21 February Thursday

പൂരസ്മരണയില്‍ തലയുയര്‍ത്തി ഗജരാജാക്കന്മാര്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 20, 2015
തൃശൂര്‍ > 1900നു മുമ്പുളള തിരുവമ്പാടിയുടെ മഠത്തില്‍നിന്നുവരവ്. കോലമേന്തി നില്‍ക്കുന്നത് പഴയകാല ഗുരുവായൂര്‍ പത്മനാഭന്‍. ഗുരുവായൂര്‍ കേശവനേക്കാളും മുമ്പുള്ള ഗജരാജാവാണിവന്‍. തൃശൂരിലെ ബിസിനസുകാരനും പൂരപ്രേമിയുമായ കുട്ടന്‍കുളങ്ങര മുകുന്ദന്റെ ചിത്രശേഖരത്തിലാണ് നൂറ്റാണ്ടു മുമ്പുള്ള പൂരത്തിന്റെ മധുരസ്മരണകളുമായി ഈ അപൂര്‍വ ചിത്രങ്ങളുള്ളത്. ഇതിലുള്ള ആളുകളും ആനകളും വ്യക്തമാക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടനുബന്ധിച്ചെടുത്ത പൂരം ചിത്രങ്ങളാണെന്നാണ്. ആനകളില്‍ ഭൂരിഭാഗവും 1950കള്‍ക്കു മുമ്പ് ചരിഞ്ഞവയാണ്. തൃശൂരില്‍ ഫോട്ടോ സ്റ്റുഡിയോകള്‍ ഇല്ലാതിരുന്ന അക്കാലത്ത് ഒറ്റപ്പാലത്തുണ്ടായിരുന്ന സ്റ്റുഡിയോക്കാരെടുത്ത ചിത്രമാണെന്നാണ് പഴമക്കാരില്‍നിന്ന് കിട്ടിയ വിവരമെന്നും മുകുന്ദന്‍ പറഞ്ഞു. 1900നു മുമ്പുളള തിരുവമ്പാടിയുടെ മഠത്തില്‍ നിന്നുവരവിന്റെ ചിത്രമാണ് ഏറ്റവും പഴയത്. കൃത്യമായ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. പഴയ ഗുരുവായൂര്‍ പത്മനാഭനാണ് കോലംവഹിച്ച ആന. ഈ ആനയുടെ അഴക് കേട്ടറിഞ്ഞ തിരുവിതാംകൂര്‍ മഹാരാജാവ് അക്കാലത്തെ ഗുരുവായൂര്‍ ക്ഷേത്രം അധിപനായ സാമൂതിരിയോട് പത്മനാഭനെ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് അയക്കാന്‍ താല്‍പ്പര്യപ്പെടുകയും സാമൂതിരി ആനയെ അയച്ചതായും പൂരചരിത്രത്തിലുണ്ട്. 15 ദിവസം കൊണ്ടാണ് ആനയെ പാപ്പാന്മാര്‍ നടത്തി മഹാരാജാവിന്റെ കൊട്ടാരത്തിലെത്തിച്ചത്. ആനയുടെ തലയെടുപ്പിനെ അഭിനന്ദിച്ച രാജാവ് പത്മനാഭന് വീരശൃംഖല പട്ടം സമ്മാനിച്ചു. പത്മനാഭസ്വാമി ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളിച്ച ശേഷമാണ് ആനയെ മടക്കി അയച്ചതെന്നും പറയുന്നു. ചിത്രത്തില്‍ ഗുരുവായൂര്‍ പത്മനാഭന്റെ ഇടതുഭാഗത്ത് കിരാങ്ങാട്ട് കേശവനും വലത്ത് അകവൂര്‍ ഗോവിന്ദനുമാണ്. കൊട്ടിലില്‍ ഗോപാലന്‍, അങ്കരാത്ത് മന്നാടിയാര്‍ രാമചന്ദ്രന്‍, ചിറളയം ഗോപാലന്‍, പോള്‍ ലൂയിസിന്റെ ആന തുടങ്ങിയവയും നിരയിലുണ്ട്. തിരുവമ്പാടി വിഭാഗത്തിനായി തൃശൂര്‍ സിഎംഎസ് സ്കൂളിനുള്ളില്‍ അണിനിരന്ന മറ്റൊരു ചിത്രം 1910ലേതാണെന്നാണ് കണക്കാക്കുന്നത്. ഇതില്‍ മധ്യത്തില്‍ നില്‍ക്കുന്നത് കിരാങ്ങാട്ട് കേശവനാണ്. ഇടത്ത് ദേവസ്വം പ്രസിഡന്റിന്റെ ആനയായ കൊട്ടിലില്‍ ഗോപാലനും അങ്കരാത്ത് മന്നാടിയാര്‍ രാമചന്ദ്രനുമാണ്. പനമന കുട്ടികൃഷ്ണന്‍, പാലിയം ഗംഗാധരന്‍, കൊല്ലങ്കോട് രാജാവിന്റെ അയ്യപ്പന്‍, കൂടലാറ്റുപുറം മന രാമചന്ദ്രന്‍, വിമ്പൂര്‍ ഗോവിന്ദന്‍, പാമ്പുമേയ്ക്കാട്ട്, വരിക്കാശേരി, പാറേക്കാട്ട് മനകളിലെ ആനകളും ഗജനിരയില്‍ അണിനിരന്നിരിക്കുന്നു. ആനകള്‍ക്കു മുന്നിലായി ഇരിക്കുന്നവരില്‍ മധ്യത്തില്‍ അന്നത്തെ തിരുവമ്പാടി ദേവസ്വം പ്രസിഡന്റും മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായ കൊട്ടിലില്‍ ശങ്കരമാരാരുമുണ്ട്. പ്രസിഡന്റിന്റെ തൊട്ടടുത്തായി വരിക്കാശേരി നമ്പൂതിരിപ്പാടും മൂത്തേടത്ത് ഗോവിന്ദമേനോനുമുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top