17 February Sunday

പൂമ്പാറ്റകളെ കണ്ടും പഠിച്ചും പ്രകൃതി പഠനക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Monday Oct 5, 2015
തൃക്കരിപ്പൂര്‍ > ഇലയിലുറങ്ങി പുതുലോകം സ്വപ്നം കണ്ട് പറന്നുയരുന്ന പൂമ്പാറ്റകളെ കണ്ടും പരിചയപ്പെട്ടും പച്ചോല പ്രകൃതി പഠനസഹവാസക്യാമ്പ്. പയ്യന്നൂര്‍ സീക്കും ഇടയിലക്കാട് നവോദയ ഗ്രന്ഥാലയവും ഗ്രീന്‍ കമ്മ്യൂണിറ്റി കാസര്‍കോടും ഇടയിലക്കാട് നടത്തിയ ക്യാമ്പാണ് അംഗങ്ങള്‍ക്ക് പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. അഴകാര്‍ന്ന പൂമ്പാറ്റകളുടെ ജീവിതവും പറന്നുയരലും കോളേജ് വിദ്യാര്‍ഥികളടക്കമുള്ള ക്യാമ്പംഗങ്ങള്‍ നേരിട്ട് കണ്ടുപഠിച്ചു. വലിയ പൂമ്പാറ്റയായ ഗരുഡശലഭം തൊട്ട് പൊട്ടുവെളള്ളാട്ടിയും ഇരുതലച്ചിയും അടക്കമുള്ളവയെ കുട്ടികള്‍ പരിചയപ്പെട്ടു. റാഫി പനങ്ങോട്ടൂരും ആനന്ദ് പേക്കടവുമാണ് പൂമ്പാറ്റകളെ പരിചയപ്പെടുത്തിയത്. അശോകം, ഞാവല്‍ തുടങ്ങിയ ഔഷധ ചെടികള്‍ തൊട്ട് അമ്പതിലധികം ചെടികളെയും അടുത്തറിഞ്ഞു. കെ വി കൃഷ്ണപ്രസാദ് വൈദ്യര്‍ ഔഷധചെടികളെ പരിചയപ്പെടുത്തി. ചെടികള്‍ ഗ്രന്ഥാലയത്തിനടുത്തുള്ള വീടുകളില്‍ നട്ടു. നേഴ്സറിയും തുടങ്ങി. ബോധവല്‍ക്കരണ നോട്ടീസുകള്‍ എല്ലായിടത്തും എത്തിച്ചു. വാഹനയാത്രക്കാര്‍ക്കും നോട്ടീസ് നല്‍കി.തീരദേശത്തിന്റെ പ്രത്യേകതകള്‍ പഠിച്ച് ജലയാത്ര, വലിയപറമ്പ് കടല്‍തീരത്ത് അസ്തമയം കാണല്‍, പക്ഷികളെയും പൂമ്പാറ്റകെ്യും കുറിച്ചുള്ള ഫിലിംഷോ എന്നിവയും ക്യാമ്പിനെ സജീവമാക്കി. ഇടയിലക്കാട് കാവ് പരിപാലിക്കുന്ന ചാലില്‍ മാണിക്കം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീക്ക് ഡയറക്ടര്‍ ടി പി പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. പി വി പ്രഭാകരന്‍ അധ്യക്ഷനായി. പി വേണുഗോപാലന്‍, ശശിധരന്‍ മനേക്കര, കെ വി ജിജു എന്നിവര്‍ ക്ലാസെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top