27 October Wednesday

പദ്ധതി സമർപ്പിക്കാനാവാതെ കോട്ടയം നഗരസഭ; നഷ്‌മായത്‌ 56 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

കലക്ടറേറ്റിന്‌ മുൻപിലുള്ള നഗരസഭയുടെ കുട്ടികളുടെ പാർക്ക് കാടുകയറി നശിച്ച നിലയിൽ

കോട്ടയം > സംസ്ഥാന സർക്കാർ നീട്ടി നൽകിയ അവസാനദിനം അർധരാത്രിവരെ ജില്ലാ ആസൂത്രണക്കമ്മിറ്റി യോഗം കൂടിയിട്ടും പദ്ധതി പാസാക്കാൻ സാധിക്കാതെ വന്നതോടെ കോട്ടയം നഗരസഭയ്‌ക്ക് കോടികളുടെ നഷ്‌ടം. അവസാനദിനമായ വെള്ളി  രാത്രി പന്ത്രണ്ടുവരെ യോഗം  കൂടിയിട്ടും പാസാക്കാതെ വിവിധ വിഭാഗങ്ങളിലായി 56 കോടി രൂപയുടെ പദ്ധതികളാണ് എങ്ങും തൊടാതെ നഷ്ടമായത്‌. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ അടക്കം തടസപ്പെടുന്ന സ്ഥിതിയാണിപ്പോൾ.
 
കോൺഗ്രസ്‌ ഭരിക്കുന്ന നഗരസഭയിലെ ഭരണപക്ഷത്തെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് അതിരൂക്ഷമായ പ്രതിസന്ധിയ്ക്കിടയാക്കിയത്. നാഗമ്പടത്ത് വിശ്രമകേന്ദ്രം നിർമിക്കാനും, യാചകരെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇത്‌ നടപ്പാക്കുന്നതിനെച്ചൊല്ലി നഗരസഭയിലെ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഒരുവിഭാഗം കൗൺസിലർമാർ ഈ പദ്ധതിയെ എതിർത്തു.
 
ഇതേതുടർന്നുണ്ടായ ചർച്ചയാണ് പദ്ധതി ജില്ലാ ആസൂത്രണവിഭാഗത്തിനു സമർപ്പിക്കുന്നത് വൈകിപ്പിച്ചത്.  വെള്ളിവരെ പദ്ധതി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ നഗരസഭയ്ക്ക് സമയം നീട്ടി നൽകി. എന്നാൽ, രാത്രി വൈകിയും അന്തിമ തീരുമാനത്തിൽ എത്താത്തതിനെ തുടർന്ന്‌ പദ്ധതി സമർപ്പിക്കാനായില്ല. ഈ സാഹചര്യത്തിൽ  ഭരണസമിതി കടുത്ത വിമർശനമാണ് നേരിടുന്നത്. കോടികളുടെ പദ്ധതികൾ പലതും  ഉപേക്ഷിക്കേണ്ട സാഹചര്യമാണ്‌. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതികൾക്ക്‌ ഡിപിസി അംഗീകാരം വാങ്ങുമ്പോ-ഴും കോടികൾ നഷ്ടപ്പെടുത്തുന്ന ജില്ലയിലെതന്നെ ഏക തദ്ദേശ സ്ഥാപനമാണ്‌ കോട്ടയം നഗരസഭ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top