21 September Saturday

ദുരിതബാധിതരുടെ ആവാസ പരിസരം പുനരുജ്ജീവിപ്പിക്കാന്‍ സിപിഐ എം മുന്നിലുണ്ടാകും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2019

നിലമ്പൂര്‍ > കവളപ്പാറയിലെ ദുരിതബാധിതരുടെ ആവാസ പരിസരം പുനരുജ്ജീവിപ്പിക്കാന്‍ സിപിഐ എം മുന്നിലുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ല നിലയില്‍ ഇവിടെ ഇടപെടുന്നുണ്ട്. അത് തുടരും. കവളപ്പാറയിലെ ദുരന്തബാധിതരോട് സംസാരിച്ചു. അവരുടെ വിഷമങ്ങള്‍ പങ്കുവെച്ചത് അവിടുത്തെ പാര്‍ട്ടി നേതൃത്വത്തിന്റെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടിയേരി അറിയിച്ചു.

കോടിയേരി ബാലകൃഷ്‌ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്


കവളപ്പാറയുടെ ദുഖം വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകള്‍ മനസില്‍ നിന്ന് മാഞ്ഞു പോകുന്നില്ല. ആ ഗ്രാമം അവശേഷിപ്പുകള്‍ തിരയുകയാണ്. യന്ത്രക്കൈകള്‍ കോരിയെടുക്കുന്ന മണ്‍കൂനകളിലേക്ക് ഹൃദയവേദനയോടെ ഉറ്റുനോക്കുന്ന പ്രദേശവാസികള്‍ നമ്മുടെ നെഞ്ചില്‍ വേദനയായി പുകഞ്ഞുപൊങ്ങും.

ഭൂദാനം-കവളപ്പാറ റോഡിന് തെക്കുഭാഗത്തെ മുത്തപ്പന്‍മലയാണ് ഇടിഞ്ഞ് താണത്. 500 മീറ്ററോളം ഉയരത്തില്‍ ഉരുള്‍പൊട്ടി അടര്‍ന്ന മല മൂന്നുഭാഗങ്ങളായി അടിവാരത്തെ വീടുകളുടെ മുകളിലേക്ക് അമരുകയായിരുന്നു. 40 അടിവരെ ഉയരത്തില്‍ വീടുകള്‍ക്കുമുകളില്‍ മണ്ണുമൂടിയിട്ടുണ്ട്. 41 വീടുകള്‍ അതില്‍ പുതഞ്ഞിരിക്കുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

സമീപത്തെ ടാറിട്ട റോഡ് പൂര്‍ണമായും നശിച്ചു. മുത്തപ്പന്‍മലയുടെ മണ്ണിടിഞ്ഞ മുകള്‍ഭാഗത്ത് ഇപ്പോഴും ഉറവപൊട്ടി ഒഴുകുന്നുണ്ട്. കൂറ്റന്‍ കല്ലുകളും മരങ്ങളും ചെളിയില്‍ പുതഞ്ഞ് കിടക്കുന്നതിനാല്‍ മുകളിലേക്ക് കയറുക പ്രയാസം. അന്‍പത് ഏക്കറോളം സ്ഥലത്ത് കൃഷിചെയ്ത തെങ്ങും കവുങ്ങും മറ്റ് മരങ്ങളും മണ്ണില്‍ പുതഞ്ഞിരിക്കുന്നു.

മണ്ണില്‍ പുതഞ്ഞ കളിപ്പാട്ടങ്ങള്‍, ചെളിപുരണ്ട പുത്തനുടുപ്പ്, പുസ്തകങ്ങള്‍.. വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍... ദുരന്തത്തിന്റെ ശേഷിപ്പുകളാണ് അവിടമാകെയുള്ളത്.

കവളപ്പാറയിലെ ദുരന്തബാധിതരോട് സംസാരിച്ചു. അവരുടെ വിഷമങ്ങള്‍ പങ്കുവെച്ചത് അവിടുത്തെ പാര്‍ട്ടി നേതൃത്വത്തിന്റെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തി.

സിപിഐ എം കണ്ണീരുണങ്ങാത്ത ഈ ജനങ്ങളുടെ കൂടെയാണ്. അവരുടെ ആവാസ പരിസരം പുനരുജ്ജീവിപ്പിക്കാന്‍ പാര്‍ട്ടി മുന്നിലുണ്ടാവും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ല നിലയില്‍ ഇവിടെ ഇടപെടുന്നുണ്ട്. അത് തുടരും. ഇവരുടെ കണ്ണുനീരൊപ്പാന്‍, മാനസികമായി തകര്‍ന്നവരെ ചങ്കുറപ്പുള്ളവരാക്കി മാറ്റാന്‍, നഷ്ടപ്പെട്ടു പോയവര്‍ക്ക് പകരമാവില്ലെങ്കിലും കൂടപ്പിറപ്പുകളായി നമ്മളുണ്ടെന്ന് പറയാന്‍ നമുക്കാവണം.

നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top