20 April Saturday

‘നട്ടാൽ കുരുക്കാത്ത നുണ’യുമായി കോൺഗ്രസ്‌ ഐടി സെല്ലും; കേരളത്തിലുള്ള മുഖ്യമന്ത്രി അമേരിക്കയിൽ സുഖവാസത്തിലെന്ന്‌ പ്രചരണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

കൊച്ചി > സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സംഘപരിവാർ മോഡൽ നുണപ്രചരണം അഴിച്ചുവിട്ട്‌ കോൺഗ്രസ്‌ ഐടി സെല്ലും. മുഖ്യമന്ത്രി അമേരിക്കൻ സന്ദർശനത്തിലായതിനാൽ മഴക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നാണ്‌ കെപിസിസിയുടെ ഔദ്യോഗിക പേജായ Indian National Congress - Kerala എന്ന പേജിൽ ബുധനാഴ്‌ച വൈകുന്നേരം വന്ന പോസ്റ്റിൽ പറയുന്നത്‌. എന്നാൽ തിങ്കളാഴ്‌ച തന്നെ കേരളത്തിൽ തിരിച്ചെത്തിയ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതൃത്വം കൊടുത്തുവരികയാണ് എന്നതാണ്‌ വസ്‌തുത.

നിപ്പ പ്രതിരോധത്തിനുള്ള ആദരം ഏറ്റുവാങ്ങുവാനും മറ്റ് പൊതുപരിപാടികൾക്കുമായി അമേരിക്കൻ സന്ദർശനത്തിലായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ കാലവർഷക്കെടുതിയെ തുടർന്ന്‌ മുഖ്യമന്ത്രി പരിപാടികൾ വെട്ടിച്ചുരുക്കി തിങ്കളാഴ്‌ച തലസ്ഥാനത്ത് മടങ്ങിയെത്തിയിരുന്നു.  19ന്‌ കേരളത്തിൽ മടങ്ങിയെത്തുന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശന സമയക്രമം. എന്നാൽ കേരളത്തിൽ കാലവർഷം ശക്തിപ്പെടുകയും ജനങ്ങൾ ദുരിതത്തിലാകുകയും ചെയ്തതോടെ രക്ഷാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി അമേരിക്കയിൽ നിന്നും മടങ്ങിയ മുഖ്യമന്ത്രി തിങ്കളാഴ്ച രാവിലെ 9.30ന്‌ ഓഫീസിൽ എത്തി, കാലവർഷക്കെടുതി സംബന്ധിച്ച്‌  കലക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തു. തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കുവാനും നടപടികൾ വേഗത്തിലാക്കുവാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അത് കൂടാതെ ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ദുരിത ബാധിതരായ എല്ലാവർക്കും താൽക്കാലിക ആശ്വാസം എന്ന നിലയിൽ ധനസഹായം അനുവദിക്കുവാനും തീരുമാനമെടുത്തു.

മുഖ്യമന്ത്രി തിങ്കളാഴ്ച രാവിലെ 9.30ന് സെക്രട്ടറിയേറ്റിലെ ഓഫീസിൽ എത്തിയതായി മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം വാർത്ത വന്നതിനു ശേഷമാണ്‌ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ കെപിസിസിയുടെ നിയന്ത്രണത്തിലുള്ള 'ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരള' എന്ന ഫേസ് ബുക്ക് പേജിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി 'മഴക്കെടുതിയിൽ കേരളം വീർപ്പുമുട്ടുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിൽ സുഖവാസത്തിൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂർണ്ണ തോതിൽ ഉപയോഗിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ വലയുന്നു' എന്ന കുറിപ്പോടെ പെരുംനുണ പ്രചരിപ്പിക്കാൻ ശ്രമം നടന്നത്‌.

ഈ വസ്തുതതകൾ പകൽപോലെ വ്യക്തമായിരിക്കെയാണ്‌ ഇതെല്ലാം മറച്ചു വെച്ച്  സംഘപരിവാറിന്റെ നുണഫാക്ടറികളെപ്പോലെ സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സാമൂഹ്യമാധ്യമങ്ങൾ വഴി അസത്യ പ്രചാരണം നടത്തുകയായിരുന്നു കേരളത്തിലെ കോൺഗ്രസിന്റെ ഐടി സെല്ലും. ഈ പേജിൽ നിന്ന്‌ ഇപ്പോഴും ഇത്‌ നീക്കം ചെയ്‌തിട്ടില്ല.

മുൻമുഖ്യമന്ത്രിയുടെ പിആർ ഉപദേശകനായ വ്യക്തിയാണ് കോൺഗ്രസ് ഐടി സെല്ലിന്റെ ചുമതല വഹിക്കുന്നത്. ഇദ്ദേഹം മുൻപും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. ഇ ഫയലുകൾ ലോകത്തെവിടെ നിന്നും കൈകാര്യം ചെയ്യാമെന്നിരിക്കെ മുഖ്യമന്ത്രിയുടെ  അമേരിക്കൻ സന്ദർശന വേളയിൽ ഫയലുകൾ നോക്കാതെ കെട്ടിക്കിടക്കുന്നു എന്ന അടിസ്ഥാനമില്ലാത്ത ആരോപണം കെ സി ജോസഫ് ഉന്നയിച്ചതും ഈ കോൺഗ്രസ് ഐ ടി സെൽ ചുമതലക്കാരന്റെ ഉപദേശപ്രകാരമാണെന്നാണ്‌ വിവരം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top