18 October Friday

1486 കരാർ തൊഴിലാളികളെ കെഎസ്‌ഇബി സ്ഥിരപ്പെടുത്തും

കെ ടി ശശിUpdated: Monday Sep 9, 2019

തിരുവനന്തപുരം> കെഎസ്‌ഇബിയിൽ പെറ്റി കോൺട്രാക്ടർമാരായും കരാർ തൊഴിലാളികളായും വർഷങ്ങളായി പ്രവർത്തിക്കുന്നവരെ ഇലക്ട്രിസിറ്റി വർക്കർ/മസ്‌ദൂർ തസ്‌തികയിൽ സ്ഥിരപ്പെടുത്തും. വിവിധ ജില്ലകളിലായി 1486 പേർക്കാണ്‌ നിയമനം. നിയമന ഉത്തരവ്‌ അയച്ചുതുടങ്ങി. ഒന്നര പതിറ്റാണ്ട്‌ പിന്നിട്ട നിയമ പോരാട്ടത്തിനൊടുവിലാണ്‌ ഇത്രയും കുടുംബങ്ങളിലേക്ക്‌ ആഹ്ലാദത്തിന്റെ നിറചിരിയെത്തുന്നത്‌.

തിരുവനന്തപുരം–-  133, കൊല്ലം–- 111, പത്തനംതിട്ട–-  74, ആലപ്പുഴ–-  77, കോട്ടയം–-   109, ഇടുക്കി–-  42, എറണാകുളം–- 158, തൃശൂർ–- 188, പാലക്കാട്–-  130, മലപ്പുറം–- 135, കോഴിക്കോട്–- 112, വയനാട്–- 23, കണ്ണൂർ–- 142, കാസർകോട്‌–-  52 എന്നിങ്ങനെയാണ്‌ ജില്ല തിരിച്ചുള്ള നിയമനം. 2004 ഡിസംബർ 15നാണ്‌ പെറ്റി കോൺട്രാക്ടർമാരെയും കോൺട്രാക്ട്‌ ലൈൻ വർക്കർമാരെയും  ഇലക്ട്രിസിറ്റി വർക്കർ തസ്തികയിൽ നിയമിക്കണമെന്ന പാലക്കാട് ഇൻഡസ്ട്രിയൽ ട്രിബൂണലിന്റെ സുപ്രധാന വിധി. പരമാവധി വയസ്സിന്റെ കാര്യത്തിൽ ഇളവ് നൽകണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു. തുടർന്ന് സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടം. 2010 മാർച്ച്‌ 12ന്‌ ട്രിബ്യൂണൽ വിധി സുപ്രീംകോടതി ശരിവച്ചു. അന്ന്‌ അധികാരത്തിലുണ്ടായിരുന്ന എൽഡിഎഫ്‌ സർക്കാരിന്റെ താൽപര്യംകൂടി മുൻനിർത്തി വിധി നടപ്പാക്കാൻ തീരുമാനിച്ച കെഎസ്‌ഇബി, ഇതിന്‌ കൃത്യമായ വ്യവസ്ഥകൾക്കും രൂപം നൽകി. ട്രിബ്യൂണൽ വിധി വന്ന 2004 ഡിസംബർ 15ന്‌ മുമ്പ് 1200 ദിവസം ജോലിചെയ്ത കരാർ തൊഴിലാളികളെ പരിഗണിക്കാനായിരുന്നു തീരുമാനം.

2010 ഡിസംബർ 29ന്‌ വിജ്ഞാപനമിറക്കി. ഉദ്യോഗാർഥികളുടെ പട്ടിക  തയ്യാറാക്കുന്നതിന്‌ മാർഗനിർദേശവും പുറപ്പെടുവിച്ചു. നിലവിലുള്ള മാനദണ്ഡമനുസരിച്ച്‌ എസ്‌എസ്‌എൽസി പാസാകാത്തവരെയാണ്‌  ഇലക്‌ട്രിസിസിറ്റി വർക്കർ/മസ്‌ദൂർ തസ്‌തികയിൽ നിയമിക്കുക. കരാർ  തൊഴിലാളികളിൽ ഭൂരിഭാഗവും എസ്‌എസ്‌എൽസി വിജയിച്ചവരോ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ളവരോ ആണെന്നത്‌ വീണ്ടും ആശയക്കുഴപ്പത്തിനും നിയമയുദ്ധത്തിനുമിടയാക്കി.

എസ്‌എസ്‌എൽസി പാസായവരെ ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സുപ്രീംകോടതി, തീരുമാനം കെഎസ്‌ഇബിക്ക്‌  വിട്ടു. വർഷങ്ങളായി ജോലി ചെയ്യുന്നവരെന്ന പരിഗണനയിൽ എസ്‌എസ്‌എൽസി പാസായവരെയും ഉൾപ്പെടുത്താനാണ്‌ ബോർഡ്‌ തീരുമാനിച്ചത്‌. 2017 സെപ്‌തംബർ 25ന്‌ പിഎസ്‌സി അന്തിമ പട്ടിക തയ്യാറാക്കി. ഇതിനിടെ, ജാതി റൊട്ടേഷൻ സംബന്ധിച്ച തർക്കവും കോടതി കയറി. കെഎസ്‌ഇബി ജീവനക്കാരുടെ സഹായത്തോടെയാണ്‌ ജാതി റൊട്ടേഷൻ തിരിച്ചുള്ള പട്ടിക ദ്രുതഗതിയിൽ പൂർത്തിയാക്കിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top