16 June Sunday

രാമക്ഷേത്രം നിര്‍മിക്കുമെന്ന റാവത്തിന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് നിലപാടോ? രാഹുലും മുല്ലപ്പള്ളിയും വ്യക്തമാക്കണം: കോടിയേരി

പ്രത്യേക ലേഖകന്‍Updated: Saturday Feb 23, 2019

ആലപ്പുഴ > കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്ന എഐസിസി ജനറല്‍ സെക്രട്ടറി  ഹരീഷ് റാവത്തിന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് നിലപാടാണോയെന്ന്  രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ആ അഭിപ്രായം തള്ളിക്കളയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍  ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ യുഡിഎഫും ജാഥ നടത്തുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അഭിപ്രായം  വ്യകതമാക്കണം. കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് മുസ്ലിം ലീഗും പറയണം. ആര്‍എസ്എസിന്റെ അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുന്നതെങ്കില്‍ ഇവര്‍ക്ക് എങ്ങനെ മതനിരപേക്ഷത സംരക്ഷിക്കാനാകും.  കോണ്‍ഗ്രസ് മുന്‍ നിലപാടില്‍ നിന്നു വ്യതിചലിക്കുന്നുവെന്നാണ് പ്രസ്താവന തെളിയിക്കുന്നത്. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനു കഴിയി്‌ല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ നിലപാട്.

രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുകയും ഈ വിഷയത്തില്‍ ആര്‍എസ്എസ് കലാപത്തിനു തയ്യാറെടുക്കുകയും ചെയ്യുമ്പോഴാണ് വിശ്വഹിന്ദുപരിഷത്തിനെ കൂടെ നിര്‍ത്താന്‍ ആര്‍എസ്എസ് നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഉദാരവല്‍ക്കരണ നയം  തെറ്റാണെന്നു പറയാനോ മാറ്റുമെന്നു പറയാനോ കോണ്‍ഗ്രസ് തയ്യാറല്ല. ബദല്‍ നയങ്ങള്‍ നടപ്പാക്കണമെങ്കില്‍ ഇടതുപക്ഷത്തിന് അംഗബലം  വര്‍ധിക്കണം. അതിന് സാധ്യതയുള്ള കേരളം കൂടെ നില്‍ക്കണം.

കേരളത്തെ രക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചത് ബിജെപിയാണെന്ന  പ്രസിഡന്റ് അമിത്ഷായുടെ പ്രസ്താവന വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. കേരളത്തിലെ ബഹുഭൂരിപക്ഷം പേരെയും സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനത്തിനു പുറത്തു നിര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍.  കേരളത്തിനു ഗുണകരമല്ലാത്ത ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവന്നത് യുപിഎ സര്‍ക്കാരാണ്. യുഡിഎഫ് വന്നപ്പോള്‍  ഇതു നടപ്പാക്കാതിരുന്ന ബിജെപി സര്‍ക്കാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ നടപ്പാക്കുകയാണ്.

കഞ്ചിക്കോട്ട് സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്തു കൊടുത്തില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. എന്നാല്‍ സ്ഥലം വി എസിന്റെ ഭരണകാലത്തു തന്നെ പൊന്നും വിലയ്ക്ക്എടുത്തുകൊടുത്തതാണ്. 22 സംസ്ഥാനങ്ങളിലും എഐഎംഎസ് അനുവദിച്ചിട്ടും കേരളത്തിനു തന്നില്ല. എഐഎംഎസിന് എവിടെ വേണമെങ്കിലും  സ്ഥലം കൊടുക്കാമെന്ന് സംസ്ഥാനം അറിയിച്ചിട്ടുള്ളതാണ്. ഐ ഐടിക്കും കേരള സര്‍ക്കാര്‍ സ്ഥലം നല്‍കിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.  ഐഐടി തുടങ്ങിയത് അദ്ദേഹം അറിഞ്ഞില്ല.

പ്രളയത്തിനു ശേഷം കേരളം പുനര്‍നിര്‍മ്മിക്കാന്‍ 3100 കോടി വേണ്ടിടത്ത് കേന്ദ്രം 600 കോടിയാണ് തന്നത്. 2000 കോടി പ്രഖ്യാപിച്ചിട്ടും  തന്നില്ല. പ്രളയ കാലത്തു തന്ന അരിയ്ക്കും പഞ്ചസാരയ്ക്കും കണക്കു പറഞ്ഞു പണം വാങ്ങി. സൈനിക സഹായത്തിനും പണം ചോദിച്ചു.  മറ്റു രാജ്യങ്ങളില്‍നിന്നുള്ള സഹായം വാങ്ങാനും അനുവദിച്ചില്ല. വിവേചനം കാട്ടിയിട്ട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തെറ്റിദ്ധരിപ്പിക്കാനാണ് അമിത്ഷായുടെ  ശ്രമം.  

രാഷ്ട്രീയത്തില്‍ അക്രമം പാടില്ലെന്നും  സംവാദമാണ് വേണ്ടതെന്നുമാണ്  സിപിഐ എം നിലപാട്. കാസര്‍കോട്ടെ കൊലപാതകത്തിന്റെ കാര്യത്തില്‍ സിപിഐ എം നിര്‍ദ്ദാക്ഷിണ്യം പെരുമാറുകയും പ്രതിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തു. സിപിഐ എമ്മിനു പ്രവര്‍ത്തനസ്വാതന്ത്ര്യം കോണ്‍ഗ്രസ് അനുവദിക്കാത്ത ബസ്ഥലത്ത് പാര്‍ട്ടി ഓഫീസ് സ്ഥാപിച്ചതു മുതലാണ കോണ്‍ഗ്രസ് അക്രമം തുടങ്ങിയത്. അതു പരിഹരിക്കാനുള്ള വഴി കൊലപാതകമല്ല. അക്രമം വഴി ഏതെങ്കിലും പാര്‍ട്ടിയെ നശിപ്പിക്കുവാന്‍ കഴിയുമെങ്കില്‍ ആദ്യം നശിക്കേണ്ടത് സിപിഐ എമ്മായിരുന്നു.

മുഖ്യമന്ത്രി കൊല്ലപ്പെട്ടയാളെുടെ വീട്ടില്‍ പോകുമ്പോള്‍ തടഞ്ഞാല്‍ സമാധാനഭംഗമുണ്ടാകുമെന്നതിനാലാണ് പോകാതിരുന്നത്. അങ്ങനെ മാറിനില്‍ക്കുന്നത് ദൗര്‍ബല്യമായി കാണരുത്. എംഎല്‍എയെയും  എംപിയേയും പോകാന്‍ അനുവദിക്കാത്തത് തങ്ങള്‍ക്കു സ്വാധീനമുള്ളിടത്ത് ആരെയും കയറ്റില്ലെന്ന കോണ്‍ഗ്രസ് നിലപാടുകൊണ്ടാണ്. ചില  മാധ്യമ മേധാവികള്‍ യുഡിഎഫ് ഘടക കക്ഷിയെപ്പൊലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top