23 April Tuesday

കുട്ടനാടിന‌് ജീവൻ പകർന്ന‌് സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


ആലപ്പുഴ
കുട്ടനാടിനെ വീണ്ടെടുക്കാനുള്ള മഹാശുചീകരണ യജ്ഞത്തിൽ പങ്കെടുക്കാനുള്ള ആഹ്വാനത്തെ നെഞ്ചേറ്റി സിപിഐ എം.  സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കുട്ടനാട്ടിലേക്ക‌് ഒഴുകിയെത്തിയത‌് ആയിരക്കണക്കിന‌് പാർടി വളണ്ടിയർമാരാണ‌്. കാസർകോട‌്, കണ്ണൂർ, പാലക്കാട‌്, മലപ്പുറം, കോട്ടയം, കൊല്ലം, തിരുവനന്തപുരം  ജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം സിപിഐ എം വളണ്ടിയർമാരാണ‌് ആദ്യ ദിനം ശുചീകരണ യജ്ഞത്തിൽ കൈകോർത്തത‌്.

പാലക്കാട‌് നിന്ന‌ുമാത്രം ആയിരത്തിലധികം പേരാണ‌് കുട്ടനാട്ടിലെത്തിയത‌്. ശുചീകരണത്തിന‌് പുറമെ വീടുകളിൽ താറുമാറായ വൈദ്യുതി ബന്ധം, പൈപ്പ‌് കണക്ഷനുകൾ, വാതിലുകൾ, ജനാലകൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്നതിന‌് ഇലക‌്ട്രീഷ്യൻമാർ, പ്ലംബർമാർ‌, കാർപ്പെന്റർമാർ എന്നിവരും വളണ്ടിയർ സംഘത്തിലുണ്ടായിരുന്നു. വെള്ളപ്പൊക്കക്കെടുതി നേരിട്ട വീടുകളിലുള്ളവർപോലും ഒരുവേള എന്തുചെയ്യണമെന്നറിയാതെ പകച്ച‌് നിന്ന ഉദ്യമങ്ങളെല്ലാം ഇവർ ഏറ്റെടുത്തു. തിങ്കളാഴ‌്ച രാത്രിയും ചൊവ്വാഴ‌്ച പുലർച്ചയുമായി വിദൂര സ്ഥലങ്ങളിൽ നിന്നും സ്വന്തം വാഹനങ്ങളിലും ടാക‌്സികളിലുമായി ജില്ലയിലെത്തിയ ഇവർ വിശ്രമത്തിന‌് കാത്തുനിൽക്കാതെ ജോലികൾ ഏറ്റെടുത്തു. ചെളിയും, ദുർഗന്ധവും നിറഞ്ഞുകിടന്ന തറയും ഭിത്തിയും കഴുകിവൃത്തിയാക്കി. ടോറസ‌് ലോറികളിലും ബോട്ടുകളിലുമായി വളണ്ടിയർമാർ കുട്ടനാടിന്റെ വെള്ളപ്പാക്ക പ്രദേശങ്ങളിലെത്തി. കൈയ്യുറകൾ, മാസ‌്ക‌്, തൂമ്പ‌, പ്ലാസ‌്റ്റിക‌് കുട്ടകൾ, വെളളം പമ്പ‌് ചെയ്യുന്നതിനുള്ള ചെറു മോട്ടറുകൾ‌, കൈക്കൊട്ട‌്‌, പ്രത്യേക വസ‌്ത്രങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ സ്വയം കരുതിയാണ‌് വളണ്ടിയർമാർ എത്തിയത‌്. കണ്ണൂരിൽ നിന്നുള്ളവർ  ഹിറ്റാച്ചിയും ആംബുലൻസുമായണ‌് എത്തിയത‌്. കുട്ടനാട്ടിലെ ത്രിതല പഞ്ചായത്ത‌ുകളുമായും ഉദ്യോഗസ്ഥരുമായും സഹകരിച്ച‌ായിരുന്നു ശുചീകരണ പ്രവർത്തനം.

സിപിഐ എം ലോക്കൽ കമ്മിറ്റികളുടെ നിർദ്ദേശമനുസരിച്ച‌് വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവർക്ക‌് ഓരോ വാർഡുകളുടെ ചുമതല നൽകി. ബുധനാഴ‌്ചയും ജില്ലയിൽ തങ്ങി ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായ ശേഷം മാത്രമേ ഇവർ മടങ്ങൂ. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള,  മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്ക് , ജി സുധാകരൻ,  സിപിഐ എം  ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി ബി ചന്ദ്രബാബു, സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി പി ചിത്തരഞ്ജൻ, കെ പ്രസാദ്, കെ എച്ച് ബാബുജാൻ, എ ഡി മഹേന്ദ്രൻ, ജി വേണുഗോപാൽ, മനു സി പുളിയ‌്ക്കൽ, ജി ഹരിശങ്കർ, കെ രാഘവൻ, എം സത്യപാലൻ, എം എ അലിയാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക‌് വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി. കൂടാതെ ഹരിപ്പാട് മണ്ഡലത്തിലെ ചെറുതന, വീയപുരം, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലും ആലപ്പുഴ പട്ടണത്തിന്റെ കിഴക്കുഭാഗങ്ങളിലും വരുംദിവസങ്ങളിൽ ആയിരക്കണക്കിന് പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേരും.

പ്രധാന വാർത്തകൾ
 Top