11 August Thursday

ബാങ്കുകള്‍ ജപ്തിയുമായി മുന്നോട്ട്; കര്‍ഷകര്‍ ദുരിതത്തില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Apr 22, 2015
നെടുങ്കണ്ടം > കാര്‍ഷിക കടം പെരുകി ജനങ്ങള്‍ വലയുമ്പോഴും നടപടികളുമായി ബാങ്കുകള്‍. സംസ്ഥാനത്തെ സഹകരണ മേഖല വഴിയുള്ള കാര്‍ഷിക കടം 1850 കോടി കടന്നു. ദേശസാല്‍കൃതബാങ്കുകള്‍ വഴിവിതരണം ചെയ്തതുള്‍പ്പെടെ 3000 കോടിയിലെറെ രൂപ വരുമെന്നാണ് നിഗമനം. കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന മൊറോട്ടോറിയത്തിന്റെ കാലവധി ഫെബ്രുവരി 15 ന് അവസാനിച്ചു. കാലവധി പുതുക്കാന്‍ സര്‍ക്കാര്‍ കൂട്ടക്കാത്തതിനെ തുടര്‍ന്നാണ് ജപ്തി ഉള്‍പ്പെടെയുള്ള നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട് പോകുന്നത്. ബാങ്കുകളുടെ നടപടി ഭയന്ന് കഴിയുകയാണ് കര്‍ഷകര്‍. കാര്‍ഷിക കടത്തിന്റെ പതിന്‍മടങ്ങ് വരും കര്‍ഷകര്‍ എടുത്തിട്ടുള്ള പലിശ ഉള്‍പ്പെടെയുള്ള വായ്പകള്‍. ഉല്‍പ്പാദനക്കുറവും നാണ്യവിളകളുടെ വിലയിടിവും രാസവളം, കീടനാശിനി, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റവും ഉയര്‍ന്ന തോതിലുള്ള ജീവിത ചെലവുകളുമെല്ലാം കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലും ആത്മഹത്യയുടെ വക്കിലും എത്തിച്ചിരിക്കുന്നു. ഇടുക്കി, വയനാട് തുടങ്ങിയ മലയോര ജില്ലകളിലെ കര്‍ഷകരെ നേരത്തെ അലട്ടിയിരുന്നത് പട്ടയ പ്രശ്നമാണെങ്കില്‍ മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ച പ്രതിസന്ധിയാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. ഈ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ഇപ്പോഴും നിലനില്‍ക്കുന്ന ആശങ്കയും കേന്ദ്ര സര്‍ക്കാര്‍ മൗനവും പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഭൂമിയുടെ ക്രയവിക്രയം തന്നെ നിലച്ചു. കടം വീട്ടുന്നതിന് കഴിയുന്നില്ല. മാത്രമല്ല മക്കളുടെ വിവാഹം, വിദ്യാഭ്യാസം, ഭവനിര്‍മാണം, ചികിത്സ തുടങ്ങിയ ഏറെ പണം ആവശ്യമുള്ള കാര്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ കുടുംബങ്ങള്‍ വലയുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക കടാശ്വാസ കമീഷനെ നിയമിച്ചിരുന്നു. 10000 രൂപ മുതല്‍ രണ്ട് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ഇതുമൂലം സഹകരണ ബാങ്കുകളിലെ കാര്‍ഷിക വായ്പയുടെ കുടിശിക ഗണ്യമായി കുറയ്ക്കുന്നതിനും പുനര്‍ വായ്പ നല്‍കുന്നതിനും കഴിഞ്ഞു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാത്തതാണ് വായ്പ കുടിശിക നിരക്ക് ഉയരാന്‍ കാരണം. സഹകരണ ബാങ്കുകള്‍ വഴി കൂടുതല്‍ കാര്‍ഷിക വായ്പ ലഭ്യമാക്കേണ്ട കേന്ദ്ര ഏജന്‍സിയായ നാബാഡും അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നല്‍കിയിട്ടുള്ള കാര്‍ഷിക വായ്പയിലെറെയും സ്വര്‍ണപ്പണയത്തിന്‍ മേലാണ്. കൂടുതല്‍ സ്വര്‍ണം പണയം വയ്ക്കാന്‍ ഉള്ളവര്‍ക്കേ ഇതിന്റെ ആനുകൂല്യം പൂര്‍ണതോതില്‍ ലഭിക്കുകയുള്ളു. സാമ്പത്തിക ഭദ്രതയുള്ളവരും വ്യാപാര വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കുമാണ് സബ്സിഡിയോടുകൂടിയ വായ്പ വ്യാപകമായി എടുക്കാനാവുന്നത്. വ്യത്യസ്ത കാരണങ്ങളാല്‍ കര്‍ഷകരുടെ കടബാധ്യത പെരുകിയിട്ടുണ്ട്. ജീവിക്കാന്‍ ആവശ്യമായ വരുമാനം ലഭിക്കാതെ വന്നതോടെ പിടിച്ചുനില്‍ക്കാനാകാതെ ക്ലേശിക്കുകയാണ് കര്‍ഷക ലക്ഷങ്ങള്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top