19 September Thursday
കേന്ദ്രം നിർദേശിച്ചത്‌ 20 പൈസ; 
കമീഷൻ തീരുമാനിച്ചത്‌ 10 പൈസ

മാസംതോറുമുള്ള സർചാർജ്‌ കേന്ദ്രം അടിച്ചേൽപ്പിച്ചത്‌ ; നിയമഭേദഗതിയെ കേരളം എതിർത്തിരുന്നു

സ്വന്തം ലേഖകൻUpdated: Wednesday May 31, 2023


തിരുവനന്തപുരം
അധികവിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുമ്പോഴുള്ള സാമ്പത്തിക ബാധ്യത കുറയ്‌ക്കാൻ വൈദ്യുതി വിതരണ ലൈസൻസികൾക്ക് മാസംതോറും  റെഗുലേറ്ററി കമീഷന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകിയത്‌ കേന്ദ്രസർക്കാർ. കുത്തക വൈദ്യുതി ഉൽപ്പാദക കമ്പനികളെ സഹായിക്കാൻ 2022 ഡിസംബർ 29ന്‌ കേന്ദ്രസർക്കാർ നടപ്പാക്കിയ ചട്ടഭേദഗതിയാണ്‌ മാസംതോറും സർചാർജ്‌ നൽകേണ്ട ബാധ്യത അടിച്ചേൽപ്പിച്ചത്‌. ഇത്‌  കമ്പനികൾക്ക്‌ നേട്ടവും ജനങ്ങൾക്ക്‌ ദ്രോഹവുമാണെന്ന്‌ ചൂണ്ടിക്കാട്ടി  നിയമഭേദഗതിയെ അപ്പോൾത്തന്നെ കേരളം എതിർത്തു. എതിർപ്പ്‌ അവഗണിച്ചാണ്‌ കേന്ദ്രസർക്കാർ എല്ലാ മാസവും  സർചാർജ്‌ ഈടാക്കാൻ ചട്ടം ഭേദഗതി ചെയ്‌തത്‌. 

വൈദ്യുതി ഉൽപ്പാദക കമ്പനികൾക്ക്‌ കേന്ദ്ര ഊർജമന്ത്രാലയം -2022 ഏപ്രിൽ 28ന്‌ ആണ്‌ 10 ശതമാനം ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കാൻ അനുമതി നൽകിയത്‌. തുടർന്ന്‌, ഇത്‌ 20 ശതമാനമാക്കി. വിലവർധനയുള്ള ഇറക്കുമതി കൽക്കരി ഉപയോഗിച്ചതോടെ വൈദ്യുതി ഉൽപ്പാദനച്ചെലവ് വർധിച്ചു. ഉൽപ്പാദനച്ചെലവ്‌ വർധിക്കുമ്പോഴുള്ള സർ ചാർജ്‌ മൂന്നു മാസത്തിലൊരിക്കൽ കണക്ക്‌ പരിശോധിച്ച്‌ അനുവദിക്കുന്ന രീതിയാണ്‌ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ മാറ്റിയത്‌. കണക്ക്‌ പരിശോധിക്കുന്നത്‌ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷനുകളാണ്‌. സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിച്ച് പലപ്പോഴും ഇത് ഈടാക്കുന്നത് നീട്ടിവച്ചു. കേരളത്തിൽ കുറേക്കാലമായി സർചാർജ് ഈടാക്കുന്നതിൽ  തീരുമാനം എടുത്തിട്ടില്ല. എന്നാൽ, കേന്ദ്രം കൊണ്ടുവന്ന ചട്ടഭേദഗതി പ്രകാരം പുതുക്കിയ നിയമം പ്രാബല്യത്തിലായി  90 ദിവസത്തിനകം സർചാർജ് തീരുമാനം സംസ്ഥാന  റെഗുലേറ്ററി കമീഷനുകൾ കൈക്കൊള്ളണം.  അങ്ങനെ നിശ്‌ചയിക്കുന്ന തുക  കമീഷന്റെ മുൻകൂർ അനുമതിയില്ലാതെ മാസംതോറും വൈദ്യുതിബില്ലിൽ സർചാർജ് ചുമത്തി ഈടാക്കാം.

കേന്ദ്രം നിർദേശിച്ചത്‌ 20 പൈസ; 
കമീഷൻ തീരുമാനിച്ചത്‌ 10 പൈസ
വൈദ്യുതി വിതരണ കമ്പനികൾക്ക്‌ മാസംതോറും സർചാർജ്‌ ഈടാക്കാമെന്ന നിയമഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവന്നപ്പോൾ യൂണിറ്റിന്‌ 20 പൈസവീതം അധികമായി ഈടാക്കാനായിരുന്നു നിർദേശം. രാജ്യത്ത്‌ മറ്റ്‌ സംസ്ഥാനങ്ങളെല്ലാം ഈ നിർദേശം നടപ്പാക്കിയപ്പോൾ കേരളത്തിൽ വൈദ്യുതി റെഗുലേറ്ററി കമീഷൻ 10 പൈസമാത്രം ഈടാക്കാനാണ്‌ തീരുമാനിച്ചത്‌.  പൊതു തെളിവെടുപ്പ്‌ നടത്തിയും പൊതുജനാഭിപ്രായം ആരാഞ്ഞുമായിരുന്നു കമീഷന്റെ നടപടി.

നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല: മന്ത്രി
ഇറക്കുമതി കൽക്കരിക്ക്‌ ചെലവില്ലാതെ വന്നപ്പോൾ കേന്ദ്രം സ്വീകരിച്ച നടപടിയുടെ ബാധ്യതയാണ്‌ ഇപ്പോൾ ജനങ്ങളുടെ തലയിലായിരിക്കുന്നതെന്ന്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി മാധ്യമങ്ങളോട്‌ പറഞ്ഞു. കേന്ദ്രം കൊണ്ടുവന്ന ഭേദഗതിക്ക്‌ അനുസരിച്ച തീരുമാനമാണ്‌ റെഗുലേറ്ററി കമീഷനിൽനിന്ന്‌ വന്നത്‌. പുതിയ സർചാർജ്‌ നടപ്പാക്കാൻ കെഎസ്‌ഇബി തീരുമാനിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിക്കാൻ ബോർഡിന്‌ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു.

ദീർഘകാല കരാർ റദ്ദാക്കൽ വൻ പ്രതിസന്ധിയെന്ന്‌ 
കെഎസ്‌ഇബി
ദീർഘകാലത്തേക്കുള്ള നാല്‌ വൈദ്യുതി വാങ്ങൽ കരാർ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയ സാഹചര്യത്തിൽ കെഎസ്‌ഇബിക്ക്‌ ഉണ്ടാകുന്ന ബാധ്യതയും വൈദ്യുതി വിതരണത്തിലുണ്ടായേക്കാവുന്ന പ്രതിസന്ധിയും വിശദമാക്കി കെഎസ്‌ഇബി സർക്കാരിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. 2014ൽ ആര്യാടൻ മുഹമ്മദ്‌ വൈദ്യുതിമന്ത്രിയായിരിക്കെയാണ്‌ താപവൈദ്യുതി വാങ്ങാൻ വിവിധ കമ്പനികളുമായി 25 വർഷ കരാർ ഉണ്ടാക്കിയത്‌. കരാറിലെ പിഴവുകൾ ചൂണ്ടിക്കാട്ടി നാലു കരാർ റെഗുലേറ്ററി കമീഷൻ റദ്ദാക്കി. ഇതോടെ ദിവസം 465 മെഗാവാട്ടിന്റെ കുറവാണ്‌ വൈദ്യുതി ലഭ്യതയിലുണ്ടാകുക. 4.50 രൂപ നിരക്കിൽ ഉറപ്പിച്ച കരാർ റദ്ദാക്കപ്പെട്ടതോടെ പുതിയ കരാർ വരുമ്പോൾ ഇതിന്‌ ഇരട്ടിയിലേറെ തുക യൂണിറ്റ്‌ വൈദ്യുതിക്ക്‌ നൽകേണ്ടിവരും. ദീർഘകാലത്തേക്കാകുമ്പോൾ 1000 കോടിയിലേറെ രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കും.

കാലവർഷം ആരംഭിച്ചാൽ അധിക വൈദ്യുതി ഉൽപ്പാദനത്തിലൂടെ താൽക്കാലികമായി പിടിച്ചു നിൽക്കാമെങ്കിലും ഭാവിയിൽ പ്രതിസന്ധിയുണ്ടാകാതിരിക്കാൻ പുതിയ കരാറുകൾ അത്യാവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്‌. റിപ്പോർട്ട്‌ സർക്കാർ വിശദമായി പരിശോധിക്കുകയാണെന്ന്‌ വൈദ്യുതി മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.സംസ്ഥാന റെഗുലേറ്ററി കമീഷന്റെ റദ്ദാക്കൽ ഉത്തരവിനെതിരെ കെഎസ്‌ഇബി അപ്പലേറ്റ്‌ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്‌. ഹർജി ട്രിബ്യൂണൽ ഉടൻ പരിഗണിച്ചേക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top