19 July Friday

കെട്ടിട നിർമ്മാണ അനുമതിക്ക‌്‌ കാലതാമസം: കോർപറേഷൻ ഉദ്യോഗസ്ഥന്‌ സസ‌്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

കൊച്ചി > നിർമാണ അനുമതി ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ അകാരണമായി വെച്ചു താമസിപ്പിച്ചെന്ന പരാതിയെ തുടർന്ന്  കൊച്ചി കോർപറേഷൻ സൂപ്രണ്ടിങ്‌ എൻജിനീയർ സി എം സുലൈമാനെ സർക്കാർ സസ്‌പെന്റു ചെയ്തു. കോർപ്പറേഷനിലെ 67ാം ഡിവിഷനിൽ  വി ഐ ബേബി 21 ന് സമർപ്പിച്ച പരാതിയിലാണ് സർക്കാർ നടപടിയുണ്ടായിരിക്കുന്നത്.

കൊച്ചി നഗരസഭാ പരിധിയിൽ പെടുന്ന  എറണാകുളം വില്ലേജിൽപ്പെട്ട 154/3,155/30 എന്ന സർവേ നമ്പറിൽപെട്ട സ്ഥലത്ത് നിർമാണ അനുമതിക്കായി 2018 ആഗസ്ത് ഒന്നിനാണ് വി ഐ ബേബി അപേക്ഷ സമർപ്പിക്കുന്നത്. എന്നാൽ ഈ അപേക്ഷയിൽ നടപടിയെടുക്കാതെ അകാരണമായി സൂപ്രണ്ടിങ‌് എൻജിനീയർ സി എം സുലൈമാൻ കാലതാമസം വരുത്തുകയായിരുന്നു. 

മുൻസിപാലിറ്റി ബിൽഡിങ‌് ചട്ട പ്രകാരം ഇത്തരം അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നിരിക്കേ ഏകദേശം 10 മാസം കഴിഞ്ഞിട്ടും സൂപ്രണ്ടിങ‌് എൻജിനീയർ  അപേക്ഷ അടങ്ങിയ ഫയൽ കൈവശം വെച്ച് കാല താമസം വരുത്തിയതായി സർക്കാർ നടത്തിയ പരിശോധനയിൽ വ്യക്തമായെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കാലതാമസം വരുത്തിയത് സംബന്ധിച്ച് ബേബി പരാതി നൽകിയതായി അറിഞ്ഞതോടെ ഫയലിൽ തീയതികൾ തിരുത്തിയതായി വ്യക്തമായെന്നും അഡീഷണൽ സെക്രട്ടറി മിനിമോൾ എബ്രാഹാമിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

കോർപറേഷൻ എൻജിനീയറിങ‌് വിഭാഗത്തിന്റെ തലവനും ഉന്നത ഉദ്യോഗസ്ഥനുമായ സി എം സുലൈമാന്റെ നടപടി അഴിമതിയും ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണെന്ന‌് ഉത്തരവിൽ പറയുന്നുണ്ട‌്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്‌പെന്റു ചെയ്തതായും ഉത്തരവിൽ വ്യക്തമാക്കുന്നു. എക്‌സിക്യൂട്ടിവ് എൻജിനീയർ എച്ച് ടൈറ്റസിന് സൂപ്രണ്ടിങ‌് എൻജിനീയറുടെ പുർണമായ അധിക ചുമതല നൽകിയതായും അഡീഷണൽ സെക്രട്ടറി മിനിമോൾ എബ്രാഹം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top