കൊച്ചി
മജിസ്‌ട്രേട്ട് കോടതി വിധിക്കെതിരായ ലക്ഷദ്വീപ് എംപിയുടെ അപ്പീൽ വിധിപറയാനിരിക്കെ അസാധാരണ തിടുക്കത്തിൽ അയോഗ്യനാക്കലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കലും നടത്തിയ കേന്ദ്ര ബിജെപി സർക്കാരിനും തെരഞ്ഞെടുപ്പ് കമീഷനും കനത്ത തിരിച്ചടിയായി ഹൈക്കോടതി തീരുമാനം. അസാധാരണവേഗത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമീഷന്റെ തീരുമാനം ചോദ്യം ചെയ്യുന്നതാണ് ഹൈക്കോടതി വിധിയിലെ പരാമർശം. വധശ്രമക്കേസിലെ ശിക്ഷ മരവിപ്പിച്ചതിനൊപ്പം കുറ്റക്കാരനാണെന്നു കണ്ടെത്തിയതും മരവിപ്പിച്ചത് വളരെ ചെറിയകാലയളവിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് തടയാനെന്നും ഹൈക്കോടതി ഉത്തരവിൽ എടുത്തുപറയുന്നു.
ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് നടത്താൻ 31ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെയാണ് ഹൈക്കോടതി വിധി. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെങ്കിലും വിജ്ഞാപനത്തിനുമുമ്പ് ശിക്ഷയും കുറ്റവും മേൽക്കോടതി മരവിപ്പിച്ചതോടെ അയോഗ്യനാക്കിയ തീരുമാനം അപ്രസക്തമാകുമെന്നും ഉപതെരഞ്ഞെടുപ്പ് ആവശ്യമില്ലാതായെന്നും നിയമവിദഗ്‌ധർ വിലയിരുത്തുന്നു.
ലക്ഷദ്വീപ് എംപിയെ ശിക്ഷിച്ച് ജനുവരി 11ന് കവരത്തി സെഷൻസ് കോടതി വിധി വന്നതിനെത്തുടർന്ന് 13നുതന്നെ ലോക്‌സഭാ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ടു; 18ന് ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. അംഗം അയോഗ്യനാക്കപ്പെട്ടാൽ ആറുമാസത്തിനുള്ളിൽ നടത്തേണ്ട ഉപതെരഞ്ഞെടുപ്പുകൾ ആറാംമാസത്തിൽമാത്രം നടത്താറുള്ള കമീഷനാണ് ലക്ഷദ്വീപിൽ അസാധാരണ തീടുക്കം കാണിച്ചത്. ഇതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്‌ത് ഡോ. സെബാസ്‌റ്റ്യൻപോൾ അടക്കമുള്ള നിയമവിദഗ്‌ധർ രംഗത്തുവന്നിരുന്നു.
തുടർച്ചയായി രണ്ടാംതവണ എംപിയായ പി പി മുഹമ്മദ് ഫൈസൽ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമംസംബന്ധിച്ച കേസിലാണ് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ അജൻഡയുടെയും കച്ചവട താൽപ്പര്യങ്ങളുടെയും പരീക്ഷണശാലയാക്കി ലക്ഷദ്വീപിനെ മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽവന്ന ഹൈക്കോടതി വിധി ബിജെപിക്കും കനത്ത പ്രഹരമാണ്. ദ്വീപിൽ ബിജെപിയുടെ രാഷ്‌ട്രീയ നീക്കങ്ങൾ കനത്ത ചെറുത്തുനിൽപ്പ് നേരിടുമ്പോഴാണ് എംപിക്കെതിരായ കോടതിവിധി അവസരമാക്കി തിടുക്കത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ ഇടപെടീച്ചത്.
മുഹമ്മദ് ഫൈസലും കൂട്ടരും ജയിൽമോചിതരായി
വധശ്രമക്കേസിൽ കവരത്തി ജില്ലാ കോടതിയുടെ ശിക്ഷാവിധി സ്‌റ്റേ ചെയ്‌ത ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ലക്ഷദ്വീപ് മുൻ എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസലും മറ്റ് മൂന്ന് പ്രതികളും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മോചിതരായി. കോൺഗ്രസ് നേതാവും മുൻ എംപിയുമായ പി എം സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മുഹമ്മദ് ഫൈസലിനെയും ബന്ധുക്കളായ നാലുപേരെയും വിചാരണക്കോടതി പത്ത് വർഷം തടവിന് ശിക്ഷിച്ച് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയക്കുകയായിരുന്നു.

കവരത്തി ജില്ലാ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേചെയ്‌തതിനെ തുടർന്ന് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങുന്നു
|
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നടപടികൾ പൂർത്തിയാക്കി ബുധൻ രാത്രി എട്ടിനാണ് ജയിൽമോചിതരായത്. എൻസിപി നേതാക്കളായ എം പി മുരളി, കരീം ചന്തേര, കെ സുരേശൻ, പി കെ രവീന്ദ്രൻ എന്നിവർ ജയിലിനുപുറത്ത് സ്വീകരിച്ചു. മുഹമ്മദ് ഫൈസൽ കണ്ണൂരിലെ ബന്ധുവീട്ടിലേക്ക് പോയി. കേസ് കെട്ടിച്ചമച്ചതാണെന്ന് മുഹമ്മദ് ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് വേഗം തീരുമാനിച്ചതിനുപിന്നിൽ ആരുടെയെങ്കിലും താൽപ്പര്യമാകാം. തന്നെ അയോഗ്യനാക്കിയ നടപടി റദ്ദാക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതിനായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..