കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ ഈവര്‍ഷത്തെ ഫെലോഷിപ്പ് ചിത്രകാരന്മാരായ കെ പ്രഭാകരനും പോള്‍ കല്ലാനോടിനും. 40,000 രൂപയും പ്രശസ്തിപത്രവും ശില്പവും പൊന്നാടയുമടങ്ങുന്ന ഫെലോഷിപ്പ് അക്കാദമിയുടെ വാര്‍ഷിക പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണംചെയ്യുമെന്ന് ചെയര്മാന് കെ എ ഫ്രാന്‍സിസ്, സെക്രട്ടറി വൈക്കം എം കെ ഷിബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് സ്വദേശിയായ കെ പ്രഭാകരന് തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, ബറോഡ എംഎസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനശേഷം ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്സ് ആന്‍ഡ് സ്കള്‍പ്റ്റേഴ്സ് അസോസിയേഷന്റെ ഭാഗമായി. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ നടത്തി. 1995ല്‍ കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ ഫെലോഷിപ്പും 2000ല്‍ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്കാരവും ലഭിച്ചു. ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന പരേതനായ രവീന്ദ്രന്റെ(ചിന്ത രവി) സഹോദരനാണ്. ചിത്രകാരി കബിത മുഖോപാധ്യായയാണ് ഭാര്യ.
കോഴിക്കോട് കല്ലാനോട് സ്വദേശിയായ പോള്‍ കല്ലാനോട് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷം ചിത്രകലാ അധ്യാപകനായി. വിവിധ സംസ്ഥാനങ്ങളില്‍ ചിത്രകലാ ക്യാമ്പുകളില്‍ കേരളത്തെ പ്രതിനിധീകരിച്ച സംഘത്തില്‍ അംഗമായിരുന്നു. കേരള ലളിതകലാ അക്കാദമിയിലും സാഹിത്യ അക്കാദമിയിലും രണ്ടുവട്ടം അംഗമായി. ദേശാഭിമാനി, മാതൃഭൂമി, കലാകൗമുദി വാരികകളില്‍ കാര്‍ട്ടൂണ്‍ പംക്തികള്‍ ചെയ്തു. ധാരാളം പുസ്തകങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും വരച്ചു. നാലു കവിതാസമാഹരങ്ങള്‍, ബാലസാഹിത്യകൃതികള്‍, പരിഭാഷ എന്നിയുള്‍പ്പെടെ പത്തു കൃതികള്‍ രചിച്ചു. മഹാകവി ഇടശേരി അവാര്‍ഡ്, സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ്, സംസ്ഥാന ജൂനിയര്‍ ചേംബര്‍ അവാര്‍ഡ്, ഐഎംഎ അവാര്‍ഡ് എന്നിവ നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..