20 August Tuesday

പറയുന്നതു മുഴുവൻ പച്ചക്കള്ളം; കേരളത്തിൽ അക്കൗണ്ട‌് തുറക്കില്ലെന്നായതോടെ നരേന്ദ്ര മോഡിയുടെ സമനില തെറ്റി: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

കണ്ണൂർ> കേരളത്തിൽ ബിജെപി ഇത്തവണയും അക്കൗണ്ട‌് തുറക്കില്ലെന്നു വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമനില തെറ്റിയിരിക്കയാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. കേരളത്തിൽ വന്ന‌് മോഡി  നടത്തിയ പദവിക്കു നിരക്കാത്ത ജൽപ്പനങ്ങൾ ഇതിനു തെളിവാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെ അപമാനിക്കുന്ന നിലയിൽ പച്ചക്കള്ളമാണ‌് പ്രധാനമന്ത്രി  വിളിച്ചുപറഞ്ഞത‌്. ദൈവത്തിന്റെ പേര‌് ഉച്ചരിച്ചാൽ കേരളത്തിൽ കള്ളക്കേസ‌് രജിസ‌്റ്റർ ചെയ്യുമെന്നും ലാത്തിച്ചാർജ‌് നടത്തുമെന്നുമാണ‌് മോഡി പറഞ്ഞത‌്. ആരുടെ പേരിലാണ‌് അങ്ങനെ കേസെടുത്തിട്ടുള്ളതെന്ന‌് അദ്ദേഹം വ്യക്തമാക്കണം.

ശബരിമല സംഭവവുമായി ബന്ധപ്പെട്ട‌് അക്രമം നടത്തിയവർക്കെതിരെയാണ‌് ഇവിടെ കേസെടുത്തത‌്. കൃത്യനിർവഹണത്തിലേർപ്പെട്ട പൊലീസുകാരെയും മാധ്യമപ്രവർത്തകരെയും ഭക്തരായ സ‌്ത്രീകളെയുംവരെ ക്രൂരമായി ആക്രമിക്കുന്ന നിലയുണ്ടായി. അക്രമം നടത്തുന്നവർ ആരായാലും അവർക്കെതിരെ കേസെടുക്കുന്ന സംസ്ഥാനമാണ‌് കേരളം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ  ആർഎസ‌്എസുകാർ ആളെക്കൊന്നാൽ പോലും കേസുണ്ടാകാറില്ല. ഇവിടെ അതു നടക്കാത്തതുകൊണ്ടാകും കേരളത്തിലെ ഗവൺമെന്റിനെക്കുറിച്ച‌് പ്രധാനമന്ത്രി പച്ചക്കള്ളം പ്രചരിപ്പിക്കുന്നത‌്.

പാരമ്പര്യവും വിശ്വാസവും കാക്കാൻ ഓരോ കുഞ്ഞും കാവൽക്കാരായുണ്ടാകുമെന്ന‌ും പ്രധാനമന്ത്രി പറഞ്ഞു. ശബരിമല സ‌്ത്രീപ്രവേശന വിഷയത്തിൽ 12 വർഷം സുപ്രീംകോടതിയിൽ കേസ‌് നടന്നപ്പോൾ ഈ കാവൽക്കാർ എവിടെയായിരുന്നു? ബിജെപിയുമായി ബന്ധമുള്ള വനിതാ അഭിഭാഷക സംഘടനയാണ‌് സുപ്രീംകോടിതിയെ സമീപിച്ചത‌്. എന്തുകൊണ്ട‌് അവരെക്കൊണ്ട‌് കേസ‌് പിൻവലിപ്പിച്ചില്ല. സെപ‌്തംബർ 28നാണ‌് ഇതുസംബന്ധിച്ച വിധിയുണ്ടായത‌്. അതിനുശേഷം തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതുവരെ സമയമുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ‌് ഓർഡിനൻസ‌് പുറപ്പെടുവിക്കാതിരുന്നത‌്. ഒരു റിവ്യു ഹർജി പോലും എന്തുകൊണ്ടു നൽകിയില്ല? സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ‌് കേരള ഗവൺമെന്റ‌് ചെയ‌്തത‌്.

1991ൽ ഹൈക്കോടതി പ്രത്യേക പ്രായക്കാർക്ക‌് പ്രവേശനം നിഷേധിച്ച‌് വിധി പുറപ്പെടുവിച്ചപ്പോൾ അതും സംസ്ഥാന ഗവൺമെന്റ‌് നടപ്പാക്കിയിട്ടുണ്ട‌്. അന്ന‌് അധികാരത്തിലുണ്ടായിരുന്ന നായനാർ സർക്കാർ അപ്പീൽ പോലും നൽകിയില്ല. ഇപ്പോഴും ഇതേ നിലപാടാണ‌് സർക്കാർ സ്വീകരിച്ചത‌്. കോടതിവിധി നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന‌് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ഗവൺമെന്റിനോട‌് ആവശ്യപ്പെട്ടിരുന്നു. വേണമെങ്കിൽ കേന്ദ്രസേനയെ  അയച്ചുതരാമെന്നും 144 അടക്കം പ്രഖ്യാപിച്ച‌് ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും ആഭ്യന്തരമന്ത്രാലയം സർക്കുലറിൽ നിർദ്ദേശിച്ചു.

ഇതൊക്കെ മറച്ചുവച്ച‌് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ‌് മോഡി. ബിജെപി സംസ്ഥാന പ്രസിഡന്റ‌് അഡ്വ. പി എസ‌് ശ്രീധരൻപിള്ള പറഞ്ഞത‌് ഓർഡിനൻസ‌് പ്രായോഗികമല്ലെന്നാണ‌്. അതിനു നേരെ വിരുദ്ധമാണ‌് പ്രധാനമന്ത്രിയുടെ നിലപാട‌്. ആചാരം സംരക്ഷിക്കാൻ കോടതി മുതൽ പാർലമെന്റിനെ വരെ ഉപയോഗപ്പെടുത്തുമെന്നാണ‌് അവകാശവാദം.  ഇത‌് തെരഞ്ഞെടുപ്പു തട്ടിപ്പാണ‌്. കമ്യൂണിസ‌്റ്റുകാർ പൂജയ‌്ക്ക‌് എതിരാണെന്നും പ്രധാനമന്ത്രി തട്ടിവിട്ടിട്ടുണ്ട‌്. കേരളത്തിൽ ആയിരക്കണക്കിനു ക്ഷേത്രങ്ങളുണ്ട‌്. ഏതെങ്കിലും ക്ഷേത്രത്തിലെ പൂജാദി കർമങ്ങൾ കമ്യൂണിസ‌്റ്റുകാർ മുടക്കിയെന്നു പറയാൻ കഴിയുമോ. വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരു പോലെ സ്വാതന്ത്ര്യമുള്ള സംസ്ഥാനമാണ‌് കേരളം.

ശബരിമല ക്ഷേത്രത്തിന‌് മുമ്പൊരു സർക്കാരും നൽകാത്ത ധനസഹായമാണ‌് എൽഡിഎഫ‌് സർക്കാർ നൽകിയത‌്. മൂന്നു വർഷം കൊണ്ട‌് 738 കോടി രൂപ. ഇതിനു പുറമെ ഇടത്താവളങ്ങളുടെ വികസനത്തിനായി 150 കോടി രൂപ കിഫ‌്ബി മുഖേനയും അനുവദിച്ചു. കാണിക്കയിടരുതെന്ന‌് ബിജെപിയും സംഘപരിവാർ സംഘടനകളും ആഹ്വാനം ചെയ‌്തതിനാൽ ഇത്തവണ നടവരിൽ 98 കോടിയുടെ കുറവുണ്ടായി. അതു പരിഹരിക്കാൻ സർക്കാർ 100 കോടി പ്രത്യേകമായി അനുവദിച്ചു. ക്ഷേത്രം പ്രതിസന്ധിയിലാകാൻ പാടില്ലെന്ന സർക്കാരിന്റെ ഉറച്ച നിലപാടാണ‌്  ഇതിനു പിന്നിൽ. വസ‌്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ‌് രാഷ‌്ട്രീയമുതലെടുപ്പു നടത്താനുള്ള മോഡിയുടെ ലക്ഷ്യം കേരളത്തിൽ വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എൽഡിഎഫ‌് മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ കെ രാഗേഷ‌് എംപി എന്നിവരും സംബന്ധിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top