21 February Thursday

ജൈവവൈവിധ്യത്തിന്റെ കലവറ തുറന്ന് സയന്‍സ് എക്സ്പ്രസ് കൊല്ലത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Nov 27, 2014

കൊല്ലം: ഏഷ്യയിലെ വലിയ ആര്‍ച്ച് ഡാമുകളില്‍ ഒന്നായ ഇടുക്കിക്ക് എത്രാം സ്ഥാനം? രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സ്ഥലം? ഉത്തര ഏഷ്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം കര്‍ണാടകത്തില്‍ എവിടെ? ഉത്തരങ്ങള്‍ക്കായി ഇന്റര്‍നെറ്റിലും പുസ്തകങ്ങളിലും പരതേണ്ട. ഇന്ത്യന്‍ റെയില്‍വേയുടെ സയന്‍സ് എക്സ്പ്രസ് സന്ദര്‍ശിച്ചാല്‍ മതി. ശീതീകരിച്ച 16 ബോഗികളില്‍ ഇന്ത്യയുടെ ഭൂപ്രകൃതിയും ജൈവവൈവിധ്യങ്ങളും സംബന്ധിച്ച ഏതു വിവരവും ത്രിമാന ചിത്രങ്ങളുടെ സഹായത്തോടെ കണ്ടറിയാം. സംശയനിവാരണത്തിന് സേവന സന്നദ്ധരായി വിക്രം സാരാഭായി കമ്യൂണിറ്റി സയന്‍സ് സെന്ററിലെ യുവ ശാസ്ത്രജ്ഞര്‍ ചുറ്റും കൂടും. പൊതുജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രാജ്യതലസ്ഥാനത്തുനിന്നു പുറപ്പെട്ട സയന്‍സ് എക്സ്പ്രസ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വിജ്ഞാനത്തിന്റെ ലോകം തുറക്കുകയാണ്. ഡല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ജൂലൈ 28നു പുറപ്പെട്ട ട്രെയിന്‍ തൃശൂരിലെ പ്രദര്‍ശനത്തിനുശേഷമാണ് വ്യാഴാഴ്ച കൊല്ലത്ത് എത്തിയത്. കൊല്ലത്ത് മൂന്നു ദിവസത്തെ പ്രദര്‍ശനത്തിനുശേഷം ട്രെയിന്‍ ഷൊര്‍ണൂരിലേക്കു പോകും. പ്രദര്‍ശനം സൗജന്യമാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങളും ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന പ്രദര്‍ശനത്തിനൊപ്പം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് ലാബും അധ്യാപകര്‍ക്കായി പരിശീലന പരിപാടിയും ഒരുക്കിയിട്ടുണ്ട്. ജൈവവൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയിലെ അപൂര്‍വങ്ങളായ സസ്യജാലങ്ങളുടെ സചിത്ര പ്രദര്‍ശനമാണ് ആദ്യത്തെ എട്ടു കോച്ചില്‍. ഹിമാലയന്‍ സാനുക്കള്‍, ഗഗോ സമതലം, പശ്ചിമഘട്ടം, ഡക്കാണ്‍ പീഠഭൂമി, തീരപ്രദേശം, മരുഭൂമികള്‍, ജൈവവൈവിധ്യങ്ങളുമായി ബന്ധപ്പെട്ട ജീവസന്ധാരണ മാര്‍ഗങ്ങള്‍, അവ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. കാലാവസ്ഥാവ്യതിയാനം, ജലസംഭരണം, ഹരിത സാങ്കേതികവിദ്യ, ഊര്‍ജസംരക്ഷണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശനമാണ് ശേഷിക്കുന്ന എട്ടു കോച്ചില്‍.

വിക്രം സാരാഭായി കമ്യൂണിറ്റി സയന്‍സ് സെന്റര്‍ കുട്ടികള്‍ക്കായി സജ്ജീകരിച്ച കിഡ്സ് സോണില്‍ സയന്‍സ്, മാത്സ് ലാബും ഒരു കോച്ചിലുണ്ട്. അധ്യാപകര്‍ക്കൊപ്പം കുറഞ്ഞത് 20 കുട്ടികളുടെ സംഘം എത്തിയാല്‍ സയന്‍സ് ലാബില്‍ പരീക്ഷണങ്ങള്‍ക്കു അനുമതി നല്‍കും. പത്തു മുതല്‍ 15വരെയുള്ള അധ്യാപകരുടെ സംഘത്തിന് ജൈവ വൈവിധ്യ ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കാം. ഇതിനായി ബന്ധപ്പെടേണ്ട ഫോണ്‍: 9428405408. പ്രദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ www.scienceexpress.com വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതിനകം ട്രെയിന്‍ 11500 കിലോമീറ്റര്‍ സഞ്ചരിച്ചു. 1.23 കോടി ആള്‍ക്കാര്‍ പ്രദര്‍ശനം കണ്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top