17 February Sunday

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത; മടവൂര്‍പ്പാറ തകര്‍ച്ചയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2015
കഴക്കൂട്ടം > മടവൂര്‍പ്പാറയുടെ സമഗ്രവികസനം അട്ടിമറിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സംരക്ഷണത്തിന് ചെറുവിരല്‍പോലും അനക്കുന്നില്ല. മുളപ്പാലവും തണലേകാന്‍ സ്ഥാപിച്ച കുടിലുകളും ഇവിടെ നശിക്കുന്നു. എം എ വാഹീദ് എംഎല്‍എ വാഗ്ദാന പെരുമഴ നടത്തിയെങ്കിലും ഒന്നുംനടപ്പാക്കാതെ പണം തട്ടുന്നതായി ആക്ഷേപം.850-ാംആണ്ടില്‍ നിര്‍മിച്ചതെന്നു കരുതുന്ന മടവൂര്‍പ്പാറ ഗുഹാക്ഷേത്രം ഇന്ത്യയിലെ പ്രധാന ഗുഹാക്ഷേത്രങ്ങളില്‍ ഒന്നാണ്. പൈതൃക പരിസ്ഥിതി ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച് 2009ല്‍എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ സാംസ്കാരിക മന്ത്രി എം എ ബേബിയാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എന്നാല്‍, യുഡിഎഫ് അധികാരത്തിലേറിയതോടെ അതൊക്കെ അട്ടിമറിച്ചു.എം എ വാഹീദ് എംഎല്‍എയുടെ ബിനാമികള്‍ മടവൂര്‍പ്പാറ കേന്ദ്രീകരിച്ച് അനുബന്ധപ്രദേശങ്ങള്‍ കൈയടക്കുകയും ചെയ്തതായി ശക്തമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. 2002ല്‍ പ്രതിപക്ഷനേതാവായിരിക്കെ വി എസ് അച്യുതാനന്ദന്‍ മടവൂര്‍പ്പാറ സന്ദര്‍ശിച്ചപ്പോഴാണ് കൈയേറ്റങ്ങള്‍ പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് 22 ഏക്കര്‍ വേലികെട്ടി തിരിച്ചിട്ടും അതൊക്കെ സ്വകാര്യവ്യക്തികള്‍ കൈയേറി.2010ല്‍ "വയനാട് ഉറവ്' നിര്‍മിച്ചുനല്‍കിയ മുളപ്പാലത്തിന്റെ ഉദ്ഘാടനവേളയില്‍ മടവൂര്‍പ്പാറയുടെ വികസനത്തിന് നടപടി സ്വീകരിച്ച് പത്തുലക്ഷം രൂപ മന്ത്രി എം എ ബേബി അനുവദിച്ചിരുന്നു. സഞ്ചാരികള്‍ക്ക് കുടിലുകളും കുട്ടികള്‍ക്കായി പാര്‍ക്കും നിര്‍മിച്ചു. എന്നാല്‍, പിന്നീട് ഇവയൊന്നും സംരക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുത്തില്ല.പലതവണ നാട്ടുകാര്‍ എം എ വാഹീദ് എംഎല്‍എയെ സമീപിച്ച് പരാതികള്‍ ഉന്നയിച്ചിട്ടും സ്ഥലം സന്ദര്‍ശിക്കാന്‍പോലും എംഎല്‍എ കൂട്ടാക്കിയില്ല.2012ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ "ഗ്രാമോത്സവം' സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി നടന്ന ഉദ്ഘാടനയോഗത്തില്‍ മന്ത്രി കെ സി ജോസഫ് മടവൂര്‍പ്പാറയ്ക്കായി 25 ലക്ഷം രൂപ അനുവദിച്ചതായും പ്രഖ്യാപിച്ചു. അതുപോലെ മന്ത്രി പി കെ ജയലക്ഷ്മി പുരാവസ്തു മ്യൂസിയം നിര്‍മിക്കുമെന്നും റോഡില്‍നിന്ന് പാറയിലേക്ക് എത്താന്‍ കയര്‍പാലം നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, അതെല്ലാം കടലാസിലൊതുങ്ങി.ഇപ്പോള്‍ മടവൂര്‍പ്പാറയുടെ മുന്‍ഭാഗത്തെ അടിവാരം ഇടിക്കുകയും ജൈവവേലി നിര്‍മിക്കാതെ ഗുഹാക്ഷേത്രങ്ങളും പാറകളും പുറത്തുനിന്ന് കാണാനാകാത്ത തരത്തില്‍ മതില്‍ കെട്ടിത്തിരിച്ചിരിക്കുകയാണ്. പുരാവസ്തു സംരക്ഷണനിയമം ഇവിടെ പരസ്യമായി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. വെള്ളം ലഭ്യമാക്കാനോ സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റാനുള്ള സംവിധാനമോ ഇവിടെ ഇല്ല. 25 ലക്ഷം രൂപ അനുവദിച്ച് ഒരു വികസനപ്രവര്‍ത്തനവും നടത്താതെ തുക എംഎല്‍എ തട്ടിയെടുക്കുന്നതായി ആക്ഷേപമുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top