ചാത്തന്നൂര്‍ > പരവൂര്‍ നിവാസികളുടെ സ്വപ്നപദ്ധതികളിലൊന്നായ പരവൂര്‍-കൊല്ലം തീരദേശ റോഡ് തകര്‍ന്നിട്ട് നാളുകള്‍ ഏറെയായെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. പരവൂരില്‍നിന്നു കൊല്ലത്ത് എത്തുന്നതിനുള്ള വേഗവഴികളിലൊന്നായ തീരദേശ റോഡിന്റെ പലഭാഗങ്ങളും കടലെടുത്തു കുഴികളായി.
1988ലാണ് കൊല്ലം-പരവൂര്‍ തീരദേശ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. കടലിന്റെയും കായലിന്റെയും വശ്യത നുകര്‍ന്നുകൊണ്ടുള്ള യാത്ര ആരെയും ആസ്വദിപ്പിച്ചിരുന്നു. പരവൂരില്‍നിന്നു ചാത്തന്നൂര്‍ വഴി 24 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാണ് കൊല്ലത്ത് എത്തിയിരുന്നത്. തീരദേശ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ കൊല്ലത്തേക്കുള്ള ദൂരം പകുതിയായി കുറഞ്ഞു.
ആദ്യഘട്ടത്തില്‍ നിരവധി സ്വകാര്യബസുകളും കെഎസ്ആര്‍ടിസിയും ഇതുവഴി സര്‍വീസ് ആരംഭിച്ചു. വര്‍ക്കല, കാപ്പില്‍, ഇടവ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് കൊല്ലത്ത് എത്തുന്നതിന് തീരദേശ റോഡ് ഏറെ പ്രയോജനമായി.ഇതിനിടെ 1992ലെ ശക്തമായ കാലവര്‍ഷത്തില്‍ ഉണ്ടായ കടലാക്രമണത്തില്‍ റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയി. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. പിന്നീട് ഇരുചക്രവാഹനയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും മാത്രമാണ് ഈവഴി ഉപയോഗിരുന്നത്. ലക്ഷ്മിപുരം തോപ്പുമുതല്‍ പൊഴിക്കര പ്രദേശം വരെയുള്ള ഭാഗങ്ങളിലെ റോഡ് കാലക്രമേണ നശിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രാദുരിതവും ഇരട്ടിച്ചു. 2004ലെ സുനാമി തിരമാലകള്‍ വീശിയടിച്ചതിനെതുടര്‍ന്ന് തീരദേശ റോഡിന്റെ അവശേഷിച്ച ഭാഗവും കടലെടുത്തതോടെ ഇതുവഴിയുള്ള യാത്ര അവസാനിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കടല്‍ത്തീര പഠനത്തിന് തീരദേശ റോഡിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രത്യേക ഏജന്‍സിയെക്കൊണ്ട് പഠനം നടത്തി. റോഡിന്റെ സംരക്ഷണത്തിനായി കടല്‍ഭിത്തി കെട്ടിയും കടലിലേക്ക് പുലിമുട്ടുകള്‍ നിര്‍മിച്ച് തീരദേശറോഡ് നിര്‍മിക്കാന്‍ സാങ്കേതികവിദഗ്ധര്‍ അനുമതി നല്‍കി. പത്തുകോടിയിലേറെ രൂപ ചെലവഴിച്ച് അന്തര്‍ദേശീയ നിലവാരത്തിലുള്ള റോഡ് നിര്‍മിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് തീരുമാനമെടുത്തു.
കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇതുവഴി ചരക്കുനീക്കത്തിനും ഉതകുന്ന തരത്തിലാണ് റോഡ് നിര്‍മിച്ചത്. പക്ഷേ, നിര്‍മാണം പൂര്‍ത്തിയായി ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴേക്കും പൊഴിക്കര, മുക്കം പ്രദേശങ്ങളിലെ പൊഴി മുറിഞ്ഞ് റോഡ് ഭാഗികമായി നശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..