21 February Thursday

സൂര്യനെല്ലി: കോണ്‍ഗ്രസ് നേതാവ് ജേക്കബ് സ്റ്റീഫന്‍ ഒടുവില്‍ കീഴടങ്ങി

സ്വന്തം ലേഖകന്‍Updated: Friday Aug 22, 2014

കോട്ടയം: സൂര്യനെല്ലി കേസിലെ പത്താം പ്രതിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ജേക്കബ് സ്റ്റീഫന്‍ കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങി. ഏഴാം പ്രതിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ അഡ്വ. ജോസ് നെടുംതകിടിയിലും ഇയാള്‍ക്കൊപ്പം കീഴടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച പകല്‍ മൂന്നിനാണ് ഇരുവരും കോടതിയില്‍ ഹാജരായത്. കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റു കുടിയായ ജേക്കബ് സ്റ്റീഫന്‍ ബാങ്കിന്റെ ഔദ്യോഗിക വാഹനത്തിലാണ് കോടതിയില്‍ എത്തിയത്. ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് അയച്ചു.

സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് ഏപ്രില്‍ നാലിനാണ് കേസിലെ 23 പ്രതികള്‍ക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയുണ്ടായത്. ഇതേ തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി 21 പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. എന്നാല്‍ വാറണ്ട് കൈപ്പറ്റിയ ശേഷം ജേക്കബ് സ്റ്റീഫനും ജോസ് നെടുംതകിടിയിലും ഒളിവില്‍ പോയി. ഇവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടതോടെ ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി. ആറാഴ്ചക്കുള്ളില്‍ കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങാന്‍ ജൂലൈ 15ന് സൂപ്രീംകോടതി നിര്‍ദേശിച്ചെങ്കിലും പ്രതികള്‍ അനുസരിച്ചിരുന്നില്ല. ഏഴുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമായിരുന്നു ഇരുവര്‍ക്കും പ്രത്യേകകോടതി ശിക്ഷ വിധിച്ചിരുന്നത്.

കോട്ടയം ഡിഡിസി സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായിരിക്കെയാണ് ജേക്കബ് സ്റ്റീഫന്‍ സൂര്യനെല്ലി കേസില്‍ പിടിയിലായത്. ഉമ്മന്‍ചാണ്ടിയുടെ വലംകൈയും ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവുമായിരുന്ന ഇയാളെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാനായിരുന്നു ആദ്യം മുതലേയുള്ള ശ്രമം. എ കെ ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. ജേക്കബ് സ്റ്റീഫനു പുറമെ പി ജെ കുര്യനും കേരള കോണ്‍ഗ്രസ് എം നേതാവ് അഡ്വ. ജോസ് നെടുംതകിടിയിലുമെല്ലാം ആരോപണവിധേയരായതോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ കേസ് തേയ്ച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ചത്. വിചാരണയും നടപടികളുമെല്ലാം പുരോഗമിച്ചപ്പോഴും കോട്ടയം സഹകരണ കാര്‍ഷിക- ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റ് പദവിയില്‍നിന്നു ജേക്കബ് സ്റ്റീഫനെ ഡിസിസി നേതൃത്വം മാറ്റിയില്ല. ഡിസിസി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിച്ച ജേക്കബ് സ്റ്റീഫനെ കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് പദവികളില്‍ നിന്നൊഴിവാക്കി. ബാങ്ക് പ്രസിഡന്റുസ്ഥാനത്ത് തുടരാന്‍ അനുവദിച്ചു. നിലവില്‍ ഇയാള്‍ അയര്‍ക്കുന്നം സര്‍വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്. ഏറെനാളായി കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവി കൂടി ഇയാള്‍ വഹിക്കുന്നുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top