02 February Thursday

കോൺഗ്രസിന്റെ 1000 വീടും പിരിച്ച പണവും എവിടെ ? പിരിച്ചത‌് കോടികൾ; കെപിസിസി നൽകിയത‌് 25,000 മാത്രം

കെ ശ്രീകണ്‌ഠൻUpdated: Thursday Apr 18, 2019

തിരുവനന്തപുരം > പ്രളയക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ കെപിസിസി പ്രഖ്യാപിച്ച 1000 ഭവനപദ്ധതിയുടെ പേരിൽ അരങ്ങേറിയത‌് വൻ തട്ടിപ്പ‌്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് കോൺഗ്രസുകാർ നാട്ടുകാരിൽനിന്ന‌് പിരിച്ച കോടിക്കണക്കിന‌ുരൂപ ശൂന്യതയിലായതിന‌ു പിന്നാലെയാണ‌് 1000 വീട‌് പദ്ധതിയിലെ തട്ടിപ്പ‌് പുറത്തുവന്നത‌്.

ഒരു മണ്ഡലം കമ്മിറ്റി അഞ്ച‌് ലക്ഷം രൂപ മുടക്കി ഒരുവീട‌ുവിതം നിർമിച്ചുനൽകുന്ന പദ്ധതിയാണ‌് മുൻ കെപിസിസി പ്രസിഡന്റ‌് എം എം ഹസ്സൻ 2018 ആഗസ‌്ത‌് 21ന‌് പ്രഖ്യാപിച്ചത‌്. പദ്ധതിക്കായി കെപിസിസി നേരിട്ട‌് കോടിക്കണക്കിന‌ു രൂപ സമാഹരിച്ചു. മണ്ഡലം കമ്മിറ്റികൾ സ്വന്തം നിലയ‌്ക്കും പിരിവ‌് നടത്തി. എന്നാൽ, 1000 വീട‌് പോയിട്ട‌് 50 എണ്ണംപോലും നിർമിച്ച‌് നൽകിയതായി രേഖയില്ല. വിവിധ പദ്ധതികളനുസരിച്ച്‌ എംഎൽഎമാർ വഴി അനുവദിക്കപ്പെട്ട വീടുകളും െകപിസിസി ഭവനപദ്ധതിയുടെ  അക്കൗണ്ടിൽപ്പെടുത്തി. പദ്ധതിയെക്കുറിച്ച‌് ഹസ്സൻ  ‘ദേശാഭിമാനി’യോട‌് പറഞ്ഞത‌് ഇങ്ങനെ:

‘ ഞങ്ങൾ പ്ലാൻ ചെയ‌്തതനുസരിച്ച‌് പണം പിരിഞ്ഞില്ല. ആകെ മൂന്നുകോടിയേ കിട്ടിയുള്ളൂ. മുന്നൂറോളം വീട‌് നിർമിച്ചുനൽകിയിട്ടുണ്ട‌്. 200 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു.’ എന്നാൽ, വിവിധ ഡിസിസി പ്രസിഡന്റുമാർ ഇതിനുവിരുദ്ധമായ വെളിപ്പെടുത്തലാണ‌് നടത്തിയത‌്.

സർക്കാർ വീടും കോൺഗ്രസിന്റേതെന്ന‌് വാദം

കണ്ണൂരിൽ രണ്ടുവീട‌് നിർമിച്ചുനൽകിയെന്ന‌് ഡിസിസിയുടെ അവകാശവാദം. ഇവയ‌്ക്ക‌് നാലുലക്ഷം രൂപവീതം സർക്കാർ നൽകിയതായി രേഖയുണ്ട‌്. തിരുവനന്തപുരത്ത‌്  റസിഡൻസ‌് അസോസിയേഷന്റെ മുൻകൈയിൽ നിർമിച്ച വീടിന‌് മണ്ഡലം കമ്മിറ്റി പാലുകാച്ചി. കെ മുരളീധരൻ താക്കോൽദാനം നിർവഹിച്ച‌് ഒരാഴ‌്ച കഴിഞ്ഞപ്പോൾ എം എം ഹസ്സൻ നേരിട്ടെത്തി ഉദ‌്ഘാടനം നടത്തിയതായി പ്രഖ്യാപിച്ചു. തൃശൂരിൽ 50 വീട‌് നൽകുമെന്നായിരുന്നു ഡിസിസി പ്രഖ്യാപനം.

നിർമിച്ചതാകട്ടെ ഒന്നും. ആലപ്പുഴയിൽ 100 എണ്ണം നിർമിക്കുമെന്ന‌ു പറഞ്ഞെങ്കിലും ഒന്നുപോലും പൂർത്തിയാക്കിയിട്ടില്ല.  ഹരിപ്പാട‌് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല 20 വീട‌് നിർമിച്ചുനൽകുമെന്ന‌് അറിയിച്ചെങ്കിലും പിന്നീട‌് തിരിഞ്ഞുനോക്കിയതായി വിവരമില്ല. ഇടുക്കിയിൽ ഒരാൾക്കുപോലും വീട‌് നൽകിയതായി രേഖയില്ല. പത്തനംതിട്ടയിൽ പത്തെണ്ണം പ്രഖ്യാപിച്ചു. നൽകിയത‌് ഒന്നും. എറണാകുളത്ത‌് ആദ്യവീടിന്റെ താക്കോൽദാനം ചെല്ലാനത്ത‌് ചെന്നിത്തല നിർവഹിച്ച‌് രണ്ടാഴ‌്ച പിന്നിട്ടപ്പോൾ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യവീടിന് തറക്കല്ലിട്ടു. ഏഴുവീട‌് നിർമിക്കുമെന്നും മൂന്നെണ്ണം പൂർത്തിയാക്കിയെന്നുമാണ‌് ഡിസിസിയുടെ വാദം. ഓഖി ഫണ്ടിൽനിന്ന‌് അനുവദിച്ച തുക ഉപയോഗിച്ചാണ‌് ചെല്ലാനത്തെ വീടിന്റെ നിർമാണം. അത‌് കെപിസിസിയുടെ പദ്ധതിയിൽപ്പെടുത്തുകയായിരുന്നു.

പ്രളയബാധിതരെയും ചതിച്ചു

കേരളത്തെ പുനർനിർമിക്കാൻ വിശ്രമമില്ലാത്ത പ്രവർത്തനം സംസ്ഥാന സർക്കാർ നടത്തുമ്പോൾ ഉടക്ക‌് വച്ചവരാണ‌് ദുരന്തത്തിന്റെ പേരിൽ വൻതുകപിരിച്ച‌്  തട്ടിയെടുത്തത‌്. വിദേശരാഷ്ട്രങ്ങളിൽ നിന്നുള്ള സഹായം, വായ‌്പാപരിധി ഉയർത്തൽ, സാലറി ചലഞ്ച‌് തുടങ്ങിയ വിഷയങ്ങളിലെല്ലാം  ബിജെപിയോടൊപ്പം  ഒത്തുകളിച്ച നേതാക്കൾ പ്രഖ്യാപിച്ച  1000 വീടുകളെക്കുറിച്ച‌് ചോദിക്കുമ്പോൾ ഉരുണ്ടുകളിക്കുകയാണിപ്പോൾ.

പിരിച്ചത‌് കോടികൾ; കെപിസിസി നൽകിയത‌് 25,000 മാത്രം

എം കെ പത്മകുമാർ

തിരുവനന്തപുരം > പ്രളയദുരിത ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് കെപിസിസി സംഭാവന ചെയ്തത‌് വെറും 25,000 രൂപ. അന്നത്തെ കെപിസിസി പ്രസിഡന്റ‌് എം എം ഹസ്സൻ വ്യക്തിപരമായി സംഭാവന ചെയ‌്തതാണ‌് ഈ തുക. ആഗസ്ത‌് 17ന‌് മുഖ്യമന്ത്രിക്കയച്ച കത്തിൽ കോൺഗ്രസ‌് പ്രവർത്തകരോട‌് ദുരിതാശ്വാസനിധിയിലേക്ക‌്  സംഭാവന നൽകാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന‌് ഹസ്സൻ അറിയിച്ചിരുന്നു. ഇതുപ്രകാരം കുറ്റ്യാടി മണ്ഡലം കമ്മിറ്റി 25,000, പാലക്കാട‌് ഡിസിസി 15,00,000 എന്നിങ്ങനെ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് വ്യക്തികളും സ്ഥാപനങ്ങളും 3977.11 കോടിരൂപ സംഭാവന ചെയ്തപ്പോഴാണ‌് 33 ലക്ഷത്തിലേറെ അംഗങ്ങളുണ്ടെന്ന‌് അവകാശപ്പെടുന്ന കേരള പ്രദേശ‌് കോൺഗ്രസ‌് കമ്മിറ്റി വെറും കാൽ ലക്ഷം രൂപ നൽകിയത‌്.

സിപിഐ എം  31 കോടി രൂപയും സിപിഐ രണ്ട‌്കോടിയോളം  രൂപയും ദുരിതാശ്വാസ നിധിയിലേക്ക‌് നൽകി. ദുരിതാശ്വാസനിധിയിലേക്ക‌് ഉദാരമായി സംഭാവന നൽകണമെന്ന‌്  രാഹുൽ ഗാന്ധി 2018 ആഗസ്ത‌് 15ന‌് ട്വീറ്റ‌് ചെയ്തിരുന്നു. പിന്നാലെ ഹസ്സനും അഭ്യർഥന നടത്തി. മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ‌് ഈ അഭ്യർഥന നടത്തിയതെന്ന‌് ഹസ്സൻ പിണറായി വിജയന‌് കത്തും അയച്ചു. എഐസിസി പ്രസിഡന്റിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അഭ്യർഥന മറയാക്കി കോൺഗ്രസുകാർ സംസ്ഥാനത്ത‌് വ്യാപകമായി  പിരിവ‌് നടത്തി. എന്നാൽ, ഇങ്ങനെ ശേഖരിച്ച പണം ഇനിയും ദുരിതാശ്വാസനിധിയിലെത്തിയില്ല. പിരിവ‌് സജീവമായിരുന്നു എന്നതിന‌് പാലക്കാട‌് ഡിസിസിയുടെ സംഭാവന തെളിവാണ‌്. കുറ്റ്യാടിയുടെ സംഭാവനയായ 25,000 രൂപ ഒരു മണ്ഡലം കമ്മിറ്റി സമാഹരിച്ച ശരാശരി തുകയാണെങ്കിൽ കോടികളാണ‌് പ്രളയത്തിന്റെ പേരിൽ പിരിച്ചത‌്. കേരളത്തിൽ 1493 മണ്ഡലം കമ്മിറ്റിയുണ്ട‌്. അപ്പോൾ  പിരിച്ചെടുത്ത പണം കോടികളാണ‌് എന്നതിന‌് സംശയം വേണ്ട‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top