18 November Monday

കെഎസ്‌ആർടിസി ഡ്രൈവർമാരുടെ പിരിച്ചുവിടൽ: യാത്രാ പ്രതിസന്ധി തുടരുന്നു; 384 സർവീസ്‌ റദ്ദാക്കി

സ്വന്തം ലേഖകൻUpdated: Tuesday Oct 8, 2019

തിരുവനന്തപുരം > കെഎസ്‌ആർടിസി താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെത്തുടർന്നുണ്ടായ യാത്രാ പ്രതിസന്ധി തുടരുന്നു. ചൊവ്വാഴ്‌ച 384 സർവീസ്‌ റദ്ദാക്കി. തെക്കൻ മേഖലയിലാണ്‌ കൂടുതൽ സർവീസുകൾ റദ്ദാക്കിയത്‌. തെക്കൻ മേഖലയിൽ 218, മധ്യ മേഖലയിൽ 118, വടക്കൻ മേഖലയിൽ 48 എന്നിങ്ങനെയാണ്‌ സർവീസ്‌ റദ്ദാക്കിയത്‌. കഴിഞ്ഞ ദിവസങ്ങൾ അവധിയായതിനാൽ വലിയതോതിൽ സർവീസ്‌ റദ്ദാക്കലുണ്ടായിരുന്നില്ല. എന്നാൽ, പ്രവൃത്തി ദിവസമായ ബുധനാഴ്‌ച യാത്രാ പ്രതിസന്ധിയേറും.

ഹൈക്കോടതി നിർദേശപ്രകാരം എം പാനൽ ജീവനക്കാരെ ജൂൺ 30 മുതൽ പിരിച്ചുവിട്ടിരുന്നെങ്കിലും ഇതിൽ ചിലരെ സർവീസ് തടസ്സപ്പെടാതിരിക്കാൻ ദിവസ വേതനത്തിൽ ജോലിക്ക് നിയമിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എല്ലാ താൽക്കാലികക്കാരെയും പിരിച്ചുവിടാൻ  ഉത്തരവിട്ടത്. 2537 താൽക്കാലിക ഡ്രൈവർമാരെയും പിരിച്ചുവിട്ടതോടെ സർവീസുകൾ താളം തെറ്റി.

പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസി ബുധനാഴ്‌ച ഹൈക്കോടതിയെ സമീപിച്ചേക്കും. 15നാണ് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നത്. എന്നാൽ, ഡ്രൈവർമാരില്ലാത്തതിനാൽ സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നത് നേരത്തെ ആക്കാനാവശ്യപ്പെട്ടാണ്‌ കോടതിയെ സമീപിക്കുന്നത്‌.
സർവീസുകൾ വെട്ടിച്ചുരുക്കേണ്ടിവരുന്നത്‌ കെഎസ്‌ആർടിസി വരുമാനത്തെയും കാര്യമായി ബാധിച്ചു. ശമ്പളവും വിതരണം മുടങ്ങി. ശമ്പള വിതരണത്തിന്‌ സർക്കാർ 20 കോടിരൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടിക്കറ്റ്‌ വരുമാനം കുറഞ്ഞതിനാൽ എല്ലാ ജീവനക്കാർക്കും ശമ്പളം വിതരണം ചെയ്യാനുള്ള പണമില്ല. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമുള്ള ശമ്പളവിതരണം ബുധനാഴ്‌ച ആരംഭിച്ചേക്കും.


പ്രധാന വാർത്തകൾ
 Top