17 February Sunday

ആർഎസ‌്എസ‌് അക്രമത്തിന്റെ ഉദ്ദേശം വ്യക്തം; ഒരുവശത്ത‌് അക്രമം, മറുവശത്ത‌് ക്രമസമാധാനത്തിന്റെ പേരിൽ സർക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണി: കോടിയേരി

സ്വന്തം ലേഖകൻUpdated: Monday Jan 7, 2019

തിരുവനന്തപുരം > കേരളത്തിൽ ക്രമസമാധാനം തകർന്നുവെന്നും സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്നും ബിജെപി എംപി പാർലമെന്റിൽ ആവശ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളിൽ ആർഎസ‌്എസ‌് നേതൃത്വത്തിൽ സംസ്ഥാനത്ത‌് നടത്തിയ അക്രമത്തിന്റെ ഉദ്ദേശ്യം എന്തെന്നു വ്യക്തമായെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുവശത്ത‌് അക്രമം നടത്തുകയും മറുവശത്ത‌് ക്രമസമാധാനം തകർന്നു, സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണം എന്ന‌ാവശ്യപ്പെടുകയും ചെയ്യുകയാണ‌് ബിജെപി. സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാനുള്ള ശേഷിയൊന്നും ഇപ്പോൾ കേന്ദ്രം ഭരിക്കുന്നവർക്കില്ല. സർക്കാരിനെ പിരിച്ചുവിടുക എന്നത‌് ബിജെപിയുടെ സ്വപ‌്നം മാത്രമാണ‌്‐ അദ്ദേഹം പറഞ്ഞു.

നിയമവാഴ‌്ചയും ക്രമസമാധാനവും തകർന്നതിന്റെ പേരിൽ ഇന്ത്യയിൽ ഒരു സർക്കാരിനെ പിരിച്ചുവിടുകയാണെങ്കിൽ ആദ്യം പിരിച്ചുവിടേണ്ടിവരിക ബിജെപി ഭരിക്കുന്ന യുപി സർക്കാരിനെയാണ‌്. 2107ൽ മാത്രം 195 വർഗീയ കലാപങ്ങളാണ‌് യുപിയിൽ നടന്നത‌്. അവിടെ നടക്കുന്നത‌് സർക്കാർ സ‌്പോൺസർ ചെയ്യുന്ന വർഗീയ കലാപമാണ‌്. പൊലീസ‌് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന യുപിയിൽ ക്രമസമാധാനം ഭദ്രമാണോ. ഇവിടെയും പൊലീസിനെ പിടിച്ചുവച്ച‌് ആക്രമിക്കാനാണ‌് ശ്രമിച്ചത‌്. സ‌്ത്രീകളെ ആക്രമിക്കുന്ന അവസ്ഥയുമുണ്ടായി. നിയമവാഴ‌്ച തകർന്നു എന്ന‌് വരുത്താനാണ‌് ശ്രമം. വർഗീയ ധ്രുവീകരണത്തിലൂടെ കലാപമാണ‌് ലക്ഷ്യം. അത്തരം ശ്രമങ്ങളെ സർക്കാർ അടിച്ചമർത്തണം. കലാപങ്ങൾ അമർച്ച ചെയ്യുന്നതിനെ ജനങ്ങൾ അംഗീകരിക്കും.

ശബരിമലയിൽ കലാപമുണ്ടാക്കാനാണ‌് ആർഎ‌സ‌്എസ‌് ശ്രമിച്ചത‌്. അത‌് വിജയിച്ചില്ല. അവിടെ സമാധാനം നിലനിർത്താൻ കഴിഞ്ഞു. തങ്ങൾ ഉദ്ദേശിച്ചത‌് നടന്നില്ല എന്നതുകൊണ്ടാണ‌് സമരം ശബരിമലയ‌്ക്ക‌് പുറത്തേക്ക‌് കൊണ്ടുവന്ന‌് കലാപത്തിന‌് ശ്രമിച്ചത‌്. ബിജെപിയുടെ അക്രമങ്ങളെ അംഗീകരിക്കുകയാണ‌് കോൺഗ്രസും യുഡിഎഫും. സംഘപരിവാറിന്റെ വർഗീയ അജണ്ടയ‌്ക്ക‌് കൂട്ടുനിൽക്കുകയാണ‌് കോൺഗ്രസ‌്. ബിജെപിയുടെ പിരിച്ചുവിടൽ ആവശ്യത്തെപ്പറ്റി കോൺഗ്രസിന്റെ നിലപാടെന്താണ‌്. ഈ മൗനം ആർഎസ‌്എസിനെ സഹായിക്കലാണ‌്‐ കോടിയേരി പറഞ്ഞു.

വിശ്വാസികളുടെ വിശ്വാസങ്ങൾ സംരക്ഷിച്ചുമാത്രമേ സംസ്ഥാന സർക്കാർ മുന്നോട്ടുപോകൂ. വിശ്വാസികളുടെ പിന്തുണ പ്രതീക്ഷിച്ച‌് കലാപത്തിനിറങ്ങുന്നവർ പരാജയപ്പെടും. സംഘപരിവാർ അക്രമങ്ങൾക്കെതിരെ ഫെബ്രുവരിയിൽ വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തും. ഇതിന്റെ വിശദാംശങ്ങൾ എൽഡിഎഫ‌് ചേർന്ന‌് തീരുമാനിക്കും.

മുന്നോക്കസമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക‌് നിശ‌്ചിത ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന‌് 1978 മുതൽ സിപിഐ‌ എം ആവശ്യപ്പെടുന്നതാണ‌്. എന്നാൽ നിലവിൽ പിന്നോക്ക സമുദായത്തിന‌് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണാനുകൂല്യത്തിൽ കുറവുവരുത്തിക്കൊണ്ടാവരുത‌് ഇത‌്.

കേന്ദ്ര തീരുമാനത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. കേന്ദ്ര കാബിനറ്റ‌് തീരുമാനം തെരഞ്ഞെടുപ്പിന് മുമ്പ‌് നടപ്പാവാൻ സാധ്യതയില്ല. ദേവസ്വം നിയമനത്തിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക‌് സംസ്ഥാന സർക്കാർ 10 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. എസ‌്സി-എസ‌്ടി വിഭാഗങ്ങൾക്ക‌് സാമ്പത്തിക പരിധിയില്ലാതെ സംവരണം നൽകണം. ഹർത്താൽ സംബന്ധിച്ച ഹൈക്കോടതി വിധിയെപ്പറ്റി പഠിച്ച‌് നടപടിയെടുക്കേണ്ടത‌് സംസ്ഥാന സർക്കാരാണ‌്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഹർത്താൽ നടത്തുന്നതിനോട‌് സിപിഐ എമ്മിന‌് യോജിപ്പില്ല. പേരാമ്പ്രയിൽ പള്ളിക്കുനേരെ ആക്രമണമുണ്ടായിട്ടില്ല. ലീഗ‌് ഓഫീസിനുനേരെയുണ്ടായ കല്ലേറിനെ വളച്ചൊടിച്ച‌് പ്രചരിപ്പിക്കുകയാണ‌്- കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top