15 December Sunday

പ്രവാസിചിട്ടി ഇതര സംസ്ഥാനങ്ങളിലേക്കും ; എല്ലാ പ്രവാസികൾക്കും ചിട്ടിയിൽ ചേരാൻ അവസരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019


സ്വന്തം ലേഖകൻ
മറ്റു സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾക്കും പ്രവാസി ചിട്ടിയിൽ ചേരാൻ സൗകര്യമൊരുക്കും. പദ്ധതി വിപുലീകരിക്കുന്നതോടെ എല്ലാ പ്രവാസികൾക്കും ചിട്ടിയിൽ ചേരാൻ അവസരമൊരുങ്ങും. 

ഗൾഫ്‌ രാജ്യങ്ങളിൽ തുടങ്ങിയ കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടിക്ക്‌ മറ്റു രാജ്യങ്ങളിലെ മലയാളികളിലും വലിയ അംഗീകാരം ലഭിച്ചിരുന്നു. ഇതാണ്‌ പദ്ധതിയുടെ രണ്ടാംഘട്ട വിപുലീകരണത്തിന്‌ വഴി തുറന്നത്‌. കിഫ്‌ബി ധനസമാഹരണത്തിനുള്ള മുഖ്യ ഉപകരണമാവുകയാണ്‌ പ്രവാസി ചിട്ടി. പ്രവാസി ചിട്ടിയിൽ  ചേരാൻ  1.2 ലക്ഷം പേർ സന്നദ്ധത അറിയിച്ചു. പത്തുമാസത്തിലെ നേട്ടമാണിത്‌. 25000  പേർ കെവൈസി  പൂർത്തിയാക്കി. 

ബ്രിട്ടൻ, ജിസിസി രാജ്യങ്ങളിൽനിന്നായി പതിനായിരത്തിലേറെ പേർ വരിക്കാരായി. അമേരിക്ക, സിംഗപ്പുർ, കാനഡ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ, മാൽദ്വീപ്, കസാക്കിസ്ഥാൻ, ഇസ്രയേൽ, ജപ്പാൻ, ന്യൂസിലൻഡ്, ചൈന, കോസ്റ്റാറിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ചിട്ടി തുറന്നുകൊടുത്ത ആദ്യദിനങ്ങളിൽതന്നെ രജിസ്‌ട്രേഷൻ തുടങ്ങി.

പ്രവാസി ചിട്ടിയുടെ സെക്യൂരിറ്റി ബോണ്ടും ചിട്ടി പിടിക്കുന്ന പ്രവാസികൾ സ്ഥിരനിക്ഷേപമാക്കുന്ന ചിട്ടിത്തുകയുമാണ് കെഎസ്എഫ്ഇ കിഫ്ബിയിൽ ബോണ്ടാക്കുന്നത്.  ഒപ്പം  പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ പദ്ധതിയിൽ  ചിട്ടിയിൽ ചേരുന്നവരെയും അംഗമാക്കും. പ്രീമിയം കെഎസ്എഫ്ഇ നൽകും.

കെകെടിഎം കോളേജിന്‌ 5 കോടി പൂർവവിദ്യാർഥികൾ വക
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്‌മാരക സർക്കാർ കോളേജിന്റെ വികസനത്തിന്‌ കിഫ്‌ബി അംഗീകരിച്ചത്‌ 10 കോടി രൂപയുടെ പദ്ധതി. കോളേജ്‌ അലുമ്നി അസോസിയേഷൻ   വാഗ്‌ദാനം നൽകിയത്‌ അഞ്ചു കോടി രൂപയുടെ  പ്രവാസി ചിട്ടി പങ്കാളിത്തം.   കഴിഞ്ഞ ആഴ്‌ച ദുബായ്‌ സന്ദർശിച്ച ധനമന്ത്രി ടി എം തോമസ്‌ ഐസക്കിനോടാണ്‌ വാഗ്‌ദാനം അറിയിച്ചത്‌.  

പ്രവാസി ചിട്ടിവഴി കിഫ്‌ബി തുറന്നുനൽകുന്ന പുത്തൻ വികസന ആശയമാണിത്‌. പ്രവാസികളുടെ സംഘങ്ങൾക്ക് കേരളത്തിലെ കിഫ്ബി പദ്ധതികളുടെ പ്രായോജരാകാം. ചിട്ടിയിൽ സംഘടനയ്‌ക്ക്‌ അംഗങ്ങളെ കൂട്ടമായി ചേർക്കാം. പദ്ധതിയും നിർദേശിക്കാം. സംഘത്തിന്റെ പേര് പദ്ധതി ഫലകത്തിൽ ആലേഖനം ചെയ്യും. ഇങ്ങനെ ചേരുന്ന ചിട്ടികളുടെ ആദ്യ ഗഡുവിന്റെ പത്തു ശതമാനം സംഘങ്ങൾക്ക് ലോയൽറ്റിയായി ലഭിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top