22 September Sunday

എസ്‌ഡിപിഐയെ എതിർക്കാൻപോലും കഴിയാത്ത പാർടിയായി കോൺഗ്രസ്‌ മാറി: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

ന്യൂഡൽഹി> എസ്‌ഡിപിഐയെ തുറന്ന്‌ എതിർക്കാൻപോലും കഴിയാത്ത പാർടിയായി കോൺഗ്രസ്‌ മാറിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. അവരുടെ രാഷ്‌ട്രീയ അധപതനത്തിന്റെ ഏറ്റവും വലിയ തെളിവാണിത്‌. കോൺഗ്രസിൽ എസ്‌ഡിപിഐ അനുകൂലിക്കുന്നവരും ആർഎസ്‌എസിനെ അനുകൂലിക്കുന്നവരും ഉണ്ട്‌. അതുകൊണ്ടാണ്‌ ചാവക്കാട്‌ സ്വന്തം പ്രവർത്തകനായ നൗഷാദ്‌ കൊല്ലപ്പെട്ട സംഭവത്തിൽ എസ്‌ഡിപിഐയുടെ പങ്ക്‌ ചൂണ്ടിക്കാട്ടാൻ കോൺഗ്രസ്‌ നേതാക്കൾക്ക്‌ കഴിയാത്തത്‌. സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിച്ച അനിൽ അക്കരെ എംഎൽഎയും ആ കൂട്ടത്തിൽപ്പെട്ട ഒരാളാണെന്ന്‌ കോടിയേരി പറഞ്ഞു. ഡൽഹി കേരള ഹൗസിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു കോടിയേരി.

നൗഷാദിന്റെ കൊലപാതകം അപലപനീയമാണ്‌. കൊലനടത്തിയത്‌ എസ്‌ഡിപിഐക്കാരാണ്‌ എന്ന റിപ്പോർട്ടാണുള്ളത്‌. എസ്‌ഡിപിഐ കേരളത്തിൽ തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടത്തുകയാണ്‌. മഹാരാജാസ്‌ കോളേജിൽ അഭിമന്യുവിനെ കൊന്ന കൊലയാളി സംഘം അവരുടെ കൊലക്കത്തി താഴെവെച്ചിട്ടില്ല എന്നതാണ്‌ ചാവക്കാട്ടെ സംഭവം വ്യക്തമാക്കുന്നത്‌. എസ്‌ഡിപിഐയും ആർഎസ്‌എസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്‌. ഈ രണ്ടു വർഗീയ ശക്തികളും കൂടി കേരളത്തെ ഒരു കലാപഭൂമിയാക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇത്തരം വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കണം. കൊലപാതക സംഘത്തെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടതായി കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top