24 February Monday

അതിരുകളില്ലാത്ത പ്രണയം; പ്രണയദിനത്തിൽ കുമ്പളങ്ങിയെ സുന്ദരിയാക്കാൻ വലിയ അരയന്നക്കൊക്കുകളും

അനന്തു ചന്ദ്രബാബുUpdated: Friday Feb 14, 2020

കുമ്പളങ്ങിയിലെത്തിയ വലിയ അരയന്നം ( രാജഹംസം). പ്രദേശത്തെ ഫോട്ടോഗ്രാഫറായ പി പി മണികണ്‌ഠൻ പകർത്തിയ ചിത്രം

പള്ളുരുത്തി > പ്രകൃതിയുടെ ഭാഗമാണ് പ്രണയം. അതുകൊണ്ട് തന്നെ പ്രണയം മനുഷ്യന് മാത്രമല്ല, മൃഗങ്ങളും, പക്ഷികളും തമ്മിലുമുണ്ട്. നാം സംസാരിച്ചും, മെസേജ് അയച്ചും വാലന്റൈൻസ് ദിനത്തിൽ സമ്മാനങ്ങൾ കൈമാറിയും പ്രണയിക്കുമ്പോൾ മൃഗങ്ങളും അവരവരുടെ രീതിയിൽ പ്രണയിക്കുന്നുണ്ട്. ചരിത്രത്തിൽ പ്രണയത്തെ അടയാളപ്പെടുത്തുന്ന ദിനത്തിൽ കുമ്പളങ്ങിയെ സുന്ദരിയാക്കാൻ പെലിക്കനും വർണക്കൊക്കിനും പിന്നാലെ  വലിയ അരയന്നക്കൊക്കുകൾ (രാജഹംസം) വിരുന്നെത്തിയിട്ടുണ്ട്‌. കുമ്പളങ്ങി -കണ്ടക്കടവ് റോഡിനു സമീപമുള്ള ചതുപ്പുനിലത്താണ് ഗ്രെയിറ്റർ  ഫ്ലമിങ്ങോ എന്ന പേരിലും അറിയപ്പെടുന്ന നാല് അരയന്നക്കൊക്ക്‌ എത്തിയത്. രാജഹംസം എന്നും ഇവയെ വിളിക്കാറുണ്ട്‌.

വർഷന്തോറും വിവിധയിനം ദേശാടനപക്ഷികളാണ് കുമ്പളങ്ങിയിലെ പാടശേഖരങ്ങളിൽ വിരുന്നുണ്ണാൻ എത്തുന്നത്. ഏറ്റവും വലിയ ജലപക്ഷിയായി അറിയപ്പെടുന്ന വലിയ  അരയന്നക്കൊക്കുകളെ യൂറോപ്പ്‌, ഏഷ്യ എന്നിവിടങ്ങളിലെ തടാകങ്ങളിലും അരുവികളിലും ചതുപ്പുനിലങ്ങളിലുമാണ്‌ കാണാറുള്ളത്‌. അനാറ്റിഡേ   കുടുംബത്തിൽപ്പെടുന്ന പക്ഷികളാണ് ഇവ. വിമാനങ്ങൾക്ക് എന്നപോലെ പറക്കാൻ ഇവയ്‌ക്കും റൺവേ ആവശ്യമാണ്‌. ഇവയെ ‘മ്യൂട് സ്വാൻ’ അഥവാ മൂകഹംസം എന്നുമറിയപ്പെടുന്നു. ഇവയ്‌ക്ക്‌ 125 മുതൽ 155 സെന്റിമീറ്റർ വരെ നീളമുണ്ട്‌. ചിറക് 200 മുതൽ 240 സെന്റിമീറ്റർവരെ വിടരും. പൂവന്‌ 12 കിലോയും പിടയ്ക്ക് 11 കിലോയുമാണ്‌ ഭാരം. കണ്ണിനു മുകളിലായി ത്രികോണാകൃതിയിൽ കറുത്ത പാടുണ്ട്. ആൺകുഞ്ഞുങ്ങളെ കോബ് എന്നും പെൺകുഞ്ഞുങ്ങളെ സിഗ്നറ്റ് എന്നുമാണ് വിളിക്കുന്നത്.

ചിറക്, കാല്, ചുണ്ട് എന്നിവയുടെ നിറവ്യത്യാസമനുസരിച്ച് ഏഴോളം ഇനം അരയന്നങ്ങളെ വിവിധ രാജ്യങ്ങളിലായി കണ്ടുവരുന്നതായി പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളത്തിലെ സസ്യങ്ങൾ, ചെറുപ്രാണികൾ, മത്സ്യങ്ങൾ, തവളകൾ എന്നിവയാണ് ഇവയുടെ ആഹാരം. മറ്റു  ജലപക്ഷികളെപ്പോലെ വെള്ളത്തിൽ മുങ്ങി ഇരപിടിക്കാൻ ഈ അരയന്നങ്ങൾക്ക് സാധിക്കില്ല. നീണ്ടുവളഞ്ഞ കഴുത്തും തലയും വെള്ളത്തിനടിയിൽ താഴ്ത്തി ഇരപിടിക്കുകയാണ് ചെയ്യുന്നത്. തൂവലുകളും വെള്ളത്തിൽ വളരുന്ന സസ്യങ്ങളുമുപയോഗിച്ചാണ് അരയന്നങ്ങൾ കൂട് നിർമിക്കുന്നത്. കൂടുതൽ സമയവും വെള്ളത്തിൽ കഴിയുന്ന സ്വഭാവക്കാരാണിവ. പറക്കാൻ തുടങ്ങുന്നതിനുമുമ്പ്‌ നീളമുള്ള ചിറകുകൾ നിവർത്തിപ്പിടിച്ച് ജലോപരിതലത്തിലൂടെ ഓടുന്നതും ഇവയുടെ പ്രത്യേകതയാണ്‌.

ഇതേ കുടുംബത്തിലെ പക്ഷികളാണ് വാത്തകളും താറാവുകളും. ഓരോതവണയും വലിയ അരയന്നക്കൊക്കുകൾ മൂന്നുമുതൽ എട്ടുവരെ മുട്ടകൾ ഇടാറുണ്ട്. നിരവധി ആളുകളാണ് വലിയ അരയന്നക്കൊക്കുകളെ കാണാൻ കുമ്പളങ്ങിയിലേക്ക് എത്തുന്നത്.


പ്രധാന വാർത്തകൾ
 Top