23 May Thursday

പ്രധാനമന്ത്രി തെര. കമീഷനെ ഭീഷണിപ്പെടുത്തുന്നു : കോടിയേരി ബാലകൃഷ‌്ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019


പ്രത്യേക ലേഖകൻ
ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള ബിജെപി, ആർഎസ‌്എസ‌് നേതാക്കൾ വിശ്വാസികളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ‘പ്രധാനമന്ത്രിതന്നെ തെരഞ്ഞെടുപ്പ‌് ചട്ടം ലംഘിക്കുകയാണ‌്. തെരഞ്ഞെടുപ്പ‌് കമീഷനെ ഭീഷണിപ്പെടുത്തി നിഷ‌്കൃിയമാക്കാനാണ‌് നീക്കം. പരസ്യമായി വർഗീയത പറഞ്ഞ‌് വോട്ട‌് തേടാനാണ‌് മോഡി അടക്കമുള്ള ബിജെപി നേതാക്കളുടെ ശ്രമം.

പ്രധാനമന്ത്രിയുടെ ചട്ടലംഘനം തെരഞ്ഞെടുപ്പ‌് കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തും’ കേസരി സ‌്മാരക ട്രസ‌്റ്റിന്റെ മുഖാമുഖം പരിപാടിയിൽ കോടിയേരി പറഞ്ഞു. ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമല്ല. കേരളത്തിലെ ജനവിധി എന്തായാലും അത‌് സുപ്രീംകോടതി വിധിയെ സ്വാധീനിക്കില്ല. യുവതീ പ്രവേശം സംബന്ധിച്ച‌് 12 വർഷം കേസ‌് നടന്നിട്ടും  ബിജെപിയും കോൺഗ്രസും നിലപാട‌് അറിയിച്ചില്ല.

വിധി വന്നപ്പോൾ അതിനെതിരെ കേന്ദ്ര സർക്കാരോ ബിജെപിയോ പുനഃപരിശോധനാ ഹർജിയും നൽകിയില്ല. വിധി മറികടക്കാൻ ഓർഡിനൻസ‌് കൊണ്ടുവരാനും തയ്യാറായില്ല. തങ്ങൾ വീണ്ടും അധികാരത്തിൽ വന്നാൽ സുപ്രീംകോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നാണ‌് ഇപ്പോൾ പറയുന്നത‌്. പുനഃപരിശോധനാ ഹർജിയിൽ വാദം പൂർത്തിയായ സ്ഥിതിക്ക‌് ഇനി ഒന്നും നടക്കില്ല.

ശബരിമലയെ തകർക്കാൻ കമ്യണിസ‌്റ്റുകാരും കോൺഗ്രസുകാരും മുസ്ലിംലീഗും ചേർന്ന‌് ശ്രമിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബംഗളൂരുവിൽ പ്രസംഗിച്ചത‌്. സന്നിധാനത്ത‌് കലാപമുണ്ടാക്കുകയും പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞ‌ുനിന്ന‌് ആചാരം ലംഘിച്ചവർക്കും വിശ്വാസത്തിന്റെ പേരിൽ വോട്ടുചോദിക്കാൻ അവകാശമില്ല.

ശബരിമല കർമസമിതി നേതാവ‌് സ്വാമി ചിദാനന്ദപുരി സന്യാസവേഷമിട്ട ആർഎസ‌്എസുകാരനാണ‌്. കേരളത്തിൽ വർഗീയ ഭിന്നിപ്പുണ്ടാക്കാൻ ചിദാനന്ദപുരിയെ ആർഎസ‌്എസ‌് ഉപയോഗിക്കുകയാണ‌്.

കേരളത്തിൽ കലാപനീക്കംം പരാജയപ്പെട്ടതിന്റെ അസഹിഷ‌്ണുതയാണ‌് സംഘപരിവാറിന‌്. ബിജെപിക്കെതിരെ മത്സരിക്കാൻ കോൺഗ്രസ‌് അധ്യക്ഷൻ തയ്യാറല്ല എന്നതിന്റെ തെളിവാണ‌് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രചാരണത്തിന‌് വന്നെടുത്തെല്ലാം എൽഡിഎഫാണ‌് ജയിച്ചത‌്. 

വയനാട്ടിൽ മുസ്ലിംലീഗ‌് ഉപയോഗിച്ചത‌് പാകിസ്ഥാൻ പതാകയല്ലെന്ന‌് അമിത‌് ഷായ‌്ക്ക‌് മറുപടി നൽകാൻ ഒരു കോൺഗ്രസ‌് നേതാവും തയ്യാറായിട്ടില്ല. അമിത‌് ഷാ പറഞ്ഞത‌് ബോധപൂർവമാണ‌്. പാകിസ്ഥാൻ പരാമർശം നടത്തി ന്യൂനപക്ഷത്തിനെതിരെയുള്ള വിരോധമാക്കി മാറ്റാനാണ‌് ബിജെപി ശ്രമിക്കുന്നത‌്.
മുസ്ലിംലീഗിനോടുള്ള എതിർപ്പ‌് മുസ്ലിം വിരോധമാക്കി മാറ്റാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ കോൺഗ്രസിനോ ലീഗിനോ ബിജെപിയെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു.

മോഡിയുടെ കടന്നാക്രമണത്തിനെ മതനിരപേക്ഷത ഉയർത്തി പ്രതിരോധിക്കാൻ കോൺഗ്രസിന‌് കഴിയുന്നില്ല. ഗോവധം, രാമക്ഷേത്ര നിർമാണം എന്നിവയിൽ കോൺഗ്രസിനും ബിജെപിക്കും സമാന നിലപാടാണ്. മുസ്ലിംലീഗ് മതമൗലികവാദ നിലപാട് സ്വീകരിക്കുന്ന മതാധിഷ്ഠിത പാർട്ടിയാണ്.
എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയതുതന്നെ മതമൗലികവാദ നിലപാട് വ്യക്തമാക്കുന്നതാണ്. എന്നാൽ, ഐഎൻഎൽ മതമൗലിക പാർട്ടിയല്ല. അതിന്റെ പേര് തന്നെ മതനിരപേക്ഷത വ്യക്തമാക്കുന്നു. കോൺഗ്രസിനോടും കമ്യൂണിസ്റ്റുകാരോടും ലീഗിന്റെ പേര് കൂട്ടി പറയുന്നതാണ് മോഡിയുടെ വർഗീയ അജൻഡ. 

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടും. ഒരിടത്തും  സർക്കാർവിരുദ്ധ വികാരമില്ല. എൽഡിഎഫ‌് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനം ജനവിധിയിൽ പ്രതിഫലിക്കും. കേരളത്തിൽ  ബിജെപിയുടെ വോട്ട‌് ബിജെപിക്ക‌്തന്നെ കിട്ടും എന്ന‌് ഉറപ്പിച്ച‌ുപറയാൻ അമിത് ഷായ‌്ക്ക് കഴിയുമോ. ബിഡിജെഎസ് മൽസരിക്കുന്ന മണ്ഡലങ്ങളിൽനിന്ന് ആർഎസ്എസുകാർ മറ്റ് മണ്ഡലങ്ങളിലേക്ക് മാറിയിരിക്കുന്നു.

തിരുവനന്തപുരത്ത് കോൺഗ്രസുകാർ പ്രവർത്തിക്കുന്നില്ലെന്ന് ശശി തരൂർ തന്നെ പരാതി പറഞ്ഞു. സംസ്ഥാനത്ത് എസ‌്ഡിപിഐയുടെയും ആർഎസ‌്എസിന്റെയും വോട്ട‌് വേണ്ടെന്ന് സിപിഐ എം  പറഞ്ഞിട്ടുണ്ട്. തമിഴ‌്നാട്ടിൽ സിപിഐ എം ഡിഎംകെയുമായാണ‌് സഖ്യത്തിലുള്ളത‌്. 

തെരഞ്ഞെടുപ്പ‌് സർവേയിൽ കാര്യമില്ല. ഇതുവരെയുള്ള ഏത‌് തെരഞ്ഞെടുപ്പ‌് സർവേയാണ‌് എൽഡിഎഫിന‌് അനുകൂലമായി പറഞ്ഞിട്ടുള്ളത‌്. ഞങ്ങൾക്ക‌ുവേണ്ടി സർവേ നടത്താമെന്ന‌് പറഞ്ഞ‌് ചിലർ സമീപിച്ചിരുന്നു. അതിന‌് പൈസ കൊടുക്കാനില്ലാത്തതിനാൽ വേണ്ടെന്ന‌് പറഞ്ഞു. പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയുടെ ആക്ഷേപങ്ങളിൽ കഴമ്പില്ല.

യുവമോർച്ച രാവിലെ പറയുന്നത‌് ഉച്ചയ‌്ക്ക‌ുശേഷം ചെന്നിത്തല ആവർത്തിക്കുന്നു. കൊച്ചി മൊട്രോയ‌്ക്ക‌് കൂടിയ പലിശയ‌്ക്ക‌് വായ‌്പ എടുത്തതിനെക്കുറിച്ച‌് ചോദിച്ചപ്പോൾ കെ എം മാണിയോട‌് ചോദിക്കാനാണ‌് പറഞ്ഞത‌്. ഇനി അതിന‌് കഴിയില്ലല്ലോ. ഇതാണ‌് ചെന്നിത്തലയെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top