25 August Sunday

കൊച്ചി മെട്രോ കാൻഡിലിവർ പാലത്തിലെത്തി; ഓണത്തിന്‌ തൈക്കൂടം വരെ ഓടിയെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കൊച്ചി > തൈക്കൂടം വരെയുള്ള മെട്രോ റയിലിന്റെ അടുത്തഘട്ടം തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ട്രയല്‍ റണ്ണിന് തുടക്കമായി. മഹാരാജാസ് മുതല്‍ സൗത്ത്‌ വരെയുള്ള 1.3 കി.മീ ദൂരമാണ്‌ മെട്രോ സഞ്ചരിച്ചത്‌. പ്രധാനമായും കാൻഡിലിവർ പാലത്തിന്റെ ശേഷി പരിശോധിക്കുന്നതിനാണ്‌ ട്രയൽറൺ നടത്തിയത്‌. കൊച്ചി മെട്രോയിൽ ആദ്യമായാണ്‌ കാൻഡിലിവർ പാലം നിർമിക്കുന്നത്‌. തൈക്കൂടം വരെയുള്ള പാത സെപ്റ്റംബറില്‍ ഓണത്തിനോടനുബന്ധിച്ച്‌ തുറന്നുനല്‍കാന്‍ കഴിയുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ.

90 ശതമാനം ട്രാക്കിന്റെ പണി ഇതിനോടകം പൂർത്തിയായിട്ടുണ്ട്‌. സ്‌റ്റേഷനുകളുടെ നിർമാണം അന്തിമഘട്ടത്തിലാണെന്ന്‌ കെഎംആർഎൽ അറിയിച്ചു. രാവിലെ ഏഴിനാണ് മഹരാജാസ് സ്റ്റേഷനില്‍നിന്ന് മെട്രോയുടെ ട്രയല്‍ റണ്‍ ആരംഭിച്ചത്. മണിക്കൂറില്‍ കേവലം അഞ്ചുകിലോമീറ്റര്‍ മാത്രം വേഗത്തില്‍ കടവന്ത്രവരെയാണ് ട്രയല്‍ തീരുമാനിച്ചതെങ്കിലും സൗത്ത് റയില്‍വെ ലൈനിന് മുകളിലെ പാതയില്‍ യാത്ര അവസാനിപ്പിച്ചു. പാലത്തിന്റെ ശേഷി പരിശോധിക്കുന്നതിനായാണ്‌ ഇത്‌. മെട്രോയുടെ ഏറ്റവും സങ്കീര്‍ണമായ നിര്‍മാണജോലികള്‍ നടന്നത്‌ സൗത്തിലെ ഈ പാതയിലാണ്. കമ്പാർട്ട്‌മെന്റുകളില്‍ യാത്രക്കാരുടെ ഭാരത്തിന് ആനുപാതികമായി മണല്‍ചാക്കുകള്‍ നിറച്ചായിരുന്നു മെട്രോയുടെ യാത്ര.

ഈ മാസം അവസാനത്തോടെ മുപ്പത്തിമൂന്നുകോടിരൂപ വിലയുള്ള ഒരു മെട്രോ ട്രെയിന്‍കൂടി കെഎംആര്‍എല്ലിന് ലഭിക്കും. ഇതോടെ കെഎംആര്‍എല്ലിന്റെ മെട്രോ ട്രെയിനുകളുടെ എണ്ണം ഇരുപത്തിയഞ്ചാകും.

കാൻഡിലിവർ പാലം:

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് മുകളിലൂടെ പണിതിട്ടുള്ള കാന്‍ഡിലിവര്‍ പാലത്തെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. 90 മീറ്റര്‍ നീളമുളള വളഞ്ഞ ആകൃതിയിലുളള മെട്രോ കാന്‍ഡിലിവര്‍ പാലം രാജ്യത്ത് തന്നെ ആദ്യമാണ്. എറണാകുളം മഹാരാജാസ് കോളേജ് ഭാഗത്ത് നിന്ന് തുടങ്ങി കടവന്ത്ര വരെ നീളുന്ന പാതയിലാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്. 152 മീറ്റര്‍ നീളത്തിലുളള പാലം ഉള്‍പ്പെടുന്ന പാതയുടെ ഭാഗം അതീവ ശ്രദ്ധയോടെയാണ് നിര്‍മ്മാണം പുർത്തീകരിച്ചത്.

സൗത്ത് റെയില്‍വേ സ്റ്റേഷന് മുകളിലൂടെ നിര്‍മ്മിച്ച പാലത്തിന് തൂണുകളില്ല. രാജ്യത്തെ മറ്റ് മെട്രോകളില്‍ കാന്‍ഡിലിവര്‍ പാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും വളഞ്ഞ ആകൃതിയിലുളള തൂണുകളില്ലാത്ത ബാലന്‍സിഡ് കാന്‍ഡിലിവര്‍ ബ്രിഡ്ജ് രാജ്യത്ത് ആദ്യമാണ്. മൂന്ന് മീറ്റര്‍ വീതം നീളത്തില്‍ രണ്ടുവശത്തുനിന്നും നിര്‍മ്മിച്ച പാലം 14 മത്തെ ഘ‍ട്ടത്തിലാണ്‌ പരസ്പരം കൂട്ടിമുട്ടുന്നത്‌. നിര്‍മ്മാണത്തില്‍ ഒരു സെന്‍റിമീറ്ററിന്‍റെ വ്യത്യാസം വന്നാല്‍ പോലും പദ്ധതി ആദ്യം മുതല്‍ പുനര്‍നിര്‍മ്മിക്കേണ്ടി വരുമെന്നതിനാല്‍ ഓരോ മീറ്റര്‍ നിര്‍മ്മാണം കഴിഞ്ഞപ്പോഴും മെട്രോയുടെ എൻജിനീയറിങ്‌ വിഭാഗം പരിശോധന നടത്തിയിരുന്നു. പാലം പൂര്‍ത്തിയായതോടെ തൃപ്പൂണിത്തുറ വരെയുളള പാത ദീര്‍ഘിപ്പിക്കലിനും വേഗതയേറും.


പ്രധാന വാർത്തകൾ
 Top