18 October Monday

ഡോ. കെ ബി മേനോന് വടകരയില്‍ സ്മാരകമൊരുങ്ങുന്നു

Sn cm P³ Updated: Monday Sep 29, 2014

വടകര: ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യന്മാരിലൊരാളും വടകര പാര്‍ലമെന്റ് മണ്ഡലത്തിന്റെ ആദ്യ എംപിയുമായ ഡോ. കെ ബി മേനോന് വടകരയില്‍ സ്മാരകമൊരുങ്ങുന്നു. തൃശൂരിലെ ചെറുതുരുത്തിയില്‍ ജനിച്ച കെ ബാലകൃഷ്ണ മേനോന്‍ എന്ന കെ ബി മേനോന് ന്യൂ മാഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡോ. കെ ബി മേനോന്‍ ഫൗണ്ടേഷനാണ് പ്രതിമ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.മലബാറില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയവരില്‍ പ്രമുഖനാണ് കെ ബി മേനോന്‍. കോളേജ് പഠനത്തിന് ശേഷം ഉപരിപഠനത്തിന് അമേരിക്കയില്‍ പോയി. സോഷ്യോളജിയില്‍ ഡോക്ടറേറ്റ് നേടിയ മേനോന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി. ഇവിടെവച്ച് ജയപ്രകാശ് നാരായണനുമായി പരിചയപ്പെട്ടു. സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാവാന്‍ അധ്യാപക ജോലി രാജിവെച്ച് അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക്. ബോംബെയില്‍ കപ്പലിറങ്ങിയ മേനോന്‍ ഗാന്ധിജി പങ്കെടുത്ത ഒരു സമ്മേളനത്തില്‍വച്ച് അദ്ദേഹത്തെ പരിചയപ്പെടുകയും ഭാവി ജീവിതം സ്വാതന്ത്ര്യസമരത്തിനായി സമര്‍പ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 1930കളില്‍ സോഷ്യലിസ്റ്റ് നേതാവ് അശോക് മേത്തയും മേനോനും മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നല്‍കാന്‍ മേനോന്‍ മലബാറിലെത്തി. കീഴരിയൂര്‍ ബോംബ് കേസില്‍ പ്രതിയായി. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം മലബാറിലെ ഗ്രാമങ്ങളില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 1952ല്‍ തൃത്താല മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1965ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും വ്യക്തമായ ഭൂരിപക്ഷം ഒരു കക്ഷിക്കുമില്ലാത്തതിനാല്‍ നിയമസഭ പിരിച്ചുവിട്ടു. ഡോ. കെ ബി മേനോനെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാന്‍ അണിയറയില്‍ ശ്രമം നടന്നെങ്കിലും സോഷ്യലിസ്റ്റ് പാര്‍ടിയിലെ ഉന്നതര്‍ പിന്നില്‍നിന്ന് കുത്തി. അധികാര രാഷ്ട്രീയത്തില്‍ നിന്ന് എന്നും അകന്നുനിന്ന മേനോന്‍ പിന്നീട് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top