ദ്രത്തിലെത്തി തൊഴിലാളികളുടെ വോട്ടുറപ്പിച്ചു. അമ്പതോളം തൊഴിലാളികൾ ഇവിടെയുണ്ട്. മേയ്ക്കാട്, അത്താണി പ്രദേശങ്ങളിലും വോട്ടുതേടി. വോട്ടർമാരുടെ പ്രതികരണം ആത്മവിശ്വാസം പകരുന്നതാണ്‌. ഡിവിഷൻ തിരിച്ചുപിടിക്കാനാകുമെന്നാണ്‌  പ്രതീക്ഷയെന്നും അഡ്വ. കെ കെ നാസർ പറഞ്ഞു.

"വേണ്ടത്ര പണിയില്ല, ജീവിതം വളരെ ബുദ്ധിമുട്ടിലാണ്, ജയിച്ച് വന്നാൽ ഞങ്ങളെക്കൂടി ഓർക്കുമല്ലോ..?' തൊഴിലുറപ്പ്‌ തൊഴിലാളികളുടെ ചോദ്യത്തിന്‌ "നിങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കും' എന്ന ഉറപ്പാണ്‌ മലയാറ്റൂർ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി ജാൻസി പൗലോസ്‌ നൽകിയത്‌. കാലടി പഞ്ചായത്തിലായിരുന്നു ചൊവ്വാഴ്ച പര്യടനം. 15, 16 വാർഡുകളിലെ വോട്ടർമാരെയും വിവിധപ്രദേശങ്ങളിൽ വ്യാപാരികളെയും നേരിട്ടുകണ്ടു. ആറ് പഞ്ചായത്തുകളിലായി എല്ലാ വോട്ടർമാരെയും നേരിട്ട്‌ കാണാനുള്ള ശ്രമത്തിലാണ്‌. ഡിവിഷൻ പിടിച്ചെടുക്കാനാകുമെന്നാണ്‌  പ്രതീക്ഷയെന്നും ജാൻസി പറഞ്ഞു.

നാടറിയുന്ന നാട്ടുകാരൻ
ജില്ലാപഞ്ചായത്ത്‌ ആലങ്ങാട്‌ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥിയായ കെ വി രവീന്ദ്രൻ നാലു പതിറ്റാണ്ടായി പൊതുരംഗത്തെ സജീവ സാന്നിധ്യമാണ്‌. ആലങ്ങാട്ടുകാർക്ക്‌ സുപരിചിതൻ. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പലതും പ്രാദേശികമായി എത്തിക്കാൻ കഴിയാതെയാണ്‌ യുഡിഎഫ്‌ ഭരണം പടിയിറങ്ങിയത്‌. എന്നാൽ, രവീന്ദ്രൻ വന്നാൽ നാടറിയുന്ന വികസനങ്ങളാകുമെന്ന്‌ ഉറപ്പുണ്ട്‌. എന്നും ജനങ്ങളോടൊപ്പമുണ്ടാകുമെന്ന്‌ വിശ്വാസമുണ്ടെന്നും വോട്ടർമാർ പ്രതികരിച്ചു. ചൊവ്വാഴ്ച കടുങ്ങല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ട്‌ അഭ്യർഥിച്ചെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top