22 March Friday

സമാധാനപരമായ ദർശനം തടസ്സം സംഘപരിവാർ: കോടിയേരി

പ്രത്യേക ലേഖകൻUpdated: Tuesday Nov 20, 2018

കോടിയേരി ബാലകൃഷ‌്ണൻ

ഭക്തജനങ്ങളുടെ സമാധാനപരമായ ശബരിമല ദർശനത്തിന‌്  തടസ്സം സൃഷ്ടിക്കുന്നത‌്  ആർഎസ‌്എസും ബിജെപിയുമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വ്യക്തമാക്കി. സംഘർഷമുണ്ടാകുമെന്ന ഭയമുണ്ടാക്കുന്നത‌് സംഘപരിവാറാണ‌്.  വൃശ്ചികം ഒന്നിനുതന്നെ ഹർത്താൽനടത്തി ഭക്തർക്ക‌്  ദുരിതങ്ങളുണ്ടാക്കി.

മണ്ഡല–-മകരവിളക്ക‌് കാലത്ത‌് ശബരിമല തീർഥാടനത്തെയും പത്തനംതിട്ട ജില്ലയെയും ഹർത്താലിൽനിന്ന‌് ഒഴിവാക്കാറുണ്ടായിരുന്നു. എന്നാൽ, വിശ്വാസത്തിന്റെപേരിൽ ഹർത്താൽ നടത്തിയവർ അത‌് ചെയ‌്തില്ലെന്ന‌് മാത്രമല്ല അയ്യപ്പഭക്തരെ വഴിനീളെ തടയുകയുംചെയ‌്തു. ഹർത്താൽ നാളിൽ ഒരു പ്രത്യേക വിഭാഗത്തെ തെരഞ്ഞുപിടിച്ച‌് ആക്രമിച്ചതും സംഘപരിവാറിന്റെ വർഗീയ അജൻഡ വ്യക്തമാക്കുന്നു.
തീർഥാടനത്തിന്റെ മൂന്നാംനാൾ വഴി തടഞ്ഞായിരുന്നു വിശ്വാസികളെ ദ്രോഹിച്ചത‌്. ഞായറാഴ‌്ച ഒരുകുഴപ്പവുമില്ലാതെ ഹരിവരാസനം ചൊല്ലി നടയടച്ചശേഷം കുഴപ്പമുണ്ടാക്കിയതും ആസൂത്രിത ഗൂഢാലോചനയുടെ തുടർച്ചയാണ‌്.

ഈ കുഴപ്പങ്ങൾക്ക‌് ചുക്കാൻപിടിച്ചത‌് അറിയപ്പെടുന്ന ആർഎസ‌്എസ‌് നേതാക്കളാണ‌്. നിരോധനാജ്ഞ ലംഘിച്ച‌് നടപ്പന്തലിൽ സമരംചെയ‌്തവരെ അറസ‌്റ്റ‌് ചെയ്യുകയല്ലാതെ പൊലീസിന‌് മറ്റ‌ുമാർഗമില്ല. തുടർന്ന‌് നവമാധ്യമങ്ങളിലൂടെ വ്യാപകമായി അക്രമ ആഹ്വാനം നടത്തി. പിന്നീട‌് പൊലീസ‌് സ‌്റ്റേഷനുകൾ അക്രമിക്കാൻ  ആഹ്വാനം നൽകി സംസ്ഥാനമാകെ കലാപമുണ്ടാക്കാൻ നീക്കംനടത്തി. കേരളത്തെ ലോകത്തിനുമുന്നിൽ ഇകഴ‌്ത്തിക്കാട്ടാനാണ‌് ശ്രമം. ഹിന്ദു വിശ്വാസികൾക്ക‌് രക്ഷയില്ലെന്ന‌് പ്രചരിപ്പിച്ച‌് അപകീർത്തിപ്പെടുത്താനാണ‌് ശ്രമം.  വ്യാജചിത്രങ്ങൾവരെ ഇതിനായി പ്രചരിപ്പിക്കുന്നു.

ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന‌് പറയുന്ന കേന്ദ്രമന്ത്രി അൽഫോൻസ‌് കണ്ണന്താനം ക്രമസമാധാനം തകർക്കുന്നവർക്കൊപ്പം നിൽക്കരുത‌്.  പകരം സംസ്ഥാന സർക്കാരിന്റെ നടപടികളുമായി സഹകരിക്കുകയാണ‌് വേണ്ടത‌്. കണ്ണന്താനം ശബരിമലയിലെ ടോയ‌്‌ലറ്റ‌് പരിശോധിച്ചതെല്ലാം നല്ല കാര്യമാണ‌്. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ആർക്കും ശബരിമലയിൽ വരാം. പക്ഷേ നിയമം പാലിക്കണമെന്ന‌് മാത്രം. പറ്റുമെങ്കിൽ ഇവിടത്തെ കാര്യങ്ങൾ മനസ്സിലാക്കിയശേഷം കണ്ണന്താനം ഡൽഹിയിൽ പോയി മോഡിയെ ബോധ്യപ്പെടുത്തണം. സുപ്രീംകോടതി വിധി തിരുത്തിക്കാൻ ഓർഡിനൻസ‌് ഇറക്കാനും പറയണം. അതല്ലാതെ ആർഎ‌സ‌്എസുകാർക്ക‌് കൂട്ടുനിൽക്കരുത‌്.  ഭരണഘടനാവിരുദ്ധ കാര്യങ്ങൾ ചെയ‌്താൽ സംസ്ഥാന സർക്കാരിന‌് നോക്കിനിൽക്കാനാകില്ല.  പ്രതിപക്ഷനേതാവ‌്  രമേശ‌് ചെന്നിത്തലയുടെ പ്രസ‌്താവന ആ പദവിക്ക‌് ചേർന്നതല്ല. 

ശബരിമലയിൽ അറസ്റ്റ‌് ചെയ‌്തത‌് മഴ നനയാതിരിക്കാൻ നടപ്പന്തലിൽ കയറിയവരെയാണെന്ന പ്രതികരണം ആർഎസ‌്എസുകാർക്ക‌് വേണ്ടിയാണ‌്. ഇത്തരം നീക്കങ്ങളിൽനിന്നു പിന്തിരിഞ്ഞ‌് കേരളത്തിലെ കോൺഗ്രസ‌് രാഹുൽ ഗാന്ധിയുടെ നിലപാടിലേക്ക‌് വരണം. കോൺഗ്രസിലെ ഒരുവിഭാഗം ഇപ്പോൾത്തന്നെ ആർഎസ‌്എസ‌് ആയി. അതിലൊരാളാണ‌് വർക്കിങ‌് പ്രസിഡന്റ‌്. വർക്കിങ‌് പ്രസിഡന്റ‌് ഉടൻ ആർഎസ‌്എസ‌് വർക്ക‌് ഏറ്റെടുക്കുമെന്നും കോടിയേരി പരിഹസിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top