22 October Tuesday

പരാജയം ഉറപ്പായപ്പോള്‍ യുഡിഎഫ് ചട്ടലംഘനം നടത്തുന്നു; എല്‍ഡിഎഫ് വിജയം സുനിശ്ചിതം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

പാലാ > പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വിജയം സുനിശ്ചിതമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമാധാനപരമായ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതും നേട്ടമാണ്. 

എന്നാല്‍ പരാജയം ഉറപ്പാണെന്ന്  മനസിലാക്കി ചട്ടം ലംഘിച്ചുള്ള പ്രചാരണം യുഡിഎഫ് നടത്തുകയാണ്. രാഷ്ട്രപിതാവിന്റെ ചിത്രംവെച്ച് ലഘുലേഖ പ്രചരിപ്പിക്കുന്നു. സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ പര്യാപ്തമായ ചട്ടലംഘനമാണിത്.

സംഭവത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെടുക്കണം. രാഷ്ട്രപിതാവിനെ പ്രചാരണത്തിലേക്ക് വലിച്ചിഴക്കുന്നത് ചട്ടലംഘനമാണ്. സ്ഥാനാര്‍ഥിയുടെ ചിഹ്നവും ചിത്രവും ലഘുലേഖയിലുണ്ട്.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ യുഡിഎഫ് പ്രചാരണത്തില്‍ ഉന്നയിച്ചില്ല. സഹതാപത്തിന്റെ പേരിലാണ് യുഡിഎഫ് വോട്ടു തേടുന്നത്. ഇപ്പോള്‍ മഹാനെന്ന് യുഡിഎഫുകാര്‍ പറയുന്ന കെ എം മാണിയോട് ഏറ്റവും ക്രൂരത കാണിച്ചത് യുഡിഎഫാണ്. നിരവധി  അവസരങ്ങളുണ്ടായിട്ടും മാണിയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ബാര്‍ കോഴക്കേസില്‍ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് കെ എം മാണി തന്നെ ആരോപണമുന്നയിച്ചിരുന്നതാണ്.
|
കേരള കോണ്‍ഗ്രസ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ജോസ് കെ മാണിയുടെ പക്കലുണ്ടാകും. റിപ്പോര്‍ട്ട് പുറത്തു വിടാന്‍ തയ്യാറുണ്ടോ? കെ എം മാണിയെ ഒതുക്കാനാണ് കേസില്‍ പ്രതിചേര്‍ത്തത് എന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. കെ എം മാണിയെ പ്രതിചേര്‍ത്തത് തെറ്റായിപ്പോയെന്ന് കുറ്റസമ്മതം നടത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറുണ്ടോ? മാണിയോട് കൂറുള്ളവര്‍ക്ക് രണ്ടില ചിഹ്നം പോലും കൊടുക്കാന്‍ കഴിഞ്ഞില്ല.

ജോസ് കെ മാണി -  ജോസഫ് തര്‍ക്കം ഇനിയും തുടരും. പാലാ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ജോസഫ് ഗ്രൂപ്പിനൊപ്പം നില്‍ക്കുന്നുവെന്ന് ഇന്നലെയാണ് പ്രഖ്യാപിച്ചത്.

ബിജെപി വോട്ട് യുഡിഎഫിനു മറിച്ചു കൊടുക്കുന്നത് പതിവാണ്. എന്നാല്‍ പാലായില്‍ അതൊന്നും എല്‍ഡിഎഫ് വിജയത്തെ ബാധിക്കില്ല. പാലായില്‍ മാണി സി കാപ്പന്‍ ജയിച്ചാല്‍ മന്ത്രിയാക്കുമോ എന്ന ചോദ്യത്തിന് എല്ലാ എംഎല്‍എമാര്‍ക്കും മന്ത്രിയാകാന്‍ അവകാശമുണ്ടെന്നായിരുന്നു കോടിയേരിയുടെ മറുപടി.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top