19 February Tuesday

കെ പി ജി കവിത കാലസ്പന്ദത്തിന്റെ ജ്വാലാമുഖങ്ങള്‍

കെ ജി നാരായണന്‍Updated: Saturday Jan 10, 2015

"സ്വതന്ത്രഭാരത നൂതനചരിതം സ്വന്തം ചോരയിലെഴുതുന്ന'വരുടെ സംഘശക്തിയെ തോറ്റിയുണര്‍ത്തിയ കവി കെ പി ജി നമ്പൂതിരിയുടെ 42-ാം ചരമവാര്‍ഷികമാണ് ശനിയാഴ്ച. വ്യവസ്ഥാപിത കാവ്യസങ്കല്‍പ്പങ്ങളില്‍നിന്നു വഴിമാറി, മര്‍ദിതവര്‍ഗാസന്ന വിപ്ലവത്തിനുവേണ്ടി തൂലികയ്ക്ക് മൂര്‍ച്ചകൂട്ടിയ ഈ കവിക്ക് സ്വാഭാവികമായും ഒട്ടേറെ വെല്ലുവിളികളെ നേരിടേണ്ടിവന്നു.ആത്മസുഹൃത്തായ മഹാകവി ജി ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, വള്ളത്തോള്‍ എന്നിവരുടെ ഭാവാത്മ കാവ്യപന്ഥാവിലൂടെത്തന്നെയാണ് കെ പി ജിയും തുടക്കംകുറിച്ചത്. തൃശൂരില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനത്തില്‍ ചെങ്കൊടിയെപ്പറ്റി കവിത എഴുതി വായിക്കണമെന്ന സ. പി കൃഷ്ണപിള്ളയുടെ സ്നേഹമസൃണമായ ആവശ്യം, കെ പി ജി കവിതയുടെ ഗതി മാറ്റിമറിച്ചു. അന്നേവരെ പ്രണയവും പ്രകൃതിപ്രേമവും മറ്റും വിഷയമാക്കിയ കെ പി ജി, മര്‍ദിതവിഭാഗത്തിന്റെ ദൈന്യങ്ങളിലും സമരാവേശങ്ങളിലുമാണ് തന്റെ കവിതയുടെ സ്ഥാനമെന്നു തിരിച്ചറിഞ്ഞ മുഹൂര്‍ത്തമായിരുന്നു അത്. വേദനിറഞ്ഞ തൊഴിലാളിജീവിതവും അതിന്റെ സമരാവേശങ്ങളും കവിതയില്‍ പകര്‍ന്നുകൊണ്ടിരുന്നപ്പോള്‍ വെറുമൊരു പടപ്പാട്ടുകാരന്‍ എന്ന നിലയില്‍ കെ പി ജി വിമര്‍ശിക്കപ്പെട്ടുപോന്നു. "നാണിയുടെ ചിന്ത' എന്ന അന്നത്തെ പ്രശസ്ത കവിതയെ "ചന്തപ്പാട്ടാ'യി കുട്ടികൃഷ്ണ മാരാര്‍ വിശേഷിപ്പിച്ചപ്പോള്‍, "നാണിയുടെ മറുപടി' എഴുതി കെ പി ജി തന്റെ കവിതാസരണിയെ ദൃഢതരമാക്കി.

"ഞാന്‍ വിതച്ചൊരീ മാര്‍ഗം കൈവിടില്ലൊളിചിന്നും
ഭാവിയിലൊരു പുതുനാടിനെ ദര്‍ശിപ്പു ഞാന്‍'

എന്നാണ് കെ പി ജി എഴുതിയത്. പൊതുമണ്ഡലത്തില്‍നിന്നു വ്യത്യസ്തമായ പ്രതിച്ഛായ കവി എന്ന നിലയില്‍ കുടുംബസ്വകാര്യ വൃത്തങ്ങളില്‍ കെ പി ജിക്കുള്ളത് പലര്‍ക്കും അജ്ഞാതമാണ്. കുടുംബപാരമ്പര്യത്തിലുള്ള ശ്ലോകരചനകളില്‍ അത് പ്രകടമായിട്ടുണ്ട്. നെഹ്റുവിന്റെ മരണത്തെ അധികരിച്ചുള്ള ഒരു ശ്ലോകസഞ്ചയം അദ്ദേഹത്തിന്റെ സമ്മതം നോക്കാതെ, സുഹൃത്തായ എന്‍ വി കൃഷ്ണവാര്യര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. രചനാസൗഷ്ഠവത്തിന്റെ മികവില്‍ ശ്രദ്ധേയമായ ആ ശ്ലോകങ്ങള്‍ അക്ഷരശ്ലോകക്കാര്‍ക്കിടയില്‍ നല്ല പ്രചാരം നേടി. താന്‍ ജീവിച്ച കാലത്തിന്റെ പരിമിതവൃത്തം വിട്ട് കെ പി ജി കവിതകള്‍ക്ക് നിലനില്‍പ്പുണ്ടോ എന്ന ചോദ്യം പ്രസക്തംതന്നെ. ഈ ചോദ്യമുയരുന്നത് വിദഗ്ധാസ്വാദകപക്ഷത്തുനിന്നാണ്. അതുകണക്കിലെടുത്താണ് ഡോ. എം ലീലാവതി "കവിതാ സാഹിത്യചരിത്ര'ത്തില്‍ കെ പി ജി വിദഗ്ധരുടെ കവിയല്ല, വിശപ്പില്‍ ദഗ്ധരായവരുടേതാണ്' എന്ന് ഉപസംഹരിച്ചത്.

പ്രധാന വാർത്തകൾ
 Top