കൊച്ചി
ഭൂഗർഭ കേബിളിലൂടെ വൈദ്യുതി എത്തുന്ന സംസ്ഥാനത്തെ ആദ്യ സബ്സ്റ്റേഷൻ മെട്രോ നഗരത്തിൽ പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ ഊർജകേരളം പദ്ധതിയിലെ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിപ്രകാരമാണ് 200 കോടി രൂപ ചെലവിൽ ഭൂഗർഭ ലൈനും കലൂരിൽ 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷ(ജിഐഎസ്)നും സ്ഥാപിച്ചത്. ബ്രഹ്മപുരത്തുനിന്ന് വലിച്ചിട്ടുള്ള 11.5 കിലോമീറ്റർ ദൈർഘ്യമുള്ള ലൈനിലൂടെ ഈയാഴ്ച വൈദ്യുതി പ്രവഹിക്കും. ഈ മാസം പുതിയ സബ് സ്റ്റേഷൻ കമീഷൻ ചെയ്യും. മെട്രോ നഗരത്തിലെ വൈദ്യുതി പ്രതിസന്ധികൾക്കെല്ലാം പരിഹാരമാകും കലൂരിലെ 220 കെവി സബ്സ്റ്റേഷൻ.
1993ൽ സ്ഥാപിച്ച 110 കെവി സബ്സ്റ്റേഷൻ വർഷങ്ങൾ മുമ്പേ പരമാവധി ശേഷിയിലെത്തിയിരുന്നു. പുതിയ കണക്ഷനുകൾ കൊടുക്കാനാകാത്ത അവസ്ഥയിലായിരുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ഹൈക്കോടതി പരിസരം, എംജി റോഡ്, തേവര, വടുതല, ചിറ്റൂർ, ഇടപ്പള്ളി, വെണ്ണല, കലൂർ പ്രദേശങ്ങളിലേക്കാണ് കലൂർ സബ് സറ്റേഷനിൽനിന്ന് വൈദ്യുതി നൽകുന്നത്. അറ്റകുറ്റപ്പണികൾ നടത്തി നിലവിലെ വൈദ്യുതാവശ്യംപോലും നിർവഹിക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രാൻസ്ഗ്രിഡ് 2.0യിൽ പുതിയ സബ്സ്റ്റേഷൻ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.
2018 ഫെബ്രുവരിയിൽ നിർമാണം തുടങ്ങി. ബ്രഹ്മപുരത്തുനിന്ന് കാക്കനാട് തുതിയൂരിലേക്കുള്ള നാലര കിലോമീറ്റർ ലൈൻ മുകളിലൂടെയാണ്. അവിടെനിന്ന് ആദർശ് നഗർ, പാലച്ചുവട്, വെണ്ണല, ദേശീയപാത 66 വഴി പാലാരിവട്ടത്തേക്കും കൊച്ചാപ്പിള്ളി റോഡ് വഴി കലൂരിലേക്കും റോഡുകൾ വെട്ടിപ്പൊളിക്കാതെ എച്ച്ഡിഡി യന്ത്രസംവിധാനത്തിലൂടെയാണ് ഒന്നര മീറ്റർ ആഴത്തിൽ 1200 എംഎം കേബിളുകളിട്ടത്. കേബിളുകൾ കൂട്ടിയോജിപ്പിക്കാൻ വിവിധയിടങ്ങളിൽ 15 മീറ്റർ നീളത്തിലും രണ്ടു മീറ്ററോളം വീതിയിലും 16 ജോയ്നിങ് ചേംബറുകളുണ്ട്. നഗരഗതാഗതത്തിന് തടസ്സമില്ലാതെയായിരുന്നു ജോലികൾ. കോവിഡ് കാലത്തെ ഗതാഗതനിയന്ത്രണങ്ങൾ ജോലി വേഗത്തിലാക്കി.
അത്യാധുനിക സംവിധാനങ്ങളുള്ള ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ കെട്ടിയടച്ച അരയേക്കറോളം ഭാഗത്താണ് സ്ഥാപിച്ചിട്ടുള്ളത്. സാധാരണ 220 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കാൻ കുറഞ്ഞത് നാലേക്കർ സ്ഥലം വേണം. കൊച്ചിയിലെ വെള്ളക്കെട്ട് ഭീഷണി പരിഗണിച്ച് ഉയർത്തിയാണ് സബ്സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..