24 October Thursday

ആർദ്രം മിഷനിൽ സ്വകാര്യ മേഖലയെയും ഉൾപ്പെടുത്തും: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

കണ്ണൂർ >   ആരോഗ്യ മേഖലയിൽ സമഗ്രമാറ്റത്തിനു തുടക്കമിട്ട ആർദ്രം മിഷനിൽ സ്വകാര്യ മേഖലയെയും ഉൾപ്പെടുത്തുമെന്ന്‌ മന്ത്രി കെ കെ ശൈലജ. പൊതുജനാരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കുള്ള സ്വകാര്യ മേഖലയിലും കാലാനുസൃത മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു. പ്രൈവറ്റ്‌  ഹോസ്‌പിറ്റൽ ആൻഡ്‌ മെഡിക്കൽ ഷോപ്പ്‌ എംപ്ലോയീസ്‌ യൂണിയന്റെ വിദ്യാർഥികൾക്കുള്ള ക്യാഷ്‌ അവാർഡ്‌ വിതരണം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
   
  പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളെപ്പോലെത്തന്നെ സ്വകാര്യാശുപത്രികളെയും ജനങ്ങൾക്ക്‌ ആശ്രയിക്കേണ്ടിവരും. അവരുടെ സേവനം പകർച്ചവ്യാധി നിയന്ത്രണത്തിൽ നിർണായകമാണ്‌. അതീവ ജാഗ്രതയോടെ കൈകാര്യംചെയ്യേണ്ട രോഗങ്ങൾ സ്വകാര്യാശുപത്രിയിലെത്തുമ്പോൾ ചിലപ്പോൾ പുറംലോകം അറിയാതെ വരും. ഇത്‌ അപകടകരമാണ്‌. ആർദ്രം മിഷന്റെ ഭാഗമായി ഈ ആശുപത്രികളിൽനിന്നുകൂടി റിപ്പോർട്ട്‌ ശേഖരിക്കാനാണ്‌ ആലോചിക്കുന്നത്‌.
   
  നിപാ, പ്രളയം, ഓഖി തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങളും സ്വകാര്യാരോഗ്യ സ്ഥാപനങ്ങളും  ഒറ്റക്കെട്ടായാണ്‌ പ്രവർത്തിച്ചത്‌. സ്ഥാപനങ്ങളുടെ നിലനിൽപ്പിനും അവിടത്തെ ജീവനക്കാരുടെ തൊഴിൽസംരക്ഷണത്തിനും  സ്വകാര്യമേഖലയെ മെച്ചപ്പെടുത്തേണ്ടത്‌ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top