23 July Tuesday
686 പേർക്ക‌് വനാവകാശ രേഖ നൽകി, 283 പേർക്ക‌് ഭൂമി വാങ്ങി നൽകി

എല്ലാ ഭൂരഹിത പട്ടിക വർഗ്ഗക്കാർക്കും സർക്കാർ ഭൂമി നൽകും; ഇതുവരെ നൽകിയത‌് 3123.62 ഏക്കര്‍: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

തിരുവനന്തപുരം> സംസ്ഥാനത്ത് എല്ലാ ഭൂരഹിത പട്ടിക വർഗ്ഗക്കാർക്കും ഭൂമി നൽകുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന‌് മന്ത്രി എ കെ ബാലൻ നിയമസഭയെ അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പട്ടികവർഗ്ഗ വിഭാഗങ്ങളിലെ 2824 പേർക്ക് 3123.62 ഏക്കർ ഭൂമി വിതരണം ചെയ്തു. 686 പേർക്ക് 1493 ഏക്കർ ഭൂമിയുടെ വനാവകാശ രേഖയും നൽകി. 283 പേർക്ക് 149.03 ഏക്കർ ഭൂമി വാങ്ങിനൽകി. നിക്ഷിപ്ത വനഭൂമി വിതരണ പദ്ധതിപ്രകാരം 1589 പേർക്ക് 1309.54 ഏക്കർ വിതരണം ചെയ്തു. എറണാകുളം ജില്ലയിൽ 99 പേർക്ക് 10 സെന്റ് വീതം റവന്യൂ ഭൂമിയും നൽകി.

പന്തപ്രയിൽ 67 പേർക്ക് 134 ഏക്കർ ഭൂമിയും കല്ലട ജലസേചന പദ്ധതി പ്രദേശത്തുള്ള 43 പേർക്ക് 10.75 ഏക്കർ ഭൂമിയും പാലക്കാട്  വല്ലങ്കി വില്ലേജിൽ 87 പേർക്ക് 17.40 ഏക്കർ ഭൂമിയും വിതരണം ചെയ്തു. സംസ്ഥാനത്ത് നിലവിൽ 11474 പട്ടികവർഗ്ഗക്കാർ ഭൂരഹിതരായിട്ടുണ്ട്. കൈവശമുള്ള ഭൂമിക്ക് വനാവകാശ രേഖ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ച 6923 പേരുണ്ട്. വനാവകാശരേഖ ലഭിക്കുന്നതിനുള്ള  അപേക്ഷകൾ പരിശോധിച്ച് ഉടൻ തീർപ്പാക്കും. ഭൂരഹിത പട്ടികവർഗ്ഗക്കാർക്ക് വിതരണം ചെയ്യാനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും  സുപ്രീംകോടതിയുടെയും അനുമതി ലഭിച്ച 19002 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ ഇതുവരെ 4072.19 ഏക്കർ ഭൂമി വിതരണം ചെയ്തിട്ടുണ്ട്.

മറ്റ് ജില്ലകളിൽ വിതരണയോഗ്യമായ 4000 ഏക്കറോളം വരുന്ന അവശേഷിക്കുന്ന നിക്ഷിപ്ത വനഭൂമി ഫെബ്രുവരിയിൽ തന്നെ വിതരണം ചെയ്യാൻ കർശന നിർദ്ദേശം വിവിധ വകുപ്പുകൾക്ക് നൽകിയിട്ടുണ്ട‌്. ഏതെങ്കിലും കാരണവശാൽ വാസയോഗ്യമല്ലാത്ത ഭൂമി ഉള്ളതായി കാണുന്നുവെങ്കിൽ പകരം വാസയോഗ്യമായ ഭൂമി കണ്ടെത്താനും വനംവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 283 പേർക്ക് 149.03 ഏക്കർ ഭൂമി വാങ്ങി നൽകിയിട്ടുണ്ട്.

പട്ടികവർഗ്ഗക്കാർക്ക് ഭൂമി വാങ്ങി നൽകുന്നതിനായി പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട‌്. 77 ഏക്കർ ഭൂമി വിൽപനയ്ക്ക് ലഭിച്ചിട്ടുണ്ട്.മുഴുവൻ ഭൂരഹിത പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും സമയബന്ധിതമായി ഭൂമി വിതരണം ചെയ്യാനാണ‌് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.  ഒ ആർ കേളുവിന്റെ ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിന്റെ  മറുപടിയിലാണ‌് ഇക്കാര്യം അറിയിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top