23 October Wednesday

എക‌്സിറ്റ‌് പോളുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല:- കോടിയേരി

സ്വന്തം ലേഖകൻUpdated: Tuesday May 21, 2019

കണ്ണൂര്‍> എക്സിറ്റ് പോൾ സർവേകൾ  യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നവയല്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. ലോക‌്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പുറത്തുവന്ന എക്സിറ്റ് പോളുകൾ ജനവികാരം പ്രതിഫലിപ്പിക്കുന്നവയല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കീഴ‌്പള്ളി ലോക്കൽ  കമ്മിറ്റി ഓഫീസ‌് ഉദ‌്ഘാടനംചെയ‌്ത‌് സംസാരിക്കുകയായിരുന്നു കോടിയേരി. വിദേശരാജ്യങ്ങളിലാണ‌് എക‌്സിറ്റ‌് പോൾ സർവേ രീതികൾ ആദ്യം ഉടലെടുത്തത‌്. അമേരിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ ഹിലാരി ക്ലിന്റൻ വിജയിക്കുമെന്നാണ‌് എക‌്സിറ്റ‌് പോൾ  പ്രവചിച്ചതെങ്കിലും ജയിച്ചത‌് ട്രംപായിരുന്നു.

എ ബി വാജ‌്പേയ‌് സർക്കാർ വീണ്ടുമധികാരത്തിലെത്തുമെന്ന‌് പ്രഖ്യാപിച്ച അക്കാലത്തെ എക‌്സിറ്റ‌് പോൾ ഫലങ്ങളും തകിടംമറിഞ്ഞു. കോർപ്പറേറ്റ‌് താൽപ്പര്യങ്ങളാണ‌് ഇത്തരം ഫലങ്ങളിലൂടെ പുറത്ത‌ുവരുന്നത‌്. ഇത‌് ജനഹിതവുമായി പൊരുത്തപ്പെട്ട‌ുപോകാറില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ‌് ഘട്ടത്തിലും ചില  പ്രവചനക്കാർക്ക‌് തെറ്റുപറ്റി. 

ഉമ്മൻ ചാണ്ടി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന‌് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത‌്  പ്രവചനം വന്നു. 140 സീറ്റിലെയും വോട്ടെണ്ണിക്കഴിഞ്ഞ ശേഷമേ ഉമ്മൻചാണ്ടിക്ക‌് യാഥാർഥ്യം ബോധ്യമായുള്ളൂവെന്നും കോടിയേരി പറഞ്ഞു. എൽഡിഎഫ‌് പ്രതിപക്ഷത്താവുമെന്ന എക‌്സിറ്റ‌്പോൾ ഫലം തിരുത്തി 91 സീറ്റ‌് നേടി എൽഡിഎഫ‌് അധികാരമേറ്റത‌്  ജനങ്ങൾക്കറിയാം. ഇടതുപക്ഷത്തിന് സീറ്റില്ലാത്ത സംസ്ഥാനമായി കേരളത്തെ കാണാൻ ആഗ്രഹിക്കുന്നവരുടെ മനോവികാരമാണ് ഇത്തരം ഫലങ്ങ‌ളായി പുറത്തുവരുന്നത‌്.  ജയപരാജയങ്ങൾ സിപിഐ എമ്മിന‌് പുതിയ കാര്യമല്ല. തോറ്റാൽ കരഞ്ഞിരിക്കലും  ജയിച്ചാൽ അമിതാവേശം  പ്രകടിപ്പിക്കലും പാർടിരീതിയുമല്ല. 

77ൽ ലോക‌്സഭയിലേക്ക‌് ഒരിടത്തും ജയിക്കാതിരുന്നിട്ടും മൂന്നുകൊല്ലം പിന്നിട്ടപ്പോൾ 1980ൽ  കേരളത്തിൽ അധികാരത്തിലെത്തിയ ചരിത്രമുള്ള പാർടിയാണിത‌്.  മതേതര ജനാധിപത്യ ശക‌്തികളെ അധികാരത്തിലെത്തിക്കാനാണ‌് ഇടതുപക്ഷത്തിന്റെ പരിശ്രമം. ബിജെപി ഇതര പ്രധാനമന്ത്രിയാണ‌് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top