27 September Sunday

കഥ പറയും ഈ താളിയോലകള്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2015

കഴക്കൂട്ടം > ചരിത്രമൊളിപ്പിച്ച താളിയോലകളുടെ സമ്പത്തുമായി കാര്യവട്ടം താളിയോല ഗ്രന്ഥശാല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇവിടത്തെ അപൂര്‍വഗ്രന്ഥങ്ങള്‍ക്ക് പറയാന്‍ കഥകളേറെ. കാര്യവട്ടം ആസ്ഥാനമായുള്ള ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറിയാണ് താളിയോലഗ്രന്ഥങ്ങളുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഒന്നാംസ്ഥാനവും കൈയെഴുത്ത് ഗ്രന്ഥശാലകളുടെ പട്ടികയില്‍ ഏഷ്യയില്‍ രണ്ടാംസ്ഥാനവുമെന്ന പെരുമയില്‍ നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറുതുമുതലുള്ള താളിയോലക്കെട്ടുകള്‍വരെ ഇവിടെയുണ്ട്. സംസ്ഥാനത്തെ വിവിധ കൊട്ടാരങ്ങള്‍, ബ്രാഹ്മണമനകള്‍, ആയുര്‍വേദശാലകള്‍ എന്നിങ്ങനെ ആയിരക്കണക്കിന് സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച 35,000 താളിയോലക്കെട്ടുകളും ഏകദേശം 65,000 ഗ്രന്ഥങ്ങളുമാണ് ശേഖരത്തില്‍. ഇവയില്‍ 80 ശതമാനത്തിലേറെയും സംസ്കൃതഭാഷയിലാണ്. ഗ്രന്ഥ, വട്ടെഴുത്ത്, കോലെഴുത്ത്, ശാരദ, നന്ധിനാഗരി, ഗ്രന്ഥതമിഴ് എന്നീ ലിപികളിലാണ് എഴുത്ത്. ഏറെ പഴക്കമുള്ള കൈയെഴുത്തുപ്രതികള്‍ക്ക് പ്രത്യേക ക്രമീകരണമുണ്ട്. ആനക്കൊമ്പില്‍ വര്‍ണചാരുതയോടെ കൊത്തുപണികള്‍ ചെയ്ത അനന്തശയനത്തിന്റെ പുറംചട്ടയിലാണ് "ഭാഗവതം'. മഹായാന ബുദ്ധിസത്തെക്കുറിച്ച് നേപ്പാളിലെ നേവാരിഭാഷയില്‍ എഴുതിയ "ആര്യമഞ്ചുശ്രീമൂല കല്‍പ്പഗ്രന്ഥ'ത്തിന് പകിട്ടേറെ. "ചിത്രരാമായണ'മാണ് മറ്റൊരു ആകര്‍ഷണം. 318 ചിത്രങ്ങള്‍ കഥ പറയുന്ന ഗ്രന്ഥത്തിന് 98 താളുകളാണ്. 600 വര്‍ഷത്തോളം പഴക്കമുള്ള ഗ്രന്ഥത്തില്‍ രാമായണത്തിലെ ഓരോ മുഹൂര്‍ത്തങ്ങളും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. കമലമുനിയുടെ "സാമുദ്രികലക്ഷണശാസ്ത്രം' ഒന്നരയിഞ്ച് നീളമുള്ള പനയോലയുടെ ഒരുപുറത്തില്‍ 30 വരികളായാണ് ആലേഖനംചെയ്തിട്ടുള്ളത്. നൂറുവര്‍ഷം പഴക്കമുള്ള "അര്‍ഥശാസ്ത്രം', 200 വര്‍ഷംമുമ്പ് ഇന്തോനേഷ്യന്‍ കലാകാരന്‍ രാമായണകഥയിലെ വിഷ്ണുവിന്റെ അവതാരങ്ങള്‍ ചിത്രീകരിച്ച "നാരായണീയം', കശ്മീരിലെ മരത്തോലില്‍ എഴുതിയ "ബുര്‍ജ' പത്രം, 110 വര്‍ഷം പഴക്കമുള്ള കേരളവര്‍മയുടെ "മയൂരസന്ദേശ'ത്തിന്റെ ആദ്യപതിപ്പ്, ഉള്ളൂരിന്റെയും കുട്ടികൃഷ്ണമാരാരുടെയും കൈയെഴുത്തുകൃതികള്‍, ചെറുശ്ശേരിയുടെ "കൃഷ്ണഗാഥ', വള്ളത്തോളിന്റെ "സാഹിത്യമഞ്ജരി', നാട്യശാസ്ത്രത്തെക്കുറിച്ച് അഭിനവഗുപ്തന്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളടങ്ങിയ "നാട്യശാസ്ത്രം- അഭിനവഭാരതി' എന്നിങ്ങനെ നീളുന്നു അപൂര്‍വഗ്രന്ഥങ്ങളുടെ നിര. ഒരു താളിയോലയില്‍ രണ്ടു ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ശിവലിംഗാശാസനം ആരെയും അത്ഭുതപ്പെടുത്തും. എഡി-1770ല്‍ തീര്‍ത്തതെന്ന് കരുതുന്ന ചെമ്പുതകിടിലെ ഗ്രന്ഥം, ഭഗവദ്ഗീത കടലാസ് ഗ്രന്ഥം, 300 വര്‍ഷം പഴക്കമുള്ളതും പ്രകൃതിദത്ത വര്‍ണങ്ങള്‍ ചാലിച്ച ചിത്രങ്ങളാല്‍ ആലേഖനംചെയ്ത മറാത്തി ചിത്രക്കടലാസ്, പനയോലയില്‍ നിര്‍മിച്ച രുദ്രാക്ഷമാല എന്നിവയും വിലമതിക്കാനാകാത്തതാണ്. 1908ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാളാണ് ഗ്രന്ഥശാല സ്ഥാപിച്ചത്. തിരുനെല്‍വേലി സ്വദേശിയും സംസ്കൃതപണ്ഡിതനുമായ ഗണപതിശാസ്ത്രിയായിരുന്നു ആദ്യ ക്യൂറേറ്റര്‍. 1937ല്‍ മാനുസ്ക്രിപ്റ്റ് ലൈബ്രറി കേരള സര്‍വകലാശാലയുടെ ഭാഗമായി. 1982ല്‍ കാര്യവട്ടം ആസ്ഥാനമാക്കി ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ് ലൈബ്രററിയായി രൂപാന്തരപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള താളിയോലഗ്രന്ഥത്തിനുപുറമെ ഇന്തോനേഷ്യ, ബര്‍മ, മലേഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗ്രന്ഥങ്ങളും ഇവിടെയുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top