30 November Monday

കുതിരാനിൽ ദുരിതയാത്ര; തുരങ്കനിർമാണം നിലച്ചിട്ട്‌ 25 മാസം

സ്വന്തം ലേഖകൻUpdated: Monday Oct 26, 2020

നിർമാണം നിലച്ച കുതിരാൻ തുരങ്കം

വടക്കഞ്ചേരി > സംസ്ഥാനത്ത്‌ ഏറ്റവും വാഹനത്തിരക്കുള്ള വടക്കഞ്ചേരി –- മണ്ണുത്തി ദേശീയപാത കുതിരാനിലെ തുരങ്കത്തിന്റെ പണി നിലച്ചിട്ട്‌ 25 മാസം പിന്നിടുന്നു. ദേശീയപാത വികസനം പൂർത്തിയാകാത്തതിനാൽ പാലക്കാട്‌ –- തൃശൂർ യാത്ര ഇപ്പോഴും ദുഷ്‌കരമാണ്‌. 

2018 ആഗസ്‌തിലാണ് കുതിരാനിൽ ഇരട്ടത്തുരങ്കത്തിന്റെ നിർമാണം നിലച്ചത്. അന്ന്‌ പ്രളയത്തിൽ തുരങ്കമുഖത്ത്  മണ്ണിടിച്ചിലുണ്ടായിരുന്നു. അതിനുശേഷം പണി പുനരാരംഭിച്ചില്ല. വടക്കഞ്ചേരി–--മണ്ണുത്തി ദേശീയപാത കരാറെടുത്ത കെഎംസി തുരങ്ക നിർമാണത്തിനായി മറ്റൊരു കമ്പനിക്കാണ് ഉപകരാർ നൽകിയത്. കൊങ്കൺ റെയിൽവേയിലെ തുരങ്കങ്ങൾ നിർമിച്ച പ്രഗതി കമ്പനിയാണ്‌ കരാർ നേടിയത്‌.
 
2016 മെയ് 13ന്‌ തുരങ്ക നിർമാണം ആരംഭിച്ചു. ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇരുഭാഗങ്ങൾ തമ്മിൽ കൂട്ടിമുട്ടാൻ എട്ടു മാസമെടുത്തു.  പിന്നീട് പ്രവൃത്തി മന്ദഗതിയിലായി. പ്രഗതി കമ്പനിക്ക് കെഎംസി വൻതുക കുടിശ്ശിക നൽകാനുള്ളതിനാൽ തുരങ്ക നിർമാണം പല തവണ തടസപ്പെട്ടു. 30 കോടിയോളം രൂപയാണ് പ്രഗതിക്ക് നൽകാനുള്ളത്.
 
ഒന്നാം തുരങ്കത്തിന്റെ പ്രവൃത്തി  തൊണ്ണൂറ് ശതമാനവും രണ്ടാം തുരങ്കത്തിന്റേത് എഴുപത് ശതമാനവും പൂർത്തിയായി‌. തുടർന്നുള്ള പ്രവൃത്തികളിൽനിന്ന് പ്രഗതിയെ ഒഴിവാക്കാനും ശ്രമം നടക്കുന്നുണ്ട്‌. പ്രഗതിക്ക് കുടിശ്ശിക നൽകാതിരിക്കാൻ പുതിയ കമ്പനിയുമായി ധാരണയിലെത്താനാണ്‌ ശ്രമം. തുക ലഭിക്കാൻ പ്രഗതി  കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്‌.
 
ദേശീയപാത കരാർ കമ്പനിയായ കെഎംസി തന്നെ തുരങ്കത്തിൽ ചില പ്രവൃത്തി  നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദേശീയപാത നിർമാണത്തിൽ വൻ അഴിമതിയും നിലവാരക്കുറവും ആരോപിക്കുമ്പോൾ അതേ കമ്പനി തന്നെ തുരങ്ക നിർമാണം നടത്തുന്നതിൽ വലിയ പ്രതിഷേധമുണ്ട്‌. അതീവ സുരക്ഷാ വിഭാഗത്തിന്റെ അനുമതിയുണ്ടെങ്കിലേ തുരങ്കത്തിലൂടെ ഗതാഗതം അനുവദിക്കൂ. ഈ നില തുടർന്നാൽ തുരങ്ക നിർമാണം ഇനിയും നീളാനാണ് സാധ്യത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top