29 February Saturday

നിയമസഭയെയും സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

തിരുവനന്തപുരം > കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും, അനാവശ്യ ഇടപെടലുകളും നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയെയും, സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണെന്നും കോടിയേരി 'ദേശാഭിമാനി'യില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. 

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും വെല്ലുവിളി നേരിടുന്നു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം പ്രക്ഷോഭച്ചൂടിലാണ്. ഭരണഘടന പൗരന് നല്‍കുന്ന മൗലിക അവകാശങ്ങള്‍ ഇല്ലാതാക്കി ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ആര്‍എസ്എസ് അജണ്ടയാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ദേശീയമായി ഇരുണ്ട ഈ അന്തരീക്ഷത്തിലും ബദല്‍ രാഷ്ട്രീയത്തിന്റെ പ്രകാശം പരത്തുന്നത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസന പദ്ധതികളും ക്ഷേമപദ്ധതികളും നടപ്പാക്കുന്നതില്‍ വലിയ ശ്രദ്ധയും കരുതലുമാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തെ കേരളം മുന്നില്‍നിന്ന് നയിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമ പോരാട്ടത്തിനായി ഇപ്പോള്‍ സുപ്രീംകോടതിയെയും കേരളം സമീപിച്ചിരിക്കുകയാണ്. ഇതെല്ലാം ഭരണഘടനാനുസൃതമായ നടപടികളാണ്.

ഭരണഘടനാ സംരക്ഷണത്തിനു വേണ്ടി 26 ന് കേരളത്തില്‍ നടത്തുന്ന മനുഷ്യ മഹാശൃംഖല ഈ ദിശയിലേക്കുള്ള വലിയൊരു പോരാട്ടമാണെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top