23 September Monday

ഗിരീഷ് കര്‍ണാട് വേട്ടയാടലുകള്‍ക്ക് മുന്നില്‍ തലകുനിക്കാത്ത സാംസ്‌കാരിക സാന്നിധ്യം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

തിരുവനന്തപുരം > പ്രശസ്‌ത എഴുത്തുകാരനും സിനിമാ സംവിധായകനും നാടകകൃത്തും നടനും പുരോഗമന പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാടിന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു. സംഘപരിവാര്‍ ഫാസിസ്റ്റുകളുടെ വേട്ടയാടലുകള്‍ക്ക് മുന്നില്‍ തലകുനിക്കാത്ത സാംസ്‌കാരിക സാന്നിധ്യമായിരുന്നു ഗിരീഷ് കര്‍ണാട്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ സംഘികള്‍ ശ്രമിച്ചു. അപ്പോഴൊക്കെ മതനിരപേക്ഷ, പുരോഗമന ധാരയ്ക്ക് ശക്തി പകര്‍ന്ന് ഗിരീഷ് കര്‍ണാട് നിലയുറപ്പിച്ചു. ജ്ഞാനപീഠം പുരസ്‌കാരവും പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങളും ലഭിച്ച ഗിരീഷ് കര്‍ണാട് കര്‍ണ്ണാടക സ്റ്റേറ്റ് നാടക അക്കാദമിയുടെ അധ്യക്ഷനുമായിരുന്നു.

ഗിരീഷ് കര്‍ണാട് തന്റെ നാടകങ്ങളിലൂടെ സമകാലിക സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ സംവാദമാക്കി മാറ്റി. ചരിത്രവും ഐതിഹ്യങ്ങളും വര്‍ത്തമാനകാല സംഭവ വികാസങ്ങളുമായി അദ്ദേഹം കോര്‍ത്തിണക്കി. തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, അഭിനേതാവ് എന്നീ നിലകളിലും ഗിരീഷ് കര്‍ണാട് വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി കോടിയേരി പറഞ്ഞു


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top