20 June Thursday

സമകാലിക രാഷ്‌ട്രീയ വിഷയങ്ങളുടെ ചർച്ചാ വേദിയായി 'കോടിയേരിയോട് ചോദിക്കാം'

വെബ് ഡെസ്‌ക്‌Updated: Tuesday Feb 5, 2019

കൊച്ചി > സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഫേസ്‌ബുക്കില്‍ തത്സമയം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന പരിപാടി 'കോടിയേരിയോട് ചോദിക്കാം' സമകാലിക രാഷ്‌ട്രീയ വിഷയങ്ങളുടെ ചർച്ചാ വേദിയായി. സിപിഐ എം കേരള യുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ്‌ കോടിയേരി തത്സമയം ചേദ്യങ്ങൾക്ക്‌ മറുപടി നല്‍കിയത്‌. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ പ്രസക്തി ആമുഖമായി പറഞ്ഞുകൊണ്ടാണ്‌ ചർച്ച പരിപാടി തുടങ്ങിയത്‌.

മോഡി സർക്കാറിനെ പുറത്താക്കി ഒരു മതനിരപേക്ഷ സർക്കാറിനെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കണം. അതിന്‌ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ ലോക്‌സഭയിൽ പരമാവധി വർധിപ്പിക്കേണ്ടതുണ്ട്‌. 2014 ൽ ഇടതുപക്ഷത്തിന്‌ 62 സീറ്റുകൾ കിട്ടിയതാണ്‌ വാജ്‌പേയി ഗവൺമെന്റിനെ അധികാരത്തിൽ നിന്ന്‌ പുറത്താക്കാൻ നിർണായകമായത്‌. അന്ന്‌ കേരളത്തിൽ നിന്ന്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ 18 സീറ്റുകൾ ലഭിച്ചു. ആ ദൗത്യം 2019 തിലും ജനങ്ങൾ ഏറ്റെടുക്കണം. ഇന്ന്‌ ബിജെപി സർക്കാർ നടപ്പിലാക്കുന്ന ഉദാര വൽക്കരണ നയങ്ങൾ നടപ്പിലാക്കുന്ന ഒരു സർക്കാരിന്‌ പകരം ബധൽ നയം മുന്നോട്ടുവെക്കുന്ന ഒരു സർക്കാർ ദേശീയ തലത്തിൽ വരണം. അതിന്‌ എല്ലാവരും സഹകരിക്കണമെന്നും കേടിയേരി ആമുഖമായി പറഞ്ഞു.

രാത്രി എട്ട്മണിക്ക് ആരംഭിച്ച പരിപാടിയിൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ധാരാളം ആളുകളാണ്‌ കമന്റിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ചത്‌. തെരഞ്ഞെടുപ്പിന്‌ മുന്നേ പുറത്തുവരുന്ന സർവേ റിപ്പോർട്ടുകളെക്കുറിച്ചായിരുന്നു ആദ്യ ചോദ്യം. ലോക്‌ സഭാതെരഞ്ഞെടുപ്പിന്റെ ചർച്ചകൾ ആരംഭിച്ചതേയുള്ളുവെന്നും സർവേ റിപ്പോർട്ടിൽ യാതൊരു യാഥാർത്യവുമില്ലെന്നും കോടിയേരി മറുപടി നൽകി . ഇതിന്‌ മുമ്പും വസ്‌തുതക്ക്‌ നിരക്കാത്ത ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്‌. അതിന്‌ വലിയ ഉദാഹരണമാണ്‌ 2004 ലേത്‌. അന്ന്‌ ഭൂരിഭാഗം സർവേ റിപ്പോർട്ടുകൾ പ്രവചിച്ചത്‌ യുഡിഎഫിന്‌ 14 ഉം എൽഡിഎഫിന്‌ 6 ഉം സീറ്റായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ എൽഡിഎഫിന്‌ 18 ഉം യുഡുഎഫിന്‌ 1 സീറ്റുമാണ്‌ ലഭിച്ചത്‌. എല്ലാ സർവേ റിപ്പോർട്ടുകൾക്കും വിരുദ്ധമായിരുന്നു തെരഞ്ഞെടുപ്പ്‌ ഫലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന്‌ 91 സീറ്റ്‌ കിട്ടുമെന്ന്‌ ആരും  പ്രവചിച്ചിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.

രാജ്യത്തെ തൊഴിൽ മേഖലയെ കുറിച്ചും ചോദ്യങ്ങളുണ്ടായി. വർഷം രണ്ട്‌ കോടി തൊഴിൽ സൃഷ്‌ടിക്കുമെന്ന്‌ പറഞ്ഞ  കേന്ദ്രസർക്കാർ യുവാക്കളെ പറ്റിച്ചു. എന്നാൽ  കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ ഇതിന്‌ എന്ത്‌ നടപടിയാണ്‌ സ്വീകരിച്ചത്‌ എന്നായിരുന്നു ചോദ്യം. കേന്ദ്രസർക്കാരിന്റെ പൊള്ളയായ വാഗ്‌ദാനങ്ങളെ തുറന്നുകാട്ടിയ കോടിയേരി തൊഴിൽ മേഖലയിൽ സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ വിശദീകരിച്ചു. രണ്ടര വർഷം കൊണ്ട്‌ ഒരു ലക്ഷത്തോളം പേർക്ക്‌ പിഎസ്‌സി വഴി തൊഴിൽ നൽകി. ഇത്‌ സർവകാല റെക്കോർഡാണ്‌.  ഇക്കാലയളവിൽ ഇരുപതിനായിരത്തോളം പുതിയ തസ്‌തിക സൃഷ്‌ടിച്ചു. നിയമന നിരോധനം എടുത്തുകളഞ്ഞതും ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ്‌. ആദിവാസി‐പട്ടികവർഗ വിഭാഗങ്ങളിൽ നിന്ന്‌ ബിഎഡും എംഎഡും പൂർത്തിയാക്കിയ 300 പേർക്ക്‌ ജോലി നൽകി. പൊലീസിലും എക്‌സൈസിലും ആദിവാസി വിഭാഗത്തിൽ പ്പെട്ട 100 പേരെ നിയമിച്ചു. ഏറ്റവും അവഗണിക്കപ്പെട്ടവർക്ക്‌ ഈ സർക്കാർ പ്രത്യേക പരിഗണ നൽകിയെന്നും കോടിയേരി പറഞ്ഞു.

കീഴാറ്റൂരിലെ വയൽക്കിളി സമരം ഒത്തുതീർപ്പായതെങ്ങനെ എന്നായിരുന്നു അടുത്ത ചോദ്യം. കുറേപേരെ തെറ്റിധരിപ്പിക്കാൻ ചിലർക്ക്‌ സാധിച്ചത്‌ കൊണ്ടായിരുന്നു അവിടെ സമരം നടന്നത്‌. എന്നാൽ യാഥാർത്ഥ്യം മനസിലായതോടെ സ്ഥലം വിട്ടുനൽകാൻ പ്രദേശവാസികൾ തയ്യാറായെന്നായിരുന്നു കോടിയേരിയുടെ മറുപടി. സോഷ്യൽ മീഡിയയോട്‌ പാർടിയുടെ സമീപനമെന്താണെന്നും  ചോദ്യമുണ്ടായി. സാമൂഹ്യമാധ്യമങ്ങൾക്ക്‌ ഇന്നത്തെ സമൂഹത്തിൽ വലിയ പങ്ക്‌ വഹിക്കാനുണ്ട്‌. രാജ്യത്തെ അച്ചടി‐ദൃഷ്യമാധ്യമങ്ങൾ ഭൂരിഭാഗവും കോർപറേറ്റുകളുടെ നിയന്ത്രണത്തിലാണ്‌. അവ ബിജെപിയുടെയോ കോൺഗ്രസിന്റെയോ കൂടെ നിൽക്കുന്നവയാണ്‌. ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നം പുറത്ത്‌ കൊണ്ടുവരാൻ മാധ്യമങ്ങൾക്ക്‌ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

സർക്കാരിന്റെ 1000 ദിനങ്ങൾ എങ്ങനെ വിലയിരുത്തുന്നുവെന്ന  ചോദ്യത്തിന്‌ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നു എന്നതാണ്‌ ഈ സർക്കാറിന്റെ പ്രത്യേകതയെന്നായിരുന്നു മറുപടി.  പ്രകടനപത്രിക കേവലം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കാനുള്ളതെന്ന്‌ പറഞ്ഞവരാണ്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌ക്കരിയും ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയും. എന്നാൽ എൽഡിഎഫ്‌ സർക്കാർ വാഗ്‌ദാനങ്ങൾ നടപ്പാക്കുകയും ഓരോ വർഷവും നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച്‌ പ്രോഗ്രസ്‌ റിപ്പോർട്‌ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. ഇന്ത്യയിൽ ഇത്‌ ചെയ്‌തത്‌ പിണറായി സർക്കാർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top