24 September Friday

കോതമംഗലം കൊലപാതകം ആസൂത്രിതം; രാഖിൽ ഒരുമാസം മുമ്പേ വാടക വീടെടുത്ത്‌ താമസം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

കോതമംഗലം > കോതമം​ഗലത്ത് ഹൗസ് സർജൻസി വിദ്യാർഥിനിയായ കണ്ണൂർ സ്വദേശിനി മാനസയെ സുഹൃത്ത് രാഖിൽ വെടിവെച്ചുകൊന്നത് ഒരു മാസത്തെ തയ്യാറെടുപ്പിനുശേഷമാണെന്ന് സൂചന. ഉന്നത പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

പരിശോധനയില്ഡ മാനസയുടെ കൊലപാതകം ആസൂത്രിതമാണെന്ന സൂചനയാണ് ലഭിച്ചത്. മാനസ പഠിക്കുന്ന കോളേജിനും താമസ സ്ഥലത്തിനും 100 മീറ്റർ അകലെയുള്ള വീട് ജൂലൈ ആദ്യം രാഖിൽ വാടകയ്ക്കെടുത്തിരുന്നു. ഇതാണ് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് സൂചനയിലേക്ക് പൊലീസെത്താൻ കാരണം.

നെല്ലിക്കുഴിയിൽ പ്ലൈവുഡ് വ്യാപാരത്തിന് വന്നതാണന്നാണ് രാഖിൽ വീട്ടുടമസ്ഥൻ നൂറിദ്ദീനോട് പറഞ്ഞത്. കണ്ണൂർ സ്വദേശികളായ ഇരുവരും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന. രാഖിൽ മാനസയെ ശല്യം ചെയ്യുന്നതായി കണ്ണൂർ ഡിവൈഎസ്പി ഓഫീസിൽ മാനസയുടെ അച്ഛൻ പരാതി നൽകിയിരുന്നു. ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു.  നെല്ലിക്കുഴിയിലെ ദന്തൽ കോളേജിന് സമീപമുള്ള വാടക വീട്ടിലാണ് മാനസയും സഹപാഠികളും താമസിച്ചിരുന്നത്.  എസ് പി കെ കാർത്തിക്കിൻറെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.

വിശ്വസിക്കാനാകാതെ നാറാത്ത് ഗ്രാമം
വെള്ളിയാഴ്ച  വൈകിട്ടോടെ അവിചാരിതമായെത്തിയ ദുരന്ത വാർത്തയിൽനിന്ന്‌ നാറാത്ത് ഗ്രാമത്തിന്റെ നടുക്കം  വിട്ടുമാറിയിട്ടില്ല. ബിഡിഎസ്‌ പഠനം പൂർത്തിയാക്കി ഹൗസ്‌ സർജൻസി ചെയ്യുന്ന മാനസ കൊല്ലപ്പെട്ടുവെന്ന വാർത്ത ഉൾക്കൊള്ളാനാവാതെ പകച്ചുനിൽക്കുകയാണ്‌ നാട്‌. വിമുക്തഭടനായ അച്ഛൻ പി വി മാധവൻ കണ്ണൂർ നഗരത്തിൽ   ട്രാഫിക്‌ നിയന്ത്രിക്കുന്നതിനിടെയാണ് സംഭവമറിഞ്ഞത്‌. 

അമ്മ സബീനയും സഹോദരൻ അശ്വന്തും ടിവിയിലൂടെയാണ് വിവരമറിഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും നാറാത്ത് ടി സി നഗറിലെ വീട്ടിലേക്കെത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ്  മാനസ  കോതമംഗലത്തെ   താമസസ്ഥലത്ത്‌   ധർമ്മടം മേലൂർ സ്വദേശിയായ യുവാവിന്റെ വെടിയേറ്റ് മരിച്ചത്. 

പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്നാണ് നിഗമനം.ഒരുവർഷം മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ട് മാനസയുടെ രക്ഷിതാക്കൾ  പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിൽ രഖിലിനെ താക്കീത് ചെയ്‌ത്‌വിട്ടു. മൂന്നുമാസം മുമ്പാണ് വീട്ടിൽനിന്ന്‌ കോതമംഗലത്തെ കോളേജിലേക്ക് മാനസ മടങ്ങിയത്.  ഒന്നു മുതൽ പ്ലസ്ടുവരെ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിച്ചത്.  പഠിക്കാൻ മിടുക്കിയായ മകൾ ഹൗസ് സർജൻസി പൂർത്തിയാക്കി ഡോക്ടറായി മടങ്ങുന്നതും  കാത്തിരിക്കുകയായിരുന്നു കുടുംബം. മയ്യിൽ ഇൻസ്‌പെക്ടർ  പി ആർ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘവും  മാനസയുടെ വീട്ടിലെത്തി.

നടുക്കം മാറാതെ സഹപാഠികള്‍
ജോഷി അറയ്‌ക്കൽ
മാനസ വെടിയേറ്റുമരിച്ച നടുക്കത്തിലാണ് സഹപാഠികളായ ഫാത്തിമ സഹനയും കെസിയയും ഫിദയും. വെള്ളിയാഴ്ച മാനസ ഇവർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് രഖിൽ കടന്നുവന്നത്. എന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ചതോടെ ഇയാൾ മാനസയുടെ കൈയിൽ പിടിച്ചുവലിച്ചു മുറിയിലേക്ക് കൊണ്ടുപോയി. ഒന്നിച്ചില്ലെങ്കിൽ ഒരുമിച്ചുപോകാമെന്ന് ‌ആക്രോശിച്ച്  വാതിലടച്ചു. രഖിലിന്റെ  ബാ​ഗിൽ തോക്കുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ മനസ്സിലാക്കിയത് വെടിയൊച്ച കേട്ടപ്പോൾ മാത്രമാണ്.

വെടിയൊച്ചയും സഹപാഠികളുടെ കൂട്ടക്കരച്ചിലും കേട്ട വീട്ടുടമസ്ഥ റൂഖിയയും അയൽക്കാരും മുറിയിലേക്ക് ഓടിയെത്തി. വാതിൽ പൊളി‌ക്കുമ്പോൾ ഇരുവരും രക്തംവാർന്ന നിലയിലായിരുന്നു. ഉടനടി ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഏഴുറൗണ്ട് വെടിയുതിർക്കാവുന്ന പിസ്റ്റളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയി ട്ടുണ്ട്. രഖിലിന്‌ തോക്ക്‌ എവിടെനിന്നു കിട്ടിയെന്ന്‌ അന്വേഷിക്കുമെന്ന്‌ എസ്‌പി കെ കാർത്തിക്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top