21 February Thursday

മെട്രോ കുതിപ്പിന് ഒരുവര്‍ഷം; 19ന് സൗജന്യയാത്ര

അഞ‌്ജുനാഥ‌്Updated: Friday Jun 15, 2018

നാളെയുടെ നഗരത്തിന് മെട്രോ റെയില്‍ സ്വന്തമായിട്ട് ഒരുവര്‍ഷം. 2017 ജൂണ്‍ 17 നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി  നരേന്ദ്രമോഡി നിര്‍വഹിച്ചത്. 19 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി. ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു ആദ്യ സര്‍വീസ്. ഒക്‌ടോബറില്‍ മഹാരാജാസ് കോളേജ് വരെ സര്‍വീസ് നീട്ടി.  ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.
ഒരുവര്‍ഷത്തിനുള്ളില്‍ മെട്രോ നഗരത്തിന്റെ മുഖച്ഛായ മാറ്റി. പുതിയൊരു ഗതാഗത സംസ്‌കാരത്തിന് മെട്രോ തുടക്കമിട്ടു. മെട്രോയുടെ തൂണുകളുടെ നമ്പര്‍ നഗരത്തിന്റെ പ്രധാന ദിശാസൂചകങ്ങളായി. പല വ്യാപാരസ്ഥാപനങ്ങളും മെട്രോയുടെ ഇന്ന നമ്പര്‍ തൂണിനടുത്ത് എന്നു പരസ്യം നല്‍കിത്തുടങ്ങി.

ദൂരദേശങ്ങളില്‍നിന്ന് നഗരത്തിലെത്തുന്നവര്‍ മെട്രോയില്‍ ഒരു യാത്ര നിര്‍ബന്ധമാക്കി. യാത്രാ നിരക്കിനെപ്പറ്റി തുടക്കത്തില്‍ ചെറിയ ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും ഇത് തെറ്റാണെന്ന് പിന്നീടു തെളിഞ്ഞു. ഒരു വര്‍ഷം കൊണ്ടുതന്നെ മെട്രോയുടെ നഷ്ടം പകുതിയായി കുറയ്ക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ എത്രത്തോളം 'ആകാശവണ്ടി'യെ ഇഷ്ടപ്പെടുന്നു എന്നതിന് നേര്‍സാക്ഷ്യമാകുന്നു.

പോരാട്ടത്തിന്റെയും സഹനത്തിന്റെയും വളരെക്കാലത്തെ ചരിത്രം കൊച്ചി മെട്രോയ്ക്ക് പറയാനുണ്ട്. പദ്ധതി നടത്തിപ്പില്‍നിന്ന് ഡിഎംആര്‍സിയെയും  ലോകമറിയുന്ന ടെക്‌നോക്രാറ്റ് ഡോ. ഇ ശ്രീധരനെയും ഒഴിവാക്കി വന്‍ അഴിമതിക്ക് അവസരമൊരുക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം.

ഇതിനെതിരെ കടുത്ത ചെറുത്തുനില്‍പ്പാണ് ജനങ്ങള്‍ നടത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യമെട്രോയും പ്രതിരോധത്തിന്റെ പുതുചരിത്രമെഴുതി. നിര്‍മാണം ആരംഭിച്ച ശേഷം ജനങ്ങള്‍ക്ക്  ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. ജീവിതമാര്‍ഗമായ കടമുറികള്‍ നഷ്ടപ്പെട്ടവര്‍, വീടിന്റെ പൂമുഖം വരെ പോയവര്‍, തിരക്കൊഴിഞ്ഞ എംജി റോഡ്, അന്തമില്ലാത്ത ഗതാഗതക്കുരുക്ക്, രാത്രിയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഗതാഗത നിയന്ത്രണം തുടങ്ങി എണ്ണമറ്റ നഷ്ടത്തിനും സഹനത്തിനും മീതെയാണ് മെട്രോയുടെ പ്രയാണം. യാത്രക്കാരുമായി ബന്ധപ്പെട്ട എല്ലാ ചുമതലയും പൂര്‍ണമായി സ്ത്രീകള്‍ നിര്‍വഹിക്കുന്ന ലോകത്തിലെ ആദ്യമെട്രോ എന്ന ഖ്യാതിയും കൊച്ചി മെട്രോ സ്വന്തമാക്കി. കൂടാതെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയതും സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചു.

2019 ജൂണില്‍ മെട്രോ തൈക്കൂടം വരെയെത്തും. നാലു മാസത്തിനുള്ളില്‍ തുടര്‍ന്ന്  പേട്ടയിലേക്കെത്തും. തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിക്കാനുള്ള നടപടികളും പൂര്‍ത്തിയായി വരികയാണ്. രണ്ടാംഘട്ടമായി പാലാരിവട്ടത്തുനിന്ന് ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്‌സിറ്റി വരെ സര്‍വീസ് ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. തീര്‍ന്നില്ല, നെടുമ്പാശേരിയും പശ്ചിമ കൊച്ചിയുമുള്‍പ്പെടെ വിവിധ ഭാഗങ്ങളിലേക്ക് മെട്രോ ട്രെയിന്‍ കുതിച്ചുപായുകയും ഇതിന് അനുബന്ധമായി ജലമെട്രോയും ബസുകളും ഓട്ടോ ടാക്‌സികളും ഇലക്ട്രിക് വാഹനങ്ങളും അടങ്ങുന്ന സംയോജിത ഗതാഗത പദ്ധതിയാണ് നഗരത്തിന് സ്വന്തമാകുന്നത്. ലോകത്തില്‍ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ് കൊച്ചി. നിലവിലുള്ള വളര്‍ച്ചയുടെ തോത് അനുസരിച്ച്, 2030 കളില്‍ നഗരം വടക്ക് ഷൊര്‍ണൂര്‍ വരെയും തെക്ക് കൊല്ലം വരെയും കിഴക്ക് മൂന്നാര്‍ വരെയും വ്യാപിക്കുമെന്നാണ് നഗരാസൂത്രണ വിദഗ്ധര്‍ പറയുന്നത്. നഗര വ്യാപനത്തിന് അനുസരിച്ച് മെട്രോ ട്രെയിനുകള്‍ ഇനിയും കാതങ്ങള്‍ താണ്ടി കുതിക്കും.  ഇതിനു കാത്ത് നാളെയുടെ നഗരവും അവിടത്തെ ജനങ്ങളും.

മെട്രോ... സൂൂൂൂപ്പർ...

മഹാരാജാസ‌് കോളേജ‌് മെട്രോ സ‌്റ്റേഷനിലെത്തിയ കെഎംആർഎൽ എംഡി എ പി എം മുഹമ്മദ‌് ഹനീഷിനു മുന്നിൽ ഇടപ്പള്ളി സ്വദേശി പി വിജയകൃഷ‌്ണൻ ചെറിയൊരു ആവശ്യവുമായെത്തി. ‘കൊച്ചി വൺ കാർഡുള്ള സ്ഥിരംയാത്രക്കാർക്ക‌് പാർക്കിങ‌് ഫീസിൽ ഇളവു നൽകുന്നത‌് പരിഗണിക്കണം. വാഹനങ്ങൾ തിരിച്ചറിയുന്നതിന‌് സ‌്റ്റിക്കറുകൾ വേണം’. ഇത‌് നമുക്ക‌് പരിഗണിക്കാമെന്ന‌് മുഹമ്മദ‌് ഹനീഷിന്റെ മറുപടി.

ട്രെയിനിൽ പോകാനായി എസ‌്കലേറ്ററിൽ  കയറുമ്പോൾ അദ്ദേഹം പറഞ്ഞു. ‘യാത്രക്കാർക്ക‌് ചെറിയ പരാതികൾ മാത്രമേയുള്ളൂ. ഇതിലേറെയും മെട്രോയുടെ നിരക്ക‌ിനെക്കുറിച്ചാണ‌്. ഇന്ത്യയിലെ മറ്റ‌് മെട്രോകളിലെ നിരക്ക‌് ഇതിലും ഏറെയാണ‌്. ഇത‌് അറിയാത്തതുകൊണ്ടാണ‌് പരാതി’﹣ ഒരുവർഷം പിന്നിടുമ്പോൾ മെട്രോയിലെ സൗകര്യങ്ങളെപ്പറ്റി യാത്രക്കാരുടെ പ്രതികരണം അറിയാനെത്തിയതായിരുന്നു അദ്ദേഹം.

മഹാരാജാസ‌് കോളേജ‌് സ‌്റ്റേഷന്റെ പ്ലാറ്റ‌്ഫോമിൽ ഇരമ്പിനിന്ന മെട്രോയിലേക്ക‌് എ പി എം മുഹമ്മദ‌് ഹനീഷ‌് കടന്നപ്പോൾ കെഎംആർഎൽ എംഡിയെ തിരിച്ചറിഞ്ഞ‌് യാത്രക്കാർ എഴുന്നേറ്റു. അവരോട‌് ഇരിക്കാൻ പറഞ്ഞശേഷം മുഹമ്മദ‌് ഹനീഷിന്റെ ചോദ്യം: ‘‘എങ്ങനെയുണ്ട‌് നമ്മുടെ മെട്രോ... നിങ്ങൾ തൃപ‌്തരാണോ..?’’ വളരെ നല്ല സൗകര്യങ്ങളാണ‌് മെട്രോയിൽ ഉള്ളതെന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം. മഞ്ഞപ്ര സ്വദേശിനി ഷൈനി ബേബിക്ക‌് അറിയേണ്ടിയിരുന്നത‌് മെട്രോ എന്ന‌് അങ്കമാലിക്ക‌് എത്തുമെന്നായിരുന്നു. സർവീസ‌് തൃപ്പൂണിത്തുറയ‌്ക്ക‌് നീട്ടുന്നതിനും രണ്ടാംഘട്ടത്തിൽ  ഇൻഫോപാർക്ക‌് സ‌്മാർട്ട‌്സിറ്റിവരെ മെട്രോ എത്തിക്കുന്നതിനുമാണ‌്  അടിയന്തര പരിഗണനയെന്ന‌് എംഡി പറഞ്ഞു. ഫോർട്ട‌്കൊച്ചിയിലേക്കും മെട്രോ വേഗം എത്തിക്കണമെന്ന ആവശ്യവും യാത്രക്കാർ പങ്കുവച്ചു. അത‌ും ക്രമേണ യാഥാർഥ്യമാകുമെന്ന‌് മുഹമ്മദ‌് ഹനീഷിന്റെ മറുപടി.

മെട്രോ കാക്കനാട്ടേയ‌്ക്ക‌് വേഗം എത്തിക്കണമെന്നതായിരുന്നു  കാക്കനാട്ട‌് പാർപ്പുറപ്പിച്ചിരിക്കുന്ന ലക്ഷദ്വീപ‌് സ്വദേശി ഹസൻ മണിക‌്ഫാനിന്റെ ആവശ്യം. മികച്ച സൗകര്യങ്ങളാണ‌് കൊച്ചി മെട്രോയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ടമായി മെട്രോ കാക്കനാട്ടേയ‌്ക്ക‌് നീട്ടും. നിരക്ക‌് കുറച്ചിരുന്നെങ്കിൽ കൂടുതൽ യാത്രക്കാർ മെട്രോയിൽ എത്തുമെന്ന പക്ഷക്കാരനാണ‌് എറണാകുളം സ്വദേശിയും മെട്രോയിലെ സ്ഥിരം യാത്രക്കാരനുമായ ഗണേഷ‌് നായിക‌്. ഇതേ അഭിപ്രായംതന്നെയാണ‌് അങ്കമാലി സ്വദേശി എബി ബാബുവും പ്രകടിപ്പിച്ചത‌്.

മഹാരാജാസ‌്  കോളേജ‌്മുതൽ എംജി റോഡ‌് സ‌്റ്റേഷൻവരെയും തിരിച്ചുമാണ‌് എ പി എം മുഹമ്മദ‌് ഹനീഷ‌് യാത്രചെയ‌്തത‌്. ഒരുവർഷം പിന്നിടുമ്പോൾ പ്രതിമാസ നഷ്ടം പകുതിയോളം കുറയ‌്ക്കാൻ കഴിഞ്ഞതിന്റെയും യാത്രക്കാരുടെ എണ്ണം വർധിച്ചതിന്റെയും ആഹ്ലാദം അദ്ദേഹം മറച്ചുവയ‌്ക്കുന്നില്ല. ‘‘തൃപ്പൂണിത്തുറയ‌്ക്ക‌് സർവീസ‌് നീട്ടുമ്പോൾതന്നെ നമുക്ക‌് കൂടുതൽ യാത്രക്കാരെ ലഭിക്കും. ഇൻഫോ പാർക്കിലേക്കും സ‌്മാർട്ട‌് സിറ്റിയിലേക്കും മെട്രോ എത്തുന്നതോടെ ഒരുലക്ഷത്തോളം യാത്രക്കാരെ അധികമായി ലഭിക്കുമെന്നാണ‌് കണക്കാക്കിയിരിക്കുന്നത‌്. ഇതിന്റെ പകുതി ലഭിച്ചാൽതന്നെ നഷ്ടമില്ലാതെ സർവീസ‌് നടത്തിക്കൊണ്ടുപോകാനാവും. പരസ്യവരുമാനവും വളരെയധികം വർധിച്ചു. നിലവിൽ പ്രതിദിനം 12 ലക്ഷം രൂപയോളമാണ‌് ലഭിക്കുന്നത‌്.’’

സ‌്റ്റേഷനുകളിലെ സ്ഥലം വാണിജ്യാവശ്യത്തിന‌് ഉപയോഗപ്പെടുത്തുന്നതിനായി നിരവധി സ്ഥാപനങ്ങളാണ‌്  ഇപ്പോൾ എത്തുന്നത‌്. കിയോസ‌്ക‌് മാതൃകയിലുള്ളതാണ‌് ഇതിൽ ഏറെയും. മഹാരാജാസ‌് സ‌്റ്റേഷനിൽ ലൈബ്രറി തുറക്കുന്നതിനായി ജസ‌് ബുക‌്സ‌് കെഎംആർഎലിനെ സമീപിച്ചിട്ടുണ്ട‌്. എസ‌്ബിഐ, ബാങ്ക‌് ഓഫ‌് ബറോഡ, യൂണിയൻ ബാങ്ക‌്, കനറ ബാങ്ക‌്, ഫെഡറൽ ബാങ്ക‌് എന്നിവ സ‌്റ്റേഷനുകളിൽ ഉടൻ ശാഖ ആരംഭിക്കും. ഇത‌്   സ‌്റ്റേഷനുകൾ കൂടുതൽ വികസിക്കാനുള്ള സാധ്യത തുറന്നിടുന്നു.

ഇന്ത്യയിലെ ഇതര മെട്രോകളെ അപേക്ഷിച്ച‌് ജനങ്ങൾ ഏറ്റെടുത്ത പദ്ധതിയാണ‌് കൊച്ചി മെട്രോ. നാളെയുടെ നഗരത്തിന‌് ഇത‌് ആവശ്യമാണെന്ന ധാരണ അവർക്കുണ്ടായിരുന്നു. അതിനായി അവർ പരമാവധി സഹകരിച്ചു. നിർമാണസമയത്ത‌് ഉണ്ടായ ബുദ്ധിമുട്ടുകൾ സഹിച്ചു. അങ്ങനെയാണ‌് നമുക്ക‌് ഇത‌് യാഥാർഥ്യമാക്കാൻ കഴിഞ്ഞത‌്. തുടർന്നുള്ള നാളുകളിൽ നഗരത്തിന്റെ മുഖഛായതന്നെ മെട്രോയാകും..
ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 19ന‌് മെട്രോയിൽ സൗജന്യയാത്ര പ്രഖ്യാപിച്ചിട്ടുണ്ട‌്. അന്ന‌് ഉണ്ടാകുന്ന ജനത്തിരക്ക‌് കണക്കിലെടുത്ത‌് സുരക്ഷാ സംവിധാനം ശക്തമാക്കും. ഇതിനായി കൂടുതൽ പൊലീസ‌് സംവിധാനം ഏർപ്പെടുത്തണമെന്ന‌് ഐജിയോട‌് ആവശ്യപ്പെട്ടിട്ടുണ്ടെന്ന‌് മുഹമ്മദ‌് ഹനീഷ‌് പറഞ്ഞു.

19ന് സൗജന്യയാത്ര

മെട്രോയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 19ന് ജനങ്ങള്‍ക്ക്  കെഎംആര്‍എല്‍ സൗജന്യയാത്ര പ്രഖ്യാപിച്ചു. 2017 ജൂണ്‍  19 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ ആഘോഷമായാണ്  'ഫ്രീ റൈഡ് ഡേ'  എന്ന പേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്.  പുലര്‍ച്ചെ ആറിന് സര്‍വീസ് ആരംഭിക്കുന്നതുമുതല്‍ രാത്രി 10ന് അവസാനിക്കുന്നതുവരെ ആര്‍ക്കും മെട്രോയില്‍ എത്രതവണ വേണമെങ്കിലും സൗജന്യമായി യാത്രചെയ്യാം. ഇതുവരെ മെട്രോയില്‍ കയറിയിട്ടില്ലാത്തവര്‍ക്ക് അവസരമൊരുക്കാന്‍ കൂടിയാണിത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top