17 February Sunday

കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2015

പന്തളം > നിശബ്ദ കാര്‍ട്ടൂണിസ്റ്റ് എന്നറിയപ്പെട്ടിരുന്ന കുളനട തറയില്‍ ഗാര്‍ഡന്‍സില്‍ കാര്‍ട്ടൂണിസ്റ്റ് ജോയികുളനട (ടി എം ജോയിക്കുട്ടി 66) അന്തരിച്ചു. കുളനട മെഡിക്കല്‍ ട്രസ്റ്റ്ആശുപത്രിയില്‍ തിങ്കളാഴ്ച പകല്‍ പതിനൊന്നിനായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായിരുന്ന ജോയി 10 വര്‍ഷമായി ചികിത്സയിലായിരുന്നു. സംസ്ക്കാരം കുളനട മാന്തുക മാന്തളിര്‍ സെന്റ്തോമസ് പള്ളിയില്‍ പിന്നീട്.

കേരളത്തിലും ഗള്‍ഫിലുമായി വിവിധ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന ജോയി ഗള്‍ഫ് കോര്‍ണര്‍, സയലന്‍സ് പ്ലീസ് തുടങ്ങി പ്രത്യേക കാര്‍ട്ടൂണ്‍ കോളങ്ങള്‍ ചെയ്തു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍, കേരള അനിമേഷന്‍ അക്കാദമി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോടുകുളഞ്ഞി തറയില്‍ ഉമ്മന്‍ മത്തായിയുടെയും മറിയാമ്മയുടെയും മൂത്ത മകനായ ജോയി 1950 ജനുവരി അഞ്ചിനാണ് ജനിച്ചത്. പന്തളം എന്‍എസ്എസ് സ്കൂളിലും എന്‍എസ്എസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. കാനറാ ബാങ്കിന്റെ കോതമംഗലം ശാഖയില്‍ ഉദ്യോഗസ്ഥനായി. പിന്നീട് ജോലി രാജിവെച്ച് അബുദാബിയിലേക്ക് പോയി കൊമേഴ്സ്യല്‍ ബാങ്കില്‍ ജോലിചെയ്തു. 22 വര്‍ഷത്തെ വിദേശ ജോലിക്കിടയില്‍ അവിടെയും കാര്‍ട്ടൂണുകള്‍ വരച്ചു. 1998ല്‍ മടങ്ങിവന്ന് വീണ്ടും കാര്‍ട്ടൂണ്‍ രംഗത്ത് സജീവമായി. ഇതിനിടെയാണ് രോഗം ബാധിച്ചത്.

ഭാര്യ: കൊല്ലം കുണ്ടറ കാഞ്ഞിരത്തുംമൂട്ടില്‍ കുടുംബാംഗം പരേതയായ രമണി ജോയി. മക്കള്‍: നീതീഷ്, നീതു (ഇരുവരും ദുബായ്). മരുമക്കള്‍: സഞ്ജു, ആല്‍ബിന്‍ (ഇരുവരും ദുബായ്).

വാചാലമായ വരകളുടെ നിശബ്ദ ഉപാസകന്‍
എം സുജേഷ് പന്തളം
മലയാളിയുടെയും മറുനാടന്‍ മലയാളിയുടെയും ബന്ധങ്ങളെയും അവര്‍ അനുഭവിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെയും മഷിക്കുപ്പിയില്‍ പേനമുക്കി ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ജോയി കുളനട താളുകളില്‍ വരച്ചിട്ടപ്പോള്‍ സഹൃദയലോകം വരവേറ്റു. വരകള്‍ നിശബ്ദം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയായതിനാലാണ് അദ്ദേഹത്തെ ആരാധകര്‍ ഏറെ ഇഷ്ടപ്പെട്ടത്. കേരളത്തിനപ്പുറവും ഇപ്പുറവും ഉളള ലോകത്തെ അദ്ദേഹത്തിന്റെ വരകള്‍ കൂട്ടിയോജിപ്പിച്ചത് വേറിട്ട രീതിയിലായിരുന്നു. പല കാര്‍ട്ടൂണുകളും കലാ-രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ അപചയവും കുതന്ത്രങ്ങളും നിശബ്ദം പറയാതെ പറഞ്ഞപ്പോള്‍ ജോയി കുളനട നിശബ്ദ കാര്‍ട്ടൂണിസ്റ്റെന്ന ഖ്യാതി നേടി.

പഠനകാലം മുതല്‍ തന്നെ കാര്‍ട്ടൂണില്‍ കമ്പക്കാരനായിരുന്നു. അന്നുതന്നെ ചില മാധ്യമങ്ങളില്‍ അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ ശ്രദ്ധേയമായിരുന്നു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞാണ് അദ്ദേഹം ഗൗരവമേറിയ വരകളിലേക്ക് തിരിഞ്ഞത്. കോതമംഗലത്ത് കനറാബാങ്കില്‍ ജോലി നോക്കുമ്പോഴും വരയില്‍ വ്യാപൃതനായി. ഇതിനിടെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി കെ മന്ത്രിയുമായി സൗഹൃദമുണ്ടാക്കി. അത് വരയുടെ വഴിയില്‍ ജോയിക്ക് കൂടുതല്‍ പ്രചോദനമായി. നാട്ടിലെ ജോലി രാജിവച്ച് അബുദബിയിലേക്ക് ചേക്കേറിയപ്പോഴാണ് "ഗള്‍ഫ്കോര്‍ണര്‍' എന്ന കോളത്തില്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഇടംപിടിച്ചത്. ഇത് മറുനാടന്‍ മലയാളിയുടെ പരുക്കന്‍ ജീവിതത്തെ ചിരിയില്‍ മുക്കിയെടുക്കാന്‍ പര്യാപ്തമായി.

22 വര്‍ഷത്തെ ഗള്‍ഫ് ജീവിതം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തി "സൈലന്‍സ് പ്ലീസ്' എന്ന നിശബ്ദ കാര്‍ട്ടൂണ്‍ വരച്ച് അദ്ദേഹം വായനക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ഇതിനിടെ ലളിതകലാ അക്കാദമി പുരസ്ക്കാരം, കാര്‍ട്ടൂണ്‍ അക്കാദമി പുരസ്ക്കാരം എന്നിവ ലഭിച്ചു. റോട്ടറി-വൈഎംസിഎ പുരസ്ക്കാരങ്ങളും നിരവധി ഗള്‍ഫ് സംഘടനകളുടെ പുരസ്ക്കാരങ്ങളും ലഭിച്ചു. കാര്‍ട്ടൂണ്‍ രംഗത്ത് ജ്വലിച്ചുനിന്ന സമയത്താണ് അദ്ദേഹം രോഗബാധിതനായത്. എങ്കിലും അദ്ദേഹം വരയെ കൈവിട്ടില്ല. കരളിനെയും കുടലിനെയും ബാധിച്ച അര്‍ബുദം അസ്ഥികളെയും ബാധിച്ചതോടെ അദ്ദേഹത്തിന് മനസിനൊപ്പം വരകള്‍ നില്‍ക്കാത്ത അവസ്ഥയായി. വര നിര്‍ത്താന്‍ പോകുന്നെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ വന്ന നിലയ്ക്കാത്ത പ്രതികരണം അദ്ദേഹത്തെ വീണ്ടും വരകളുടെ ലോകത്തേക്ക് പിടിച്ചടുപ്പിച്ചു. ഇതിനിടെ കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം കുളനടയില്‍ വച്ച് ആഗസ്ത്് 16ന് അദ്ദേഹത്തിന് നല്‍കി. ആ ചടങ്ങിലും ആരാധകരുടെയും ശിഷ്യന്‍മാരുടെയും സാന്നിധ്യത്തില്‍ അദ്ദേഹം ആവേശത്തോടെ വര തുടരുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, കടലാസില്‍ കോറിയിട്ട വരകളിലെ ചിരി മാത്രം അവശേഷിപ്പിച്ച് അദ്ദേഹം യാത്രയായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top